നിലന്പൂരിൽ കെഎസ്ഇബി സുരക്ഷാ കമ്മിറ്റി രൂപീകരിച്ചു
1585994
Saturday, August 23, 2025 5:43 AM IST
നിലന്പൂർ:കെഎസ്ഇബിയുടെ നേതൃത്വത്തിൽ നിലന്പൂർ മണ്ഡലം സുരക്ഷാ കമ്മിറ്റി രൂപീകരിച്ചു. നിലന്പൂർ ടിബിയിൽ ചേർന്ന യോഗം ആര്യാടൻ ഷൗക്കത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു.
വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ വൈദ്യുത അപകടങ്ങൾ കുറക്കാനും സുരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്താനുമാണ് സുരക്ഷാ കമ്മിറ്റി രൂപീകരിച്ചത്.
എംഎൽഎ ചെയർമാനും കെഎസ്ഇബി ഡിവിഷൻ എക്സികുട്ടീവ് എൻജിനീയർ കണ്വീനറുമായുള്ള കമ്മിറ്റിയിൽ തഹസിൽദാർ, പോലീസ്, ഫയർ, വനം വകുപ്പ് പ്രതിനിധികളും നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് അധ്യക്ഷൻമാരും അംഗങ്ങളാണ്. പഞ്ചായത്ത്, വാർഡ് തല ജാഗ്രതാ സമിതികളും മണ്ഡലം സുരക്ഷാ കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കും. അവയുടെ മേൽനോട്ടവും സുരക്ഷാ കമ്മിറ്റിയുടെ ചുമതലയാണ്.
നിലന്പൂർ മണ്ഡലത്തിൽ കെഎസ്ഇബിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുമെന്ന് ആര്യാടൻ ഷൗക്കത്ത് എംഎൽഎ പറഞ്ഞു.
ജില്ലയിടെ വിവിധ ഭാഗങ്ങളിലുള്ള വൈദ്യുതി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രഖ്യാപിച്ച മലപ്പുറം പാക്കേജ്, ദ്യുതി, കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന ആർഡിഎസ്എസ് തുടങ്ങിയ പദ്ധതികൾ ഫലപ്രദമായി നടപ്പാക്കാൻ ശ്രമിക്കും. വോൾട്ടേജ് കുറവ്, ത്രീഫേസ് ലൈൻ ആക്കൽ, ട്രാൻസ്ഫോർമർ സ്ഥാപിക്കൽ തുടങ്ങിയവ പരിഹരിക്കും. അതിനായി മാസറ്റർ പ്ലാൻ തയാറാക്കുമെന്നും എംഎൽഎ പറഞ്ഞു.
യോഗത്തിൽ നിലന്പൂർ സബ് ഡിവിഷൻ എക്സികുട്ടീവ് എൻജിനിയർ നിഷാ ബാൻ അധ്യക്ഷത വഹിച്ചു. നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി, കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ അഞ്ചേരിയൻ, വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ നെടുന്പാടി, നിലന്പൂർ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സികുട്ടീവ് എൻജിനിയർ കെ. രാജീവ്, എ. ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു.