അമീബിക് മസ്തിഷ്കജ്വരം: കേന്ദ്ര സംഘത്തെ അയയ്ക്കണമെന്ന് എം.കെ. രാഘവന് എംപി
1594160
Wednesday, September 24, 2025 5:09 AM IST
കോഴിക്കോട്: കോഴിക്കോടുള്‍പ്പെടെ കേരളത്തിലെ പല ജില്ലകളിലും അമീബിക് മസ്തിഷ്ക ജ്വരം തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ രോഗവ്യാപനത്തിന്റെ കാരണത്തെ കുറിച്ച് പഠിക്കാന്‍ കേന്ദ്ര വിദഗ്ധ കേന്ദ്ര സംഘത്തെ അയയ്ക്കണമെന്ന് എം.കെ. രാഘവന് എംപി കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദയോട് ആവശ്യപ്പെട്ടു.
ഔദ്യോഗിക കണക്ക് പ്രകാരം സംസ്ഥാനത്ത് ഇതുവരെ 21 പേര്‍ക്കാണ് ജീവന് നഷ്ടമായത്. രോഗം തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴും കാരണം കണ്ടെത്താന്‍ കേരളത്തിന് സാധിക്കുന്നില്ലെന്നും ഈ സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ വിദഗ്ധരുടെ സഹായം അനിവാര്യമാണെന്നും എം.കെ. രാഘവന് എംപി ജെ.പി. നദ്ദയ്ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.
കോഴിക്കോടും സമീപ ജില്ലകളിലുമാണ് രോഗം കൂടുതലായ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇപ്പോഴത്തെ രോഗ വ്യാപനത്തിന് വ്യക്തമായ കാരണം മനസിലാക്കാന്‍ സാധിക്കാത്തത് പൊതുജനങ്ങളില്‍ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രോഗ വ്യാപനത്തിന് കാരണവും രോഗ വ്യാപനത്തെ സ്വാധീനിക്കുന്ന പാരിസ്ഥിതിക സാഹചര്യങ്ങളെ കുറിച്ചും സമഗ്രമായ ഒരു പഠനം നടത്തേണ്ടത് അത്യാവശ്യമാണ്.
സംസ്ഥാന ആരോഗ്യ വകുപ്പുമായി സഹകരിച്ച് രോഗനിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തണമെന്നും ബാധിത ജില്ലകളില്‍ വേഗത്തിലുള്ള രോഗനിര്‍ണയ സൗകര്യങ്ങള്‍ സ്ഥാപിക്കണമെന്നും എം പി ആവശ്യപ്പെട്ടു. ഗ്രാമീണ മേഖലകളില്‍ സുരക്ഷിതമായ ജല ഉപയോഗത്തെക്കുറിച്ചും ശുചിത്വ ശീലങ്ങളെക്കുറിച്ചും പൊതുജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെടുന്നത് തടയുന്നതിനും വിഷയത്തില്‍ എത്രയും വേഗം ഇടപെടണമെന്നും എം.കെ. രാഘവന് കേന്ദ്രമന്ത്രിയോട് അഭ്യര്‍ഥിച്ചു.