സത്യസായ് ബാബയുടെ ജൻമശതാബ്ദി ആഘോഷം: രഥയാത്ര സംസ്ഥാനതല പ്രയാണം ഇന്നുമുതൽ
1594612
Thursday, September 25, 2025 5:23 AM IST
കൽപ്പറ്റ: സത്യസായ് ബാബയുടെ ജൻമശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സത്യസായ് സേവാ സംഘടന രാജ്യവ്യാപകമായി സത്യസായ് പ്രേമപ്രവാഹിനി എന്ന പേരിൽ നടത്തുന്ന രഥയാത്രയുടെ സംസ്ഥാനതല പ്രയാണം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് താളൂരിൽ ആരംഭിക്കും.
ദക്ഷിണമേഖല രഥയാത്രയാണ് താളൂരിലൂടെ കേരളത്തിൽ പ്രവേശിക്കുന്നതെന്ന് സത്യസായ് സേവാസംഘടന സംസ്ഥാന പ്രസിഡന്റ് വി. ഉണ്ണിക്കൃഷ്ണൻ നായർ, കോ ഓർഡിനേറ്റർമാരായ ബി. പുരുഷോത്തമൻ, കെ. ഹരികൃഷ്ണൻ, വയനാട് ജില്ലാ പ്രസിഡന്റ് ഒ.ടി. ജിതേഷ്കുമാർ, രഥയാത്ര ഇൻ ചാർജ് എ.സി. വിജയകുമാർ, കൽപ്പറ്റ സമിതി കണ്വീനർ പി.എൻ. ബാബു വൈദ്യർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
താളൂരിൽനിന്നു ബത്തേരിയിലേക്കാണ് രഥപ്രയാണം. രാത്രി എട്ടിന് മാരിയമ്മൻ ക്ഷേത്രവളപ്പിൽ പൊതുസമ്മേളനം ചേരും. നാളെ മീനങ്ങാടി, അന്പലവയൽ, വടുവൻചാൽ, മേപ്പാടി, കൽപ്പറ്റ എന്നിവിടങ്ങളിലും 27ന് കണിയാന്പറ്റ, പനമരം, മാനന്തവാടി എന്നിവിടങ്ങളിലും രഥയാത്രയ്ക്ക് സ്വീകരണം നൽകും.
വയനാട്ടിലെ പര്യടനത്തിനുശേഷം രഥയാത്ര കണ്ണൂർ ജില്ലയിൽ പ്രവേശിക്കും. ഒക്ടോബർ 25ന് തിരുവനന്തപുരം മാർത്താണ്ഡത്താണ് രഥയാത്ര പ്രയാണത്തിന് സംസ്ഥാനതല സമാപനം. ഏപ്രിൽ 24ന് ആന്ധ്രപ്രദേശിലെ പുട്ടപർത്തിയിലായിരുന്നു രഥയാത്ര പ്രയാണത്തിന് തുടക്കം.
ആഘോഷത്തിന്റെ ഭാഗമായി വൃക്ഷത്തൈ നടീൽ, ഓട്ടോ-ടാക്സി ഡ്രൈവർമാരുടെ കാഴ്ച പരിശോധിച്ച് കണ്ണട വിതരണം ചെയ്യുന്ന സായ് നയന, തൊഴിലുറപ്പ് തൊഴിലാളികൾക്കും ഹരിതകർമസേനാംഗങ്ങൾക്കും ജോലിസമയം തലയിൽ ഘടിപ്പിക്കുന്നതിന് കുട നൽകുന്ന സായ് തണൽ തുടങ്ങയ പദ്ധതികൾ നടപ്പാക്കിവരികയാണെന്ന് സത്യസായ് സേവാസംഘടന ഭാരവാഹികൾ പറഞ്ഞു. ദേശവ്യാപകമായി 10 ദശലക്ഷം തൈകളാണ് നട്ടുപരിപാലിക്കുക. 28,000 തൈകൾ കേരളത്തിലാണ് നടുന്നത്.