കോഴിക്കോട്ട് വീട്ടമ്മയെ ട്രെയിനില്‍നിന്ന് തള്ളിയിട്ട് ബാഗ് കവര്‍ന്ന കേസിലെ പ്രതി മുംബൈയിലും സമാന കേസില്‍ പ്രതി
1594616
Thursday, September 25, 2025 5:24 AM IST
കോഴിക്കോട്: തൃശൂര്‍ സ്വദേശിയായ വീട്ടമ്മയെ ട്രെയിന്‍ യാത്രക്കിടെ തള്ളിയിട്ട് ബാഗ് കവര്‍ന്ന കേസില്‍ കോഴിക്കോട് റെയില്‍വേ പോലീസ് പിടികൂടിയ പ്രതി മുംബൈയിലും സമാന സംഭവത്തില്‍ പ്രതി. കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയുന്ന പ്രതി യുപി ഗാസിയാബാദ് സ്വദേശി മുഹമ്മദ് സെയ്ഫ് അസ്കര്‍അലി (37) യെ മുംബൈ പോലീസ് കോഴിക്കോട്ടെത്തി അറസ്റ്റ് ചെയ്തു.
മൂന്ന് കേസുകളിലാണ് അറസ്റ്റ്. ട്രെയിന്‍ കവര്‍ച്ചയുമായി ബന്ധപ്പെട്ട് മുംബൈ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന രണ്ട് കേസുകളിലും കുര്‍ള പൊലിസ് അന്വേഷിക്കുന്ന ഒരു കേസിലുമാണ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്.
കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത േകസില്‍ റെയില്‍വേ പൊലിസ് കഴിഞ്ഞ മാസം 11 ന് കാസര്‍ഗോഡ് റെയില്‍വേസ്റ്റേഷനില്‍ നിന്നാണ് അസ്കര്അലിയെ അറസ്റ്റ് ചെയ്തത്. കോടതി റിമാന്‍ഡ്് ചെയ്ത് ജില്ലാ ജയിലിലേക്ക് അയയ്ക്കുകയായിരുന്നു.
അറസ്റ്റ് വിവരം അറിഞ്ഞ് കഴിഞ്ഞ മാസം മുംബൈ ക്രൈംബ്രാഞ്ച് കോഴിക്കോട് റെയില്‍വേ പോലീസിനെ ബന്ധപ്പെട്ടു. പിന്നീട് ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് കോടതി 15 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടുകയും ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തുകയും ചോദ്യം ചെയ്യലുള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു.
ഇതിനുപിന്നാലെ കഴിഞ്ഞ ദിവസം കുര്‍ള പോലിസും 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി. കോഴിക്കോട് റെയില്‍വേ പോലിസ് രജിസ്റ്റര്‍ ചെയ്തതിന് സമാനമായ കേസാണ് കുര്‍ള പോലിസിലുമുള്ളത്.
ജൂണ്‍ നാലിന് രത്നഗിരിയ്ക്കും പന്വേലിനുമിടയിലാണ് സംഭവം. ട്രെയിനില്‍ മോഷണം തടയാന്‍ ശ്രമിക്കുന്നതിനിടെ ആയുര്‍വേദ ഡോക്ടര്‍ ദമ്പതികളായ യോഗേഷ് ദേശ്മുഖ്, ദീപാലി എന്നിവരും പ്രതിയും ട്രാക്കിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് യോഗേഷ് ദേശ്മുഖിന്റെ കൈപ്പത്തിയിലൂടെ ട്രെയിന്‍ കയറിയിറങ്ങി. ഇതിനിടെ പ്രതി രക്ഷപ്പെട്ടു.
ദമ്പതികളുടെ പരാതിയില്‍ കേസന്വേഷിക്കുന്നതിനിടെയാണ് പ്രതിയെ കോഴിക്കോട് അറസ്റ്റ് ചെയ്ത വിവരം അറിയുന്നത്. ഫോട്ടോ ദമ്പതികള്‍ തിരിച്ചറിഞ്ഞതോടെ പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കാന്‍ കോടതിയെ സമീപിക്കുകയായിരുന്നു.
അതേസമയം പന്‍വേല്‍,താനെ, കല്യാണ്‍, കുര്‍ള, ദാദര്‍, കര്ജാട്, ഛത്രപതി ശിവാജി റെയില്വേപൊലിസ്, തുടങ്ങി സ്റ്റേഷനുകളിലായി മുപ്പതോളം കവര്‍ച്ചകേസുകളും മയക്കുമരുന്ന്, ആംസ് ആക്ട് കേസുകളും പ്രതിക്കെതിരേ നിലവിലുണ്ട്. താനെ, കല്യാണ്‍, പന്‍വേല്‍ സ്റ്റേഷനുകളിലെ പിടികിട്ടാപ്പുള്ളിയാണ് ഇയാള്‍.