കാരശേരി പഞ്ചായത്തിലെ വോട്ടര്‍പട്ടികയിൽ വ്യാപക ക്രമക്കേടുകള്‍
1594174
Wednesday, September 24, 2025 5:35 AM IST
ഒരു വാര്‍ഡില്‍ നിന്ന് ഒറ്റയടിക്ക് പുറത്തായത് 116 പേര്
മുക്കം: അശാസ്ത്രീയമായ വാര്‍ഡ് വിഭജനത്തിനുപിന്നാലെ കാരശ്ശേരി പഞ്ചായത്തില്‍ വോട്ടര്‍ പട്ടികയിലും വ്യാപകമായ ക്രമക്കേടുകള്‍. ഒരു വാര്‍ഡില്‍ പുതുതായി അപേക്ഷ നല്കി ഹിയറിംഗ് ഉള്‍പ്പടെ നടപടികളെല്ലാം പൂര്‍ത്തിയാക്കിയ 116 പേര് പുതിയ പട്ടികയില്‍ വന്നില്ല. മറ്റൊരു വാര്‍ഡിലാകട്ടെ 230 ല്‍ അധികം വോട്ടര്‍മാരെ മറ്റൊരു വാര്‍ഡിലേക്ക് മാറ്റുകയും ചെയ്തു. വ്യാപകമായ അട്ടിമറിക്കു പിന്നില്‍ സിപിഎം ആണെന്ന് യുഡിഎഫ് ആരോപിച്ചു.
കാരശേരി പഞ്ചായത്തിലെ 13-ാം വാര്‍ഡ് നെല്ലിക്കാപ്പറമ്പിലാണ് ഒരു വാര്‍ഡില്‍ നിന്നു മാത്രം 116 പേര് ഒറ്റയടിക്ക് പുറത്തായത്. നേരത്തേ പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തതിനെ തുടര്‍ന്ന് പുതുതായി പേര് ചേര്‍ക്കാന്‍ അപേക്ഷ നല്കിയവരാണിവര്. പക്ഷേ സെപ്തംബര്‍ രണ്ടിന് പ്രസിദ്ധീകരിച്ച പട്ടികയിലും ഇവര്‍ക്ക് വോട്ടില്ല. അന്നു തുടങ്ങി പഞ്ചായത്ത് ഓഫീസിലും കളക്ട്രേറ്റിലും മറ്റും പരാതിയുമായി കയറിയിറങ്ങുകയാണിവര്‍.
ഗ്രാമപഞ്ചായത്ത് ആസ്തി രജിസ്റ്ററിലെ വാര്‍ഡ് അതിരുകള്‍ ലംഘിച്ച് ആനയാംകുന്ന് വെസ്റ്റ്, ഇരുപതാം വാര്‍ഡില്‍നിന്ന് ഇരുനൂറ്റിമുപ്പത്തിരണ്ട് വോട്ടര്‍മാരെ മുരിങ്ങംമ്പുറായ് പത്തൊന്‍പതാം വാര്‍ഡിലേയ്ക്ക് മാറ്റിയതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
ബൂത്തില്‍ 1200 വോട്ടര്‍മാരില്‍ കൂടുതല്‍ പാടില്ല എന്ന മാനദണ്ഡമെല്ലാം മറി കടന്നുള്ള ചട്ടലംഘനവും കൂടിയാണ് ഇവിടെ നടന്നിരിക്കുന്നതെന്നും യുഡിഎഫ് ആരോപിക്കുന്നു. ഒരു ബൂത്തുള്ള വാര്‍ഡിലേക്കാണ് രണ്ട് ബൂത്തുള്ള വാര്‍ഡില്‍നിന്ന് ഇരുനൂറ്റി മുപ്പതുപേരെ മാറ്റിയത്. അതോടെ ഒരു ബൂത്തിലെ വോട്ടര്‍മാരുടെ എണ്ണം 1500 ല്‍ കൂടുതലായതായും പരാതിക്കാര്‍ ചൂണ്ടിക്കാട്ടി.
കാരശേരി പഞ്ചായത്തിലെ വാര്‍ഡ് വിഭജനത്തിലും വോട്ടര്‍ പട്ടികയിലും സംഭവിച്ച വ്യാപകമായ ക്രമക്കേടുകള്‍ക്ക് കാരണം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സിപിഎമ്മിന്റെ ചട്ടുകങ്ങളായി മാറിയതാണെന്ന് യുഡിഎഫ് ആരോപിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ക്കും ഇലക്ടറല്‍ റജിസ്ട്രാര്‍ ഓഫീസര്‍ക്കും പരാതി നല്‍കിയതായും ഇവര്‍ പറഞ്ഞു.