കരുവാരക്കുണ്ടിൽ മൊബൈൽ ടവറിനെതിരേ നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്
1585990
Saturday, August 23, 2025 5:39 AM IST
കരുവാരകുണ്ട്: പുതിയ മൊബൈൽ ടവർ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ പ്രക്ഷോഭവുമായി രംഗത്ത്. 16 മൊബൈൽ ടവറുകളുള്ള കരുവാരകുണ്ടിലാണ് പുതിയ മൊബൈൽ ടവർ സ്ഥാപിക്കാനുള്ള നീക്കം നടക്കുന്നത്. വിദ്യാലയങ്ങൾക്കും ആശുപത്രിക്കും സമീപമാണ് മൊബൈൽ ടവർ നിർമിക്കുന്നത്. ഹൈസ്കൂൾ റോഡിൽ പോലീസ് സ്റ്റേഷന് സമീപം സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് ടവർ നിർമാണം.
മുവായിരത്തിരത്തിൽപരം വിദ്യാർഥികൾ പഠിക്കുന്ന ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ, നളന്ദ, കോർദോവ, ആൽഫബെറ്റ് കോളജുകൾ, സാമൂഹ്യ ആരോഗ്യ കേന്ദ്രം എന്നിവയെല്ലാം നിർദിഷ്ട മൊബൈൽ ടവറിന്റെ 300 മീറ്റർ ചുറ്റളവിലാണുള്ളത്. തൊട്ടടുത്ത് ധാരാളം വീടുകളുമുണ്ട്. പ്രതിഷേധം കാരണം ടവർ മാറ്റി സ്ഥാപിക്കണമെന്ന് ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടെങ്കിലും കന്പനി തയാറായിട്ടില്ലത്രെ. ഈ സാഹചര്യത്തിലാണ് നാട്ടുകാർ പ്രക്ഷോഭവുമായി രംഗത്ത് വരുന്നത്. ഹംസ സുബ്ഹാൻ ചെയർമാനും ടി.കെ.ഉമ്മർ ജനറൽ കണ്‍വീനറുമായി ആക്ഷൻ കൗണ്‍സിൽ രൂപീകരിച്ചു.
ഇന്ന് ഉപവാസ സമരവും പ്രതിഷേധയോഗവും നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. സി.എം. സൈതലവി, എ.പി.ഗോപിനാഥൻ, സി.എച്ച്. സീനിമോൻ, ജസ്ന ഉബൈദ്, അഭിലാഷ് തോമസ് പ്രസംഗിച്ചു.