വയനാട് പുനരധിവാസ പദ്ധതിയില്‍ പ്രതിസന്ധിയില്ലെന്ന് മുസ്ലിം ലീഗ്
1594158
Wednesday, September 24, 2025 5:09 AM IST
കോഴിക്കോട്: മുസ്ലിം ലീഗിന്റെ വയനാട് പുനരധിവാസ പദ്ധതിയില്‍ പ്രതിസന്ധി ഇല്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ. സലാം. സ്റ്റോപ്പ് മെമ്മോ ചില മാധ്യമങ്ങളുടെ സൃഷ്ടിയാണ്. ലീഗിന് യാതൊരു മെമ്മോയും കിട്ടിയിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
മരം മുറിച്ച ആര്‍ക്കെങ്കിലും മെമ്മോ കിട്ടിയിട്ടുണ്ടോ എന്നറിയില്ല. പാവപ്പെട്ട ദുരന്തബാധിതരുടെ സഹായം തടസപ്പെടുത്താനാണ് നീക്കം. രാഷ്ട്രീയ ദുഷ്ട ലാക്കോടുകൂടിയാണ് ചിലരുടെ പ്രവര്‍ത്തനം. ഈ നീക്കത്തിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട്. പറഞ്ഞ സമയത്ത് പറഞ്ഞതുപോലെ ലീഗ് പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എസ്ഐആര്‍ നീട്ടിവയ്ക്കണമെന്ന് കേരളത്തിലെ മതനിരപേക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി ഒഴികെയുള്ള രാഷ്ട്രീയപാര്‍ട്ടികളാണ് നീട്ടിവയ്ക്കണമെന്ന നിലപാടെടുത്തത്.
ഈ വിഷയത്തില്‍ യോജിച്ച പ്രക്ഷോഭം ആലോചിക്കാവുന്നതാണ്. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് പറയുന്നത് ലീഗിനുവേണ്ടി തന്നെയാണെന്ന് സലാം പറഞ്ഞു. ഫിറോസിന്റേത് വ്യക്തിപരമായ അഭിപ്രായമല്ല.
ലീഗ് ഒരിക്കല്‍ നിയമസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചിട്ടുണ്ട്. മലയാള സര്‍വകലാശാലയ്ക്ക് ഭൂമി ഏറ്റെടുത്തതില്‍ കെ.ടി. ജലീല്‍ അഴിമതി നടത്തിയ കാര്യം ലീഗ് നിയമസഭയില്‍ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.