മേപ്പയൂര്‍ അതിദാരിദ്ര്യ മുക്ത ഗ്രാമപഞ്ചായത്ത്
1594170
Wednesday, September 24, 2025 5:35 AM IST
പേരാമ്പ്ര: മേപ്പയൂര്‍ പഞ്ചായത്ത് അതിദരിദ്രരില്ലാത്ത ഗ്രാമ പഞ്ചായത്തായി മാറി. ഇതുസംബന്ധിച്ച പ്രഖ്യാപനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നടത്തി. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയരക്ടര്‍ പി.വി. ജസീര്‍ മുഖ്യാതിഥിയായി.
2021 ല്‍ കേരള സര്‍ക്കാര്‍ അതി ദരിദ്രരെ കണ്ടെത്തുന്നതിന് പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദേശങ്ങളനുസരിച്ച് പഞ്ചായത്ത് കണ്ടെത്തിയ 71 കുടുംബങ്ങളുടെ അതിജീവനത്തിന് ആവശ്യമായ താമസം, ഭക്ഷണം, ആരോഗ്യം, അടിസ്ഥാന വരുമാനം എന്നിവ ഉറപ്പാക്കുന്നതിന് ഓരോ കുടുംബത്തിനും അവരനുഭവിക്കുന്ന എല്ലാ ക്ലേശ ഘടകങ്ങളും പരിഗണിച്ച് പ്രത്യേകം മൈക്രോ പ്ലാനുകള്‍ തയ്യാറാക്കി വിവിധ പദ്ധതികള്‍ നടപ്പിലാക്കുകയായിരുന്നു.
എല്ലാവര്ക്കും ആധാര്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ്, തൊഴില്‍കാര്‍ഡ്, പ്രത്യേകം ഐഡന്റിറ്റി കാര്‍ഡ് എന്നിവ നല്കി. അര്‍ഹരായ മുഴുവന്‍പേര്‍ക്കും സാമൂഹ്യ സുരക്ഷാപെന്ഷന് ലഭ്യമാക്കി
05 കുടുംബങ്ങള്‍ക്ക് ഭക്ഷണ ലഭ്യത ഉറപ്പാക്കി. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ള 42 കുടുംബങ്ങളില്‍ 37 പേര്‍ക്ക് ചികിത്സ ഉറപ്പുവരുത്തി. പാലിയേറ്റീവ് പരിചരണം ആവശ്യമായ അഞ്ച് പേര്‍ക്ക് അതും ഉറപ്പാക്കി വരുന്നു.
വരുമാനം ക്ലേശ ഘടകമായ ഒരു കുടുംബത്തിന് കുടുംബശ്രീയുടെ ഉജ്ജീവനം പദ്ധതി മുഖേന ലോട്ടറി കച്ചവടത്തിന് സൗകര്യം ഒരുക്കി നല്കി. വാസഗൃഹം ക്ലേശ ഘടകമായ 20 കുടുംബങ്ങളില്‍ 10 പേര്‍ക്ക് ഭവന പുനരുദ്ധാരണത്തിന് പദ്ധതി തയ്യാറാക്കി നടപ്പിലാക്കി. 10 കുടുംബങ്ങള്‍ക്ക് ലൈഫ് ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം പ്രത്യേക പരിഗണന നല്കി ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കി.
അതിദാരിദ്ര്യം അനുഭവിച്ചു വന്ന 71 കുടുംബങ്ങളുടെ ഉന്നമനത്തിന് ത്രിതല പഞ്ചായത്തുകളുടേത് ഉള്‍പ്പെടെ വിവിധ തലങ്ങളിലുള്ള ഫണ്ട് സംയോജന സാധ്യതകളും ലഭ്യമാവുന്ന മറ്റെല്ലാ സേവന സംവിധാനങ്ങളും ഫലപ്രദമായി ഏകോപിച്ച് പരിഹാരമുണ്ടാക്കി. ഇവരുടെ ദൈനംദിന ജീവിത സാഹചര്യങ്ങളില്‍ പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വീടുകളില്‍ നിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യങ്ങളുടെ യൂസര്‍ഫീ ഇനത്തിലുള്ള തുക ഗ്രാമപഞ്ചായത്ത് തനതുഫണ്ടില്‍ നിന്നും ഹരിതകര്‍മ്മസേനയ്ക്ക് അനുവദിച്ചിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി വി.വി. പ്രവീണ്‍, പി. പ്രസന്ന, എന്‍.പി. ശോഭ, വി. സുനില്‍, വി.പി. രമ, റാബിയ എടത്തിക്കണ്ടി, സെക്രട്ടറി ഷാജി എം.സ്റ്റീഫന്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ ശ്രീജയ, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വി.ബി. ഷില്‍ന എന്നിവര്‍ പ്രസംഗിച്ചു.