പയ്യോളിയിൽ സർവീസ് റോഡിൽ വാഹനങ്ങൾ കുടുങ്ങി: വൻ ഗതാഗതക്കുരുക്ക്
1594169
Wednesday, September 24, 2025 5:35 AM IST
പയ്യോളി: ദേശീയപാതയിൽ കോഴിക്കോട് ഭാഗത്തേക്കുള്ള സർവീസ് റോഡിൽ വാഹനങ്ങൾ കുടുങ്ങിയതിനെ തുടർന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള റോഡിൽ വൻ ഗതാഗത കുരുക്ക്.
ഇന്നലെ അതിരാവിലെയാണ് മരവുമായി വന്ന ലോറി പയ്യോളി ടൗണിന് സമീപം ശുഭ ഹോസ്പിറ്റലിന് അടുത്തായി സർവീസ് റോഡിൽ കുടുങ്ങിയത്. ഇതിനെ തുടർന്ന് അയനിക്കാട് വരെ വാഹനങ്ങളുടെ നീണ്ട ക്യൂവായിരുന്നു.
പിന്നീട് സംഭവസ്ഥലത്ത് ക്രെയിൻ എത്തിച്ചാണ് ലോറി നീക്കിയത്. പിന്നീട് ഇതേ സ്ഥലത്ത് ഒരു കാർ കൂടി കുഴിയിൽ താണു. മറ്റൊരു വാഹനത്തിന്റെ സഹായത്തോടെ കെട്ടിവലിച്ചാണ് കാർ നീക്കിയത്. ഇതോടെ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പയ്യോളിയിൽ നിന്ന് വഴി മാറി പല വഴിയിലൂടെ പോവേണ്ടിവന്നു. പല വാഹനങ്ങളും മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡിലൂടെ ആണ് പിന്നീട് കടന്നുപോയത്.
ദേശീയപാത നിർമ്മാണം വേഗത്തിൽ ആക്കാൻ വേണ്ടി സർവീസ് റോഡുകളുടെ പണി കഴിഞ്ഞ ദിവസങ്ങളിൽ പലയിടത്തും നടത്തിയിരുന്നു. എന്നാൽ ഒരു വർഷത്തിലേറെയായി തകരാറിലുള്ള പയ്യോളി ടൗണിനോട് ചേർന്ന ഭാഗം ഇതുവരെ പൂർത്തീകരിക്കാത്തതാണ് മഴ പെയ്യുമ്പോൾ ഉണ്ടാകുന്ന ഈ യാത്ര ദുരിതത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.