വയനാട് ബദൽ റോഡ് : 31 വർഷത്തെ കാത്തിരിപ്പിന്റെ ഫലം വട്ട പൂജ്യം; ചെമ്പനോടയിൽ പ്രതീകാത്മക പ്രതിഷേധ സമരം നടത്തി
1594609
Thursday, September 25, 2025 5:23 AM IST
പെരുവണ്ണാമൂഴി: പൂഴിത്തോട്- പടിഞ്ഞാറത്തറ- വയനാട് ബദൽ റോഡിനായി 31 വർഷം കാത്തിരുന്നിട്ടും ഫലമുണ്ടാകാത്തതിൽ പ്രതിഷേധം പ്രകടിപ്പിച്ച് ചക്കിട്ടപാറ പഞ്ചായത്തിലെ നാട്ടുകാർ. നിർദ്ദിഷ്ട റോഡ് കടന്നു പോകേണ്ടത് പെരുവണ്ണാമൂഴി- ചെമ്പനോട- പൂഴിത്തോട് വഴിയാണ്. 31 വർഷം മുമ്പ് പാത സാക്ഷാത്കരിക്കാൻ നിർമാണം തുടങ്ങിയെങ്കിലും കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ തടസം കാരണം നിലക്കുകയായിരുന്നു.
കേന്ദ്രത്തിലും സംസ്ഥാനത്തും സർക്കാറുകൾ മാറി മാറി വന്നിട്ടും വാഗ്ദാനങ്ങളല്ലാതെ ക്രിയാത്മക നടപടികളൊന്നും ഉണ്ടായില്ല. 31 വർഷത്തെ അനന്തമായ കാത്തിരിപ്പിന്റെ വേദനയും അമർഷവും പ്രതീകാത്മമായി ചിത്രീകരിച്ചാണ് ചെമ്പനോടയിൽ നാട്ടുകാർ പ്രതിഷേധ സമരം നടത്തിയത്. ഹാർഡ് ബോർഡുകൾ പൂജ്യം രൂപത്തിൽ വെട്ടി മുഖത്ത് ധരിച്ച് നാട്ടുകാർ നിന്നപ്പോൾ റോഡിനുള്ള പുതിയ പ്രവർത്തനങ്ങളുടെ നാന്ദി കുറിക്കുന്നത് സൂചിപ്പിച്ച് ചെമ്പനോട ഇടവക വികാരി ഫാ. ഡൊമിനിക് മുട്ടത്തു കുടിയിൽ 1 ( ഒന്ന് ) എന്നു രേഖപ്പെടുത്തിയ പ്ലക്കാർഡ് കൈയ്യിലേന്തി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.
പൂഴിത്തോട് - പടിഞ്ഞാറത്തറ റോഡ് കർമസമിതിയുടെ നേതൃത്വത്തിൽ നടത്തിയ വഞ്ചനാദിന ആചരണ പരിപാടിയിൽ കർമസമിതി ചെയർമാൻ ടോമി മണ്ണൂർ അധ്യക്ഷത വഹിച്ചു.
കർമസമിതി കൺവീനർ മാത്യു പേഴ്ത്തിങ്കൽ, ജോബി ഇലന്തൂർ, ജയേഷ് ചെമ്പനോട, ജോബി എടച്ചേരി, സെമിലി സുനിൽ, ഷാജു വിലങ്ങുപാറ എന്നിവർ പ്രസംഗിച്ചു. എബിൻ കുംബ്ലാനി, ജേക്കബ് പൂകമല, ജോസഫ് ഇല്ലിക്കൽ, പാപ്പച്ചൻ പറമ്പുകാട്ടിൽ, മാത്യൂ ആനിക്കാട്ട്, പ്രകാശ് കാഞ്ഞിരക്കാട്ട് തൊട്ടിയിൽ, ഷാജു പൈനാപ്പള്ളിൽ, ഷിജോ കുംബ്ലാനി, മാത്യു പൈനാപ്പള്ളിൽ, മനോജ് തോണക്കര, ജോബി ചുണ്ടയിൽ, തോമസ് കിഴക്കരക്കാട്ട്, രാജൻ കുംബ്ലാനി, ഷാജി വാലുമണ്ണേൽ തുടങ്ങിയവർ നേതൃത്വം നൽകി.