ഭിന്നശേഷിക്കാരുടെ രക്ഷിതാക്കള്‍ക്കായി സഹമിത്ര മൊബൈല്‍ ആപ്പ്
1594853
Friday, September 26, 2025 4:42 AM IST
ജില്ലാ ഭരണകൂടത്തിന്റെ പദ്ധതിക്ക് അംഗീകാരം
കോഴിക്കോട്: ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് പിന്തുണയുമായി "സഹമിത്ര' എന്ന പേരില്‍ കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ മൊബൈല്‍ ആപ്പ് ഒരുങ്ങുന്നു.
ദേശീയ ആരോഗ്യ മിഷനുമായി (ആരോഗ്യ കേരളം) സഹകരിച്ചാണ് നൂതന പദ്ധതി നടപ്പാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ ഭരണകൂടം സമര്‍പ്പിച്ച പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് ആന്‍ഡ് പബ്ലിക് ഗ്രീവന്‍സസ് അംഗീകാരം നല്‍കിയതോടെയാണ് മൊബൈല്‍ ആപ്പിനുള്ള വഴി തെളിഞ്ഞത്.
സ്റ്റേറ്റ് കൊളാബറേറ്റീവ് ഇനിഷ്യേറ്റീവ് (എസ്സിഐ) പദ്ധതിക്ക് കീഴില്‍ ഈ സംരംഭത്തിനായി കേരളത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക ജില്ലയാണ് കോഴിക്കോട്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു മൊബൈല്‍ ആപ്പ് രൂപകല്‍പ്പന ചെയ്യുന്നത്.
രക്ഷിതാക്കള്‍ക്ക് വീട്ടിലിരുന്ന് തന്നെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ചെയ്യാനുള്ള തെറാപ്പികളെ കുറിച്ചുള്ള വിവരങ്ങള്‍, അവയുടെ വീഡിയോകള്‍, തെറാപ്പി പുരോഗതി വിലയിരുത്താനുള്ള ടൂളുകള്‍ എന്നിവ ആപ്പില്‍ ലഭ്യമാക്കും. തെറാപ്പിസ്റ്റുകള്‍, ഡോക്ടര്‍മാര്‍, കമ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെന്റ് സെന്ററുകള്‍ (സിഡിഎംസി) എന്നിവയുമായി ബന്ധപ്പെടാനുള്ള സൗകര്യങ്ങളും ഇതില്‍ ലഭിക്കും.
ആപ്പ് വരുന്നതോടെ ഭിന്നശേഷിക്കാര്‍ക്ക് ഇടക്കിടെയുള്ള ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കാനും അതുവഴി പണവും അധ്വാനവും സമയവും ലാഭിക്കാനുമാവും. ഭിന്നശേഷി മേഖലയിലെ വിദഗ്ധരുടെ സേവനങ്ങള്‍ കുടുംബങ്ങളിലേക്ക് നേരിട്ട് എത്തിക്കാന്‍ ഈ ആപ്പ് സഹായിക്കുമെന്ന് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് പറഞ്ഞു. ജില്ലയിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സ്ഥിരവും ലളിതവും ഫലപ്രദവുമായ ചികിത്സ ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള സ്റ്റേറ്റ് ഐടി മിഷന്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്, സിആര്‍സി, ആര്‍ഇഐസി, ഡിഇഐസി, നിംഹാന്‍സ് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആപ്പ് ഉള്ളടക്കങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് ആരോഗ്യ വിദഗ്ധരടങ്ങിയ പ്രത്യേക കമ്മിറ്റി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കും. 40 ലക്ഷം രൂപയാണ് ആപ്പ് വികസിപ്പിക്കാന്‍ അനുവദിച്ചിരിക്കുന്നത്.