കൂരാച്ചുണ്ടിൽ കർഷക കുടുംബങ്ങൾ നിരാഹാര സത്യഗ്രഹ സമരം ആരംഭിച്ചു
1594847
Friday, September 26, 2025 4:34 AM IST
കൂരാച്ചുണ്ട്: വന്യമൃഗ നിയമ ഭേദഗതി ബിൽ സംസ്ഥാന സർക്കാരിന്റെ തട്ടിപ്പാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ പറഞ്ഞു. കൂരാച്ചുണ്ട്, കാന്തലാട് വില്ലേജുകളിലെ കർഷകർക്ക് ഭൂനികുതിയും, തണ്ടപ്പേർ അടക്കമുള്ള റവന്യൂ രേഖകൾ ലഭിക്കാത്തതിനെതിരേ കർഷക കുടുംബങ്ങൾ കൂരാച്ചുണ്ട് വില്ലേജ് ഓഫീസിന് മുൻപിൽ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനവുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും പാസാക്കിയത് പാർലമെന്റിലാണ്. അതു നിലനിൽക്കേ എങ്ങനെയാണ് സംസ്ഥാന സർക്കാറിന് ഇവിടെ വന്യമൃഗ നിയമ ഭേദഗതി നിയമം പാസാക്കാൻ സാധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
നീതി കിട്ടുന്നതിനുവേണ്ടിയുള്ള ഈ സമരത്തിനൊപ്പം കോൺഗ്രസ് ഉണ്ടാകുമെന്നും അടിയന്തരമായി ഇതിന് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഘാടകസമിതി കൺവീനർ കുര്യൻ ചെമ്പനാനി അധ്യക്ഷത വഹിച്ചു. കൂരാച്ചുണ്ട് ഫൊറോന വികാരി ഫാ. വിൻസെന്റ് കണ്ടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദ്, കെപിസിസി ജനറൽ സെക്രട്ടറി കെ. രാമചന്ദ്രൻ, ഡിസിസി സെക്രട്ടറി ബാബു പൈക്കാട്ടിൽ, മുൻ ജില്ലാ പഞ്ചായത്തംഗം കാവിൽ പി. മാധവൻ, തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് ഭാരവാഹി മുഹമ്മദ് വട്ടപ്പറമ്പിൽ, മനോജ് സെബാസ്റ്റ്യൻ വാഴേപ്പറമ്പിൽ, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ടുമല, ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് അംഗം ജിതേഷ് മുതുകാട്,
സജി കൊച്ചുപ്ലാക്കൽ, കോടഞ്ചേരി പഞ്ചായത്ത് സ്ഥിരം സമിതി അംഗം ജോസ്കുട്ടി കോടഞ്ചേരി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസ് വെളിയത്ത്, സൂപ്പി തെരുവത്ത്, ഷാജു മുണ്ടൻതാനത്ത്, ആൻഡ്രൂസ് കട്ടിക്കാന, ബേബി തേക്കാനം സംഘാടകസമിതി ചെയർമാൻ സണ്ണി പാരഡൈസ് എന്നിവർ പ്രസംഗിച്ചു.