ജലമാണ് ജീവന് കാമ്പയിന് : ജില്ലയില്‍ 81.26 ശതമാനം സ്വകാര്യ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തു
1594166
Wednesday, September 24, 2025 5:35 AM IST
കോഴിക്കോട്: ആഗസ്റ്റ് 30, 31 തീയതികളിലും തുടര്‍ന്നുമായി നടന്ന ക്ലോറിനേഷന് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ 81.26 ശതമാനം സ്വകാര്യ കിണറുകളും ക്ലോറിനേറ്റ് ചെയ്തു. 84.02 ശതമാനം പൊതുസ്ഥാപന കിണറുകളും 87.21 ശതമാനം പൊതുകിണറുകളും ജലമാണ് ജീവന് കാമ്പയിന്റെ ഭാഗമായി ക്ലോറിനേറ്റ് ചെയ്തു. 1,75,502 ടാങ്കുകളും വൃത്തിയാക്കി. ക്ലോറിനേഷന് കാമ്പയിന് സെപ്റ്റംബര്‍ 27, 28, ഒക്ടോബര്‍ രണ്ട്, അഞ്ച് തിയതികളിലായി പൂര്‍ത്തീകരിക്കും.
ജലമാണ് ജീവന് കാമ്പയിന്റെ പ്രവര്‍ത്തങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന യോഗമാണ് ഇക്കാര്യം അറിയിച്ചത്. അമീബിക് മസ്തിഷ്ക ജ്വരം ഉള്‍പ്പെടെയുള്ള ജലജന്യരോഗങ്ങള്‍ക്കെതിരെ നടത്തിയ കാമ്പയിന് ഏറെ ഫലപ്രദമായിരുന്നുവെന്ന് ജില്ലാ കളക്ടര്‍ അഭിപ്രായപ്പെട്ടു.
ഹരിതകേരളം മിഷന്, തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് ക്യാമ്പയിന് സംഘടിപ്പിക്കുന്നത്. കാമ്പയിനുകള്‍ക്കൊപ്പം ജില്ലയിലെ സ്വിമ്മിങ് പൂളുകളിലെ ക്ലോറിനേഷനും മിനറല്‍ വാട്ടര്‍ പ്ലാന്റ്കളിലെയും ജലവിതരണ ഏജന്‍സികളിലെയും ശുചിത്വവും ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പുവരുത്തണമെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ നിര്‍ദേശിച്ചു.
ഒക്ടോബര്‍ 10 വരെ ജില്ലയിലെ എല്ലാ സ്കൂളുകളിലും വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും ഹരിതകേരളം മിഷനും ചേര്‍ന്ന് ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിച്ച് കുട്ടികള്‍ വഴി അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാനുള്ള കാമ്പയിന് ഏറ്റെടുക്കും. ഹരിതകേരളം മിഷന് വഴി ജില്ലയിലെ 29 സ്കൂളുകളില്‍ സ്ഥാപിച്ച ജലഗുണനിലവാര പരിശോധനാ ലാബുകളെ സജ്ജമാക്കി പ്രാഥമിക ജലപരിശോധനാ കാമ്പയിനുകളും ഈ കാലയളവില്‍ ഏറ്റെടുക്കും. നവംബര്‍ ഒന്ന് വരെയുള്ള കാലയളവില്‍ ജില്ലയിലെ പൊതുജലസ്രോതസുകള്‍ ശുചീകരിക്കാന്‍ ക്യാമ്പയിന് നടത്തും.
യോഗത്തില്‍ തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടര്‍ പി.ടി. പ്രസാദ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജാറാം, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ഹരിതകേരളം മിഷന് പ്രതിനിധികള്‍, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അമീബിക് മസ്തിഷ്കജ്വരം; ജാഗ്രതാ നിര്‍ദേശവുമായി കൊടിയത്തൂർ
മുക്കം: കോഴിക്കോട്, മലപ്പുറം ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ അമീബിക് മസ്തിഷ്ക ജ്വരം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത നിര്‍ദേശവുമായി കൊടിയത്തൂര്‍ പഞ്ചായത്ത്. കുളങ്ങളിലും തോടുകളിലുമുള്പ്പെടെയുള്ള ജലസ്രോതസുകളില്‍ വിദ്യാര്‍ഥികള്‍ ഇറങ്ങുന്നത് തടയുകയും അതിന് ബോധവല്‍ക്കരണം നല്‍കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ മുഴുവന്‍ സ്കൂളുകളിലും അവബോധ ക്ലാസ് നടത്തുന്നതിനുള്ള പരിശീലനവും നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബുവിന്റെ അധ്യക്ഷതയില്‍ നടന്ന പരിശീലന പരിപാടിയില്‍ വൈസ് പ്രസിഡന്റ് ഫസല്‍ കൊടിയത്തൂര്‍ , വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആയിഷ ചേലപ്പുറത്ത്, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.റിനില്‍, ഹരിതകേരളം മിഷന് റിസോഴ്സ്പേഴ്സണ്‍ രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
ചെറുവാടി ആരോഗ്യ കേന്ദ്രം എ.എല്‍. എസ്.പി സ്റ്റാഫ് നഴ്സുമാരായ നയന, നീതു തുടങ്ങിയവര്‍ ക്ലാസ് നയിച്ചു.സ്വച്ഛതാ ഹിസേവാ - ശുചിത്വോത്സവ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊടിയത്തൂര്‍ പഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചു വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും തീരുമാനമെടുത്തു.
ഇതിന്റെ ഭാഗമായി വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകര്‍ക്കും ശുചിത്വ പരിപാലന ചുമതയുള്ള അധ്യാപകര്‍ക്കുമുള്ള പരിശീലന പരിപാടി പഞ്ചായത്ത് ഹാളില്‍ നടന്നു. നവംബര്‍ ഒന്നുവരെ നടത്തുന്ന ശുചിത്തോത്സവം കാമ്പയിന് സംഘടിപ്പിക്കും.