ഒന്നാമതായി മലപ്പുറം നഗരസഭ : ബയോമൈനിംഗ് പദ്ധതി പൂർത്തീകരണ ഘട്ടത്തിലേക്ക്
1585984
Saturday, August 23, 2025 5:39 AM IST
മലപ്പുറം: സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ ലോക ബാങ്കിന്റെയും ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെയും സാന്പത്തിക സഹായത്തോടെ മലപ്പുറം നഗരസഭയിൽ നടപ്പാക്കിയ മാലിന്യ സംസ്കരണ പദ്ധതിയായ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യങ്ങൾ വേർതിരിച്ച് മണ്ണിനെ പൂർവസ്ഥിതിയിലാക്കുന്ന പദ്ധതികൾ മലപ്പുറത്ത് പൂർത്തീകരണ ഘട്ടത്തിലെത്തി.
നാലടി താഴ്ചയിൽ മാലിന്യങ്ങൾ കുഴിച്ചെടുത്ത് വേർതിരിച്ച പ്രക്രിയയിലൂടെ പതിനായിരത്തി എണ്ണൂറ് മെട്രിക് ക്യൂബ് മാലിന്യമാണ് നഗരസഭ വേർതിരിച്ച് ഭൂമിയുടെ യഥാർഥ അവസ്ഥ തിരിച്ചെടുത്തത്. പദ്ധതി പൂർത്തിയായതോടെ 4.5 ഏക്കർ വരുന്ന ഭൂമി നഗരസഭക്ക് മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിക്കാൻ കഴിയുന്ന തരത്തിൽ ഇത് മുഖേന തിരിച്ചുലഭ്യമായി.
സംസ്ഥാനത്താകെ 20 തദ്ദേശ സ്ഥാപനങ്ങളിലാണ് കേരള ഖരമാലിന്യ പരിപാലന പദ്ധതി പ്രകാരം പദ്ധതി നടപ്പാക്കുന്നത്. അതിൽ ഏഴ് സ്ഥലങ്ങളിൽ പ്രവർത്തനങ്ങൾ ആരംഭിച്ചില്ലെങ്കിലും മലപ്പുറം നഗരസഭയിൽ റിക്കാർഡ് വേഗമാണ് പദ്ധതി പൂർത്തിയായത്. ഭൂമിയിൽ ആഴത്തിൽ നിക്ഷേപിക്കപ്പെട്ടിരുന്ന മാലിന്യങ്ങളെ കന്പി, മണൽ, കല്ല് തുടങ്ങി വിവിധയിനങ്ങളായി വേർതിരിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്.
തരംതിരിച്ച മാലിന്യങ്ങളെ സംസ്ഥാനത്തകത്തും പുറത്തുമുള്ള സിമന്റ് നിർമാണ ഫാക്ടറികൾ ഉൾപ്പെടെയുള്ളവയിലേക്കാണ് സർക്കാർ കൈമാറിയത്. ആദ്യഘട്ടത്തിൽ ബയോമൈനിംഗ് പദ്ധതി പൂർത്തീകരിച്ചതിനെ തുടർന്ന് നിലവിൽ കുഴികളും ആഴമുള്ള പ്രദേശങ്ങളുമായി മാറിയ സ്ഥലങ്ങളിൽ വീണ്ടും മണ്ണ് നിറക്കുന്ന എർത്ത് ഫില്ലിംഗ് പദ്ധതിയാണ് ഇപ്പോൾ അന്തിമഘട്ടത്തിലെത്തിയത്.
രണ്ടാഴ്ചക്കകം പദ്ധതി പൂർണമായും പൂർത്തിയാകും. പദ്ധതിയുടെ അവസാനഘട്ടമായ ബയോ എർത്ത് പദ്ധതിയുടെ ഫ്ളാഗ് ഓഫ് നഗരസഭ ചെയർമാൻ മുജീബ് കാടേരി നിർവഹിച്ചു. കൗണ്സിലർ ശിഹാബ് മൊടയങ്ങാടൻ അധ്യക്ഷത വഹിച്ചു.
കെ.കെ. ഉമ്മർ, മൻസൂർ അലി പെരിക്കാത്ര, ഡെപ്യൂട്ടി ഡിസ്ട്രിക് കോ ഓർഡിനേറ്റർ എൽ.ദേവിക, സോഷ്യൽ എക്സ്പോർട്ട് വിനോദ് കുമാർ, കഐസ്ഡബ്ലിയുഎംപി എൻജിനീയർമാരായ വിഷ്ണു ചന്ദ്രശേഖർ, നസീഫു റഹ്മാൻ, കെ. വിഷ്ണു, സഹദ് തുടങ്ങിയവർ പ്രസംഗിച്ചു.