കാട്ടുപന്നികളെ കൊല്ലാൻ നടപടിയില്ല പ്രതിഷേധവുമായി കർഷകർ നഗരസഭയിൽ
1594843
Friday, September 26, 2025 4:34 AM IST
മുക്കം: കാട്ടു പന്നികളെ വെടിവച്ച് കൊല്ലാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിട്ടും മുക്കം നഗരസഭാധികൃതർ അനാസ്ഥ തുടരുന്ന സാഹചര്യത്തിൽ കർഷകർ പ്രതിഷേധവുമായി നഗരസഭ ഓഫീസിലെത്തി. മുക്കത്ത് നടന്ന യോഗത്തിന് ശേഷം നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തുകയായിരുന്നു.
സർക്കാർ ഉത്തരവ് പ്രകാരം ഒരാഴ്ചമുമ്പ് നഗരസഭാ അധികൃതരും കർഷകരും എം പാനൽ ഷൂട്ടർമാരും യോഗം ചേരുകയും കാട്ടുപന്നികളെ നായാട്ട് നടത്തി വെടിവെക്കാനുള്ള അനുമതി വാങ്ങാൻ ജില്ലാ കളക്ടർക്ക് അപേക്ഷ നൽകാനും തീരുമാനിച്ചിരുന്നു.
എന്നാൽ ഒരാഴ്ച്ച കഴിഞ്ഞിട്ടും ജില്ലാ കളക്ടർക്ക് അപേക്ഷ നൽകുകയോ മറ്റ് നടപടികൾ സ്വീകരിക്കുകയോ ചെയ്തില്ല. തൊട്ടടുത്തുള്ള കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലടക്കം നിരവധി തവണ നായാട്ട് നടത്തി പന്നികളെ പിടികൂടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കർഷകർ പ്രതിഷേധവുമായി നഗരസഭയിൽ എത്തിയത്.
മാസങ്ങളായി കർഷകർ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരമാവശ്യപ്പെട്ട് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൽ മജീദ് ഫെബ്രുവരി 17 ന് നടന്ന ഭരണ സമിതി യോഗത്തിൽ വിഷയം ഉന്നയിക്കുകയും കാട്ടുപന്നികളെ വെടിവെക്കാനാവശ്യമായ നടപടി സ്വീകരിക്കാൻ തീരുമാനമെടുക്കുകയും ചെയ്തിരുന്നു.
ഈ തീരുമാനവും ഏഴ് മാസമായി ഫയലിൽ ഉറങ്ങുകയാണ്. മുക്കം സഹകരണ ബാങ്ക് പരിസരത്തുനിന്നും പ്രകടനവുമായി നഗരസഭയിൽ എത്തിയ കർഷകർ സെക്രട്ടറിയുടെ റൂമിലെത്തിയാണ് പ്രതിഷേധിച്ചത്.
പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ തങ്ങൾ പിരിഞ്ഞ് പോവുകയില്ലെന്ന് നിലപാട് എടുത്തതോടെ സെക്രട്ടറി നഗരസഭ വൈസ് ചെയർപേഴ്സനുമായി ചർച്ച നടത്തുകയും ഈ 30 നകം പ്രശ്നത്തിന് പരിഹാരം കാണാമെന്ന് ഉറപ്പ് നൽകുകയുമായിരുന്നു. ഇതോടെയാണ് കർഷകർ പ്രതിഷേധം അവസാനിപ്പിച്ച് പിരിഞ്ഞുപോയത്.