ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് നൽകി
1585992
Saturday, August 23, 2025 5:43 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭ ഇതര സംസ്ഥാന തൊഴിലാളികൾക്ക് സ്ക്രീനിംഗ് ക്യാന്പ് നടത്തി ഹെൽത്ത് കാർഡ് വിതരണം ചെയ്തു.
നഗരസഭാ ഷോപ്പിംഗ് കോംപ്ലക്സ് പരിസരത്ത് നടന്ന ക്യാന്പ് ചെയർമാൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. നഗരസഭയിൽ ജോലി ആവശ്യാർഥം എത്തുന്ന തൊഴിലാളികൾ താമസിക്കുന്ന പരിസരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ശുചിത്വ കുറവുകൾ രോഗങ്ങൾ ഉണ്ടാക്കുമെന്ന് കണ്ടാണ് ആരോഗ്യവകുപ്പുമായി ചേർന്ന് നഗരസഭ സ്ക്രീനിംഗ് ക്യാന്പ് നടത്തി ഹെൽത്ത് കാർഡ് നൽകുന്നത്.
തൊഴിലാളികൾ ജോലി ചെയ്യുന്നിടത്തെയും താമസിക്കുന്നിടത്തെയും ഉടമകളുമായി നേരത്തെ നഗരസഭ ചർച്ച നടത്തി ക്രമീകരണങ്ങൾക്കായി നിർദേശം നൽകിയിരുന്നു. ലെപ്രസി, മലേറിയ, എച്ച്ഐവി എന്നി രോഗങ്ങളുടെ സ്ക്രീനിംഗ് ക്യാന്പാണ് നടന്നത്.
ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.ഷെരീഫ, ജില്ലാ ആശുപത്രി പീഡിയാട്രീഷ്യൻ ഡോ.ഡാലിയ, ഡോ.അക്ഷയ്, അസിസ്റ്റ് ലേബർ ഓഫീസർ ഫർഹത്ത്, ഹെൽത്ത് സൂപ്പർവൈസർ ഇൻചാർജ് അഭിലാഷ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി. രാജീവൻ, ഫൈസൽ, ഡീനു, സിദീഖ്്, സെന്തിൽകുമാർ എന്നിവർ ക്യാന്പിന് നേതൃത്വം നൽകി.