എരവിമംഗലം നവോദയ പാടത്തെ ബ്യൂട്ടിസ്പോട്ട് ശ്രദ്ധയാകർഷിക്കുന്നു
1594614
Thursday, September 25, 2025 5:24 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭ എരവിമംഗലം നവോദയ പാടത്ത് ഒരുക്കിയ വാക്ക് വേ വിത്ത് ബ്യൂട്ടിസ്പോട്ട് ആസ്വാദ്യകേന്ദ്രമാകുന്നു. കണ്ണിന് കുളിർമയേകുന്ന പച്ചപ്പ് നിറഞ്ഞ പാടശേഖരത്തിലിടയിലുള്ള പാതയുടെ ഇരുവശങ്ങളിലും വേലി തീർത്തും ചെടികൾ വച്ചുപിടിപ്പിച്ചും ഇരിപ്പിടങ്ങളൊരുക്കിയുമെല്ലാം നഗരസഭ ഇവിടം സൗന്ദര്യവത്കരണം നടത്തിയിരിക്കുന്നു.
നാട്ടിൻപുറത്തെ മനോഹാരിത കാണാൻ നിത്യേന നൂറുക്കണക്കിന് ആളുകളാണ് എരവിമംഗലത്തെത്തുന്നത്.
പ്രഭാത നടത്തക്കാർക്ക് നടത്തത്തിനൊപ്പം മറ്റു വ്യായാമങ്ങൾ ചെയ്യുന്നതിന് മിനി ഓപ്പണ്‍ ജിം സൗകര്യവും ഇവിടെയുണ്ട്. സായാഹ്ന വേളകൾ വിനോദ നിമിഷങ്ങളാക്കാൻ ഇന്പമുള്ള അന്തരീക്ഷം നൽകുന്നതാണ് ഈ പാടശേഖരം. ചുറ്റും പിടിപ്പിച്ച ലൈറ്റുകൾ രാത്രിയിലും മനോഹാരിത കൈവിടാതെ പ്രദേശത്തെയാകെ പ്രകാശപൂരിതമാക്കുന്നു.
തിരക്കുപിടിച്ച ജീവിതക്രമങ്ങളിൽ നിന്ന് ആയാസ നിമിഷങ്ങൾക്കായൊരിടം ജനങ്ങൾക്കായി ഒരുക്കിയ അഭിമാന നിമിഷത്തിലാണ് പെരിന്തൽമണ്ണ നഗരസഭ. ഉദ്ഘാടന പരിപാടിയിലേക്കൊഴുകിയെത്തിയ ജനാവലി പദ്ധതിയുടെ പ്രധാന്യത്തെയും സ്വീകാര്യതയെയുമാണ് വിളിച്ചോതുന്നതെന്നും പദ്ധതി യാഥാർഥ്യമാക്കി നാടിനു സമർപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ചെയർപേഴ്സണും വാർഡ് കൗണ്‍സിലറുമായ പി. ഷാജി പറഞ്ഞു.
വൈസ് ചെയർപേഴ്സണ്‍ എ. നസീറ അധ്യക്ഷത വഹിച്ചു. കൗണ്‍സിലർമാരായ കെ.സുബ്രഹ്മണ്യൻ സ്വാഗതവും സി.പി. ഷെർളിജ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്മാർ, കൗണ്‍സിലർമാർ എന്നിവർ പങ്കെടുത്തു.