കൂരാച്ചുണ്ടിലെ ഭൂമി വിഷയം: കര്‍ഷക കുടുംബങ്ങള്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്
1594171
Wednesday, September 24, 2025 5:35 AM IST
കൂരാച്ചുണ്ട്: കര്‍ഷകരുടെ കൈവശമുള്ള ഭൂമിയുടെ രേഖകള്‍ പരിശോധിച്ച് നികുതി അടക്കമുള്ള രേഖകള്‍ നല്‍കണമെന്ന് 2018-ല്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമെടുത്തിട്ടും നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് കൂരാച്ചുണ്ട്, കാന്തലാട് വില്ലേജുകളിലെ കര്‍ഷക കുടുംബങ്ങള്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്.
ഉത്തരവു പ്രകാരം 1977 നു മുമ്പ് കര്‍ഷകരുടെ കൈവശമുള്ളതായ പട്ടയം, ആധാരം, റബ്ബര്‍ ബോര്‍ഡില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയില്‍ ഏതെങ്കിലും കൈവശമുള്ളവര്‍ക്ക് റവന്യൂരേഖകള്‍ നല്‍കാനായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. പിന്നീട് കര്‍ഷകരുടെ ഭൂനികുതി സ്വീകരിച്ചുവെങ്കിലും ഭൂമി കൈമാറ്റം ചെയ്യുന്നതിനും മറ്റും ആവശ്യമായ തണ്ടപ്പേര് അനുവദിക്കാന്‍ ഇപ്പോഴും റവന്യു-വനം വകുപ്പുകളില്‍ നിന്നും തടസം നേരിടുന്നുവെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇതുമൂലം കര്‍ഷകര്‍ ഏറെ പ്രയാസപ്പെടുകയാണ്.
ഇത്തരത്തില്‍ നിരവധി കുടുംബങ്ങളാണ് മക്കളുടെ വിവാഹം, ഭൂമി ക്രയവിക്രയം തുടങ്ങിയ കാര്യങ്ങള്‍ക്കായി വലയുന്നത്.ഇതു സംബന്ധിച്ച് നിരവധി തവണ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും കര്‍ഷകര്‍ പറയുന്നു.
കൂരാച്ചുണ്ട് വില്ലേജ് ഓഫീസിനു മുന്നില്‍ 25 മുതല്‍ അനിശ്ചിതകാല നിരാഹാര സമരത്തിനാണ് തുടക്കം കുറിക്കുന്നതെന്ന് സംഘാടക സമിതി കണ്‍വീനര്‍ കുര്യന് ചെമ്പനാനി, ചെയര്മാന് സണ്ണി പാരഡൈസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 ന് ആരംഭിക്കുന്ന നിരാഹാര സമരം ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും.
തടസം വനംവകുപ്പെന്ന് വില്ലേജ് ഓഫീസര്‍
കൂരാച്ചുണ്ട്: 1977-നു മുമ്പ് രേഖകളോടുകൂടി ഭൂമി കൈവശം വച്ചു വരുന്ന കര്‍ഷകരുടെ രേഖകള്‍ പരിശോധിച്ച് ഭൂനികുതി സ്വീകരിക്കുന്നതിനും റവന്യൂ രേഖകള്‍ അനുവദിക്കുന്നതിനും തടസം വനംവകുപ്പാണെന്ന് കൂരാച്ചുണ്ട് വില്ലേജ് ഓഫീസര്‍. രേഖകള്‍ നല്കാന് സര്‍ക്കാര്‍ ഉത്തരവായിരുന്നു.
എന്നാല്‍ ഈ വിഷയത്തില്‍ വനംവകുപ്പ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കര്‍ഷകര്‍ക്ക് തണ്ടപ്പേര് നല്‍കുന്നതിന് തടസമെന്ന് വില്ലേജ് ഓഫീസര്‍ പി.വി.സുധി അറിയിച്ചു. ഉത്തരവില്‍ ആക്ഷേപമുള്ള വകുപ്പുകള്‍ ജില്ലാ കളക്ടര്‍ മുമ്പാകെ പരാതി ബോധിപ്പിക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നു.
ഈ വിഷയം നേരിടുന്ന കര്‍ഷകരുടെ ഭൂനികുതി നേരിട്ട് സ്വീകരിക്കുന്നുണ്ട്. കൈവശ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നുമുണ്ട്. ഭൂനികുതി ഓണ്‍ലൈനായി സ്വീകരിക്കാന്‍ കഴിയുന്നില്ലെന്നും വില്ലേജ് ഓഫീസര്‍ അറിയിച്ചു.