എന്തൊരു വിധിയിത് ! ജീവനുണ്ടെന്ന് തെളിയിക്കാന്‍ ചായസല്‍ക്കാരത്തില്‍ പങ്കെടുത്ത് 12 ‘പരേതര്‍'
1594615
Thursday, September 25, 2025 5:24 AM IST
കോഴിക്കോട്: ‘മരണമടഞ്ഞ' ആ 12 പേരും എത്തി. ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് നാട്ടുകാര്‍ക്കൊപ്പം ചായയും പലഹാരവും കഴിച്ചു. പരേതരെ ആരും ആഭിചാര കര്മങ്ങളിലൂടെ വിളിച്ചു വരുത്തിയതല്ല. ജീവിച്ചിരിക്കുന്ന തങ്ങളെ പരേതരാക്കിയതിലുള്ള പ്രതിഷേധം അറിയിക്കാനായിരുന്നു രേഖകളില്‍ മരണമടഞ്ഞവര്‍ പൊതുസദസില്‍ സംഘടിപ്പിച്ച ചായകുടി സദസില്‍ പങ്കെടുത്തത്.
കോഴിക്കോട് കുരുവട്ടൂര്‍ പഞ്ചായത്തിലാണ് 'പരേതര്‍ക്കൊപ്പം ചായസല്‍ക്കാരം' അരങ്ങേറിയത്. കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ട 12 പേരാണ് യുഡിവൈഎഫ് സംഘടിപ്പിച്ച പരിപാടിയില്‍ ഒത്തുകൂടിയത്. രാഹുല്‍ഗാന്ധി ബീഹാറിലെ വോട്ടര്‍മാര്‍ക്കുവേണ്ടി നടത്തിയതുപോലെ, പരേതര്ക്കൊപ്പമുള്ള വ്യത്യസ്തമായ പ്രതിഷേധം ഏറെ ശ്രദ്ധേയമായി.
സിപിഎമ്മിന്റെ നിര്‍ദേശത്തെതുടര്‍ന്നാണ് പേരുവെട്ടി ജീവിച്ചിരിക്കുന്നവരെ പരേതരാക്കിയതെന്നാണ് യുഡിഎഫിന്റെ ആരോപണം. 69 വയസുള്ള ആമിന ഉമ്മ ഉള്‍പ്പെടെയുള്ളവരാണ് തങ്ങള്‍ പരേതരല്ലെന്ന് അറിയിക്കാന്‍ തെരുവിലിറങ്ങി ചായ കുടിച്ചത്. പ്രതിഷേധത്തിന് എത്തിയവരെല്ലാം ഒരു വാര്‍ഡിലെ വോട്ടര്‍മാരാണ് എന്ന സവിശേഷതയും ഉണ്ട്.
വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്തതിന്റെ കാരണം തിരക്കിയപ്പോള്‍ 'നിങ്ങള്‍ മരിച്ചുപോയി' എന്നായിരുന്നുവത്രെ ഉദ്യോഗസ്ഥരുടെ മറുപടി.തങ്ങള്‍ ജീവിച്ചിരിക്കുന്നു എന്നു തെളിയിക്കാന്‍ യുഡിഎഫ് നേതൃത്വത്തിന്റെ സഹായത്തോടെ ഇവര്‍ നിയമപോരാട്ടം ആരംഭിച്ചു കഴിഞ്ഞു.
യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി നല്കിയ കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോടും കളക്ടറോടും ഹൈക്കോടതി വിശദീകരണം ചോദിച്ചിട്ടുണ്ട്. കേസ് ഇനി 30ന് പരിഗണിക്കും. 60 വര്‍ഷത്തിലേറെയായി എല്‍ഡിഎഫാണ് കുരുവട്ടൂര്‍ പഞ്ചായത്ത് ഭരിക്കുന്നത്.
അതിനിടെ ആശാ വര്‍ക്കര്‍ക്ക് പറ്റിയ പിഴവ് എന്ന് പറഞ്ഞ് സംഭവത്തെ ലഘൂകരിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. പരേതര്‍ക്കൊപ്പം ചായസല്‍ക്കാരം പരിപാടി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാന്‍ ഉദ്ഘാടനം ചെയ്തു. റഷീദ് പോലൂര് അധ്യക്ഷനായിരുന്നു.