ബീച്ച് ഫുഡ് സ്ട്രീറ്റ് നറുക്കെടുപ്പ് വിവാദത്തില്‍
1594159
Wednesday, September 24, 2025 5:09 AM IST
കോഴിക്കോട്: ബിച്ച് ഫുഡ് സ്ട്രീറ്റില്‍ കച്ചവടക്കാര്‍ക്ക് ഉന്തുവണ്ടി വയ്ക്കുന്നതിന് നടത്തിയ നറുക്കെടുപ്പ് സംബന്ധിച്ച് വിവാദം പുകയുന്നു. നറുക്കെടുപ്പ് വ്യവസ്ഥാപിത മാര്‍ഗത്തിലൂടെയല്ല നടന്നതെന്ന് എസ്ടിയു സിറ്റി കമ്മിറ്റി ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് എസ്ടിയു സിറ്റി കമ്മിറ്റി മേയര്‍, കോര്പറേഷന് സെക്രട്ടറി എന്നിവര്‍ക്ക് നിവേദനം നല്കി.
നറുക്കെടുപ്പ് വിവരം യഥാസമയം അറിയിച്ചില്ലെന്നാണ് എസ്ടിയു നേതാക്കളുടെ പരാതി. കച്ചവടക്കാരുടെ സൗകര്യം നോക്കി നറുക്കെടുപ്പ് നടത്താമെന്ന് സെക്രട്ടറി അറിയിച്ചതായി എസ്ടിയു സ്ട്രീറ്റ് വെന്ഡേയ്സ് യൂണിയര്‍ സിറ്റി പ്രസിഡന്റ് ഫൈസല്‍ പള്ളിക്കണ്ടി പറഞ്ഞു. കോര്പറേഷന് വെന്‍ഡിംഗ് കമ്മിറ്റിയില്‍ എസ്ടിയു പ്രതിനിധിയില്ലാത്തതിനാല്‍ നറുക്കെടുക്കാന് തീരുമാനിച്ച വിവരം നറുക്കെടുപ്പിന് തലേ ദിവസം രാത്രിയിലാണ് കോര്പറേഷന് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
ഇത്കാരണം മുഴുവന്‍ കച്ചവടക്കാര്‍ക്കും എത്തിച്ചേരാന്‍ സാധിക്കാത്ത സാഹചര്യമായതിനാലാണ് യൂണിയന് നറുക്കെടുപ്പ് ബഹിഷ്കരിച്ചത്. വണ്ടികള്‍ മുഴുവനായും എത്തിച്ചേർന്നിരുന്നില്ല. ലൊക്കേഷന്‍ അനുസരിച്ച് വണ്ടികള്‍ക്ക് നമ്പര്‍ നല്കുന്ന പ്രവൃത്തിയും നടത്തിയിട്ടില്ല. കച്ചവടക്കാര്‍ക്ക് അനുകൂല സമീപനം ഉണ്ടാകാത്ത പക്ഷം ഉദ്ഘാടനം ഉള്‍പ്പെടെയുള്ള പരിപാടികളില്‍ നിന്ന് യൂണിയന് വിട്ടുനില്‍ക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
90 തട്ടുകടകളാണ് ബീച്ചില്‍ സ്ഥാപിക്കുന്നത്. ഇതില്‍ 60 എണ്ണം സ്ഥാപിച്ചു. നറുക്കെടുപ്പില്‍ 25 തട്ടുകടക്കാര്‍ക്ക് മാത്രമാണ് അവസരം കിട്ടിയതെന്നാണ് പരാതി. പൊതുമേഖലാ സ്ഥാപനമായ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ആണ് ഒരേ രൂപത്തില്‍ വിവിധ വര്‍ണങ്ങളില്‍ തട്ടുകടകള്‍ നിര്‍മിച്ചത്. ഡി എര്‍ത്ത് എന്ന കമ്പനിയാണ് വാഹനം ഡിസൈന്‍ ചെയ്തത്.
കോര്പറേഷന് സാമൂഹ്യക്ഷേമ സ്ഥിരംസമിതിയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സഞ്ചാരികള്‍ ഇവിടെയെത്തുന്നുണ്ട്. അവര്‍ക്കെല്ലാം മനസറിഞ്ഞ് സന്തോഷത്തോടെ ഭക്ഷണം കഴിക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. നഗരത്തില്‍ 2812 ഉന്തുവണ്ടി കച്ചവടക്കാരാണ് ഉള്ളത്. ഇതില്‍ 90 പേര്‍ക്കാണ് ബീച്ചില്‍ സൗകര്യം നല്‍കുന്നത്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നാല് ഫുഡ് സ്ട്രീറ്റുകളില്‍ ഒന്നാണിത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതായിരിക്കും തട്ടുകടകള്‍.
ദക്ഷിണേന്ത്യയിലെയും ഉത്തരേന്ത്യയിലേയും വിദേശ രാജ്യങ്ങളിലെയും വിഭവങ്ങള്‍ ലഭ്യമാകും. കടകള്‍ക്ക് ആവശ്യമായ ശുദ്ധജലം, വൈദ്യുതി, അലങ്കാരവിളക്കുകള്‍, കടകള്‍ സ്ഥാപിക്കാനുള്ള അടിത്തറ എന്നിവയെല്ലാം കോര്‍പറേഷനാണ് സ്ഥാപിക്കുന്നത്. നാലുകോടി രൂപ ഇതിനായി ചെലവഴിച്ചു. തട്ടുകട നടത്തുന്ന കച്ചവടക്കാര്‍ ഓരോരുത്തരും മൂന്നു ലക്ഷം രൂപ മുടക്കിയിട്ടുണ്ട്.