സ്കൂളിന് മുന്നിൽ ശുചിമുറി മാലിന്യം തള്ളിയ ലോറി പിടികൂടി
1594049
Tuesday, September 23, 2025 7:04 AM IST
താമരശേരി: സ്കൂളിന് മുന്നിൽ ശുചി മുറി മാലിന്യം തള്ളിയ ടാങ്കർ ലോറി താമരശേരി പോലീസ് പിടികൂടി. ഇന്നലെ പുലർച്ചെയാണ് മാലിന്യം തള്ളിയത്. ഒറ്റനോട്ടത്തിൽ ഇന്ധനം കൊണ്ടു പോകുന്ന ലോറിയാണെന്ന് തെറ്റിധരിപ്പിക്കുന്ന രൂപത്തിൽ പെയിന്റ് ചെയ്ത ലോറിയിലാണ് മാലിന്യം എത്തിച്ച് തള്ളിയത്. ലോറിയുടെ വശങ്ങളിൽ എഴുതിയ നമ്പർ മായ്ച്ച നിലയിലാണ്.
മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരായ യുവാക്കളെ മർദ്ദിച്ച ശേഷം സ്ഥലത്തു നിന്നും കടന്നുകളഞ്ഞിരുന്നെങ്കിലും, ലോറിയുടെ പിന്നിലെ നമ്പർ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ലോറി കണ്ടെത്തിയത്. പുതുപ്പാടി പെരുമ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി. ലോറി കസ്റ്റഡിയിൽ എടുത്തെങ്കിലും ലോറിയിൽ ഉണ്ടായിരുന്ന ജീവനക്കാരെ പിടികൂടാൻ സാധിച്ചിട്ടില്ല. പിടികൂടിയ ലോറി അടിവാരം പോലീസ് ഔട്ട് പോസ്റ്റ് യാർഡിലേക്ക് മാറ്റി. താമരശേരി ഗവ. വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ഐഎച്ച്ആർഡി കോളജ്, കോരങ്ങാട് ഗവ. എൽപി സ്കൂൾ എന്നിവയുടെ മുന്നിലായിരുന്നു മാലിന്യം ഒഴുക്കിയത്.