അംബേദ്കര്‍ ഗ്രാമം: 28 പട്ടികജാതി നഗറുകളില്‍ പദ്ധതി പൂര്‍ത്തിയായി
1594848
Friday, September 26, 2025 4:34 AM IST
കോഴിക്കോട്: പട്ടികജാതി വിഭാഗക്കാരുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ഗ്രാമവികസനത്തില്‍ വഴികാട്ടിയാവുന്ന അംബേദ്കര്‍ ഗ്രാമം പദ്ധതി ജില്ലയില്‍ പൂര്‍ത്തിയായത് 28 പട്ടികജാതി നഗറുകളില്‍. ഓരോ നിയമസഭാ മണ്ഡലത്തിലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമുള്ള, 25ഉം അതിലധികവും പട്ടികജാതി കുടുംബങ്ങള്‍ താമസിക്കുന്ന നഗറുകള്‍ തെരഞ്ഞെടുത്ത് അവിടുത്തെ ആവശ്യങ്ങള്‍ വിലയിരുത്തി ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടപ്പാക്കുന്നത്.
റോഡ് വികസനം, ആശയ വിനിമയ സൗകര്യം, കുടിവെള്ള സൗകര്യങ്ങള്‍, അഴുക്കുചാല്‍ സൗകര്യങ്ങള്‍, വൈദ്യുതീകരണം, സോളാര്‍ തെരുവു വിളക്ക്, സാനിറ്റേഷന്‍, ഭവന പുനരുദ്ധാരണം എന്നിങ്ങനെ വിവിധ പദ്ധതികളാണ് അംബേദ്കര്‍ ഗ്രാമവികസന പരിപാടിയില്‍ ഉള്‍പ്പെടുന്നത്.
പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പ്പെട്ട ജനങ്ങളുടെ സമഗ്ര വികസനമാണ് പദ്ധതിയിലൂടെ സാധ്യമാകുന്നതെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ഐ.പി. ശൈലേഷ് പറഞ്ഞു. പദ്ധതി പൂര്‍ത്തിയായ 28 നഗറുകള്‍ക്ക് പുറമെ 21 നഗറുകളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. ഇതില്‍ ആറെണ്ണത്തിന്റെ പ്രവൃത്തി അവസാന ഘട്ടത്തിലാണ്. അഞ്ച് പദ്ധതികളുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു.
2016-17 വര്‍ഷത്തിലാണ് അംബേദ്കര്‍ ഗ്രാമ വികസന പദ്ധതി ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ 40 കുടുംബങ്ങള്‍ താമസിക്കുന്ന പട്ടികജാതി നഗറുകളില്‍ ആണ് പദ്ധതി വിഭാവനം ചെയ്തത്. പിന്നീട് 25 കുടുംബങ്ങളുള്ള നഗറുകളെ കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. ആദ്യഘട്ടത്തില്‍ ജില്ലാ നിര്‍മിതി കേന്ദ്രമായിരുന്നു പൂര്‍ണമായും പ്രവൃത്തി നടത്തിയിരുന്നത്.
നിലവില്‍ നിര്‍മിതി കേന്ദ്രത്തോടൊപ്പം സില്‍ക്ക് (സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍സ് ലിമിറ്റഡ് കേരള), കെല് (കെഇഎൽ), യുഎല്‍സിസി തുടങ്ങി വിവിധ ഏജന്‍സികളും പ്രവൃത്തി നടത്തുന്നുണ്ട്. 2024-25 വര്‍ഷത്തില്‍ കുന്നമംഗലം, എലത്തൂര്‍, ബാലുശേരി മണ്ഡലങ്ങളിലെ നഗറുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.