പത്ത് വര്‍ഷം പൂര്‍ത്തിയാക്കി ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം
1594841
Friday, September 26, 2025 4:34 AM IST
ജില്ലയുടെ വികസനത്തില്‍ പങ്കാളികളായത് 300ലേറെ യുവജനങ്ങള്‍
കോഴിക്കോട്: കോഴിക്കോടിന്റെ വികസന, സാമൂഹികക്ഷേമ പദ്ധതികളില്‍ പങ്കാളികളാകാന്‍ അവസരമൊരുക്കുന്ന ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം (ഡിസിഐപി) പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്നു.
ജില്ലാ തലത്തില്‍ ഭരണ നിര്‍വഹണ രംഗത്ത് യുവജനങ്ങള്‍ക്ക് അവസരം ഒരുക്കുന്ന ദേശീയ തലത്തിലെ തന്നെ ആദ്യ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമാണിത്. കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുമായി ചേര്‍ന്ന് 2015 ജൂണില്‍ കമ്പാഷ്യനേറ്റ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായാണ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം ആരംഭിച്ചത്. കോഴിക്കോട് ഐഐഎം, അസീം പ്രേംജി യൂനിവേഴ്സിറ്റി, എന്‍എസ്എസ് എന്നിവര്‍ പദ്ധതിയുടെ സഹകാരികളാണ്.
പൊതുഭരണ സംവിധാനങ്ങളെ അടുത്തറിയാന്‍ അവസരം നല്‍കികൊണ്ട് ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വികസന, സാമൂഹികക്ഷേമ പദ്ധതികളിലും പരിപാടികളിലും പദ്ധതി ആസൂത്രണ ഘട്ടം മുതല്‍ സജീവ പങ്കാളിത്തം ഉറപ്പുവരുത്തി കൂടുതല്‍ കാലികവും ക്രിയാത്മകവുമായ മുന്നേറ്റം സാധ്യമാക്കുകയാണ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്. പാര്‍ശ്വവത്കരിക്കപ്പെട്ട സാമൂഹിക വിഭാഗങ്ങളുടെ പ്രശ്നങ്ങളില്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്താന്‍ ഇതുവഴി അവസരം ലഭിക്കും.
വിവിധ സര്‍ക്കാര്‍ പദ്ധതികളെ വിശകലനം ചെയ്യാന്‍ അവസരമൊരുക്കുക വഴി വിമര്‍ശനാത്മകമായി വിഷയങ്ങളെ സമീപിക്കാനും പ്രശ്നപരിഹാരത്തിനുമുള്ള കഴിവ് ആര്‍ജിക്കുന്നതിനും യുവജനങ്ങളെ സഹായിക്കും വിധമാണ് പരിപാടി ക്രമീകരിച്ചിട്ടുള്ളത്.
വിവിധ കാരണങ്ങളാല്‍ സമൂഹത്തില്‍ പ്രയാസം അനുഭവിക്കേണ്ടി വരുന്ന ഭിന്നശേഷിക്കാര്‍, പട്ടികവര്‍ഗ വിഭാഗക്കാര്‍, വിധവകള്‍, തെരുവില്‍ അലയുന്നവര്‍, സര്‍ക്കാര്‍ ക്ഷേമ ഭവനങ്ങളില്‍ കഴിയുന്നവര്‍ ഉള്‍പ്പെടെയുള്ളവരെ ലക്ഷ്യമാക്കിയാണ് പ്രധാനമായും പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കുന്നത്. ജില്ലയുടെ നിപ പ്രതിരോധത്തിലും പ്രളയത്തിന്റെ അതിജീവന പ്രവര്‍ത്തനങ്ങളിലും കോവിഡ് മഹാമാരിക്കെതിരായ പ്രതിരോധപ്രവര്‍ത്തനങ്ങളിലുമെല്ലാം നിര്‍ണായക പങ്ക് വഹിക്കാന്‍ ഡിസിഐപിക്ക് സാധിച്ചു.
നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് രണ്ട് ഘട്ടങ്ങളിലായി മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്ന് പുരസ്കാരങ്ങളും ഡിസിഐപിക്ക് ലഭിച്ചു. പത്ത് വര്‍ഷത്തിനിടയില്‍ ജില്ലയുടെ പ്രധാന പദ്ധതികളായ ഓപറേഷന് സുലൈമാനി, കുതിരവട്ടം മാനസികാശുപത്രിയിലെ ഇടപെടലുകള്‍, കമ്പാഷ്യനേറ്റ് കോഴിക്കോട് സ്കോളര്‍ഷിപ്പ് വിതരണം, സീറോ വേസ്റ്റ് കോഴിക്കോട്, എനേബ്ലിംഗ് കോഴിക്കോട്, ക്യാമ്പസസ് ഓഫ് കോഴിക്കോട്, നമ്മുടെ കോഴിക്കോട്, കൈയെത്തും ദൂരത്ത്, സിഡിഎംസി, ക്രാഡില്‍, അദാലത്തുകള്‍, ഹാപ്പി ഹില്‍, ഉദയം, ഉയരാം ഒന്നിച്ച്, പുതുലഹരി എന്നിവയിലെല്ലാം നിര്‍ണായക പങ്ക് വഹിച്ചു.
ഉദ്യോഗജ്യോതി തൊഴില്‍ പിന്തുണ പദ്ധതി, 'സഹമിത്ര' ഭിന്നശേഷി രേഖ വിതരണം, പട്ടിക വര്‍ഗ വിഭാഗങ്ങളുടെ അടിസ്ഥാന രേഖ വിതരണം, ഉന്നതികളിലെ സമഗ്ര വിവരശേഖരണം, അടിസ്ഥാന സൗകര്യ വികസനം, ജീവിത ശൈലി രോഗങ്ങള്‍ സംബന്ധിച്ച ബോധവത്കരണം, മെഡിക്കല്‍ ക്യാമ്പുകള്‍, ഇലക്ടറല്‍ ലിറ്ററസി ക്ലബ് രൂപീകരണം, വോട്ടര്‍ രജിസ്ട്രേഷന്, ആഭ്യന്തര വിദേശ വിനോദ സഞ്ചാര പ്രചാരണ പ്രവര്‍ത്തനങ്ങള്‍, മാനസികാരോഗ്യം സംബന്ധിച്ച പ്രചാരണങ്ങള്‍, സമൂഹ മാധ്യമ ക്യാമ്പയിനുകള്‍ തുടങ്ങിയ സാമൂഹിക ക്ഷേമ, വികസന മേഖലകളിലും നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നു.
ലണ്ടന്‍ സ്കൂള്‍ ഓഫ് ഇകണോമിക്സ്, ഐഐഎം, ഐഐടികള്‍, എന്‍ഐടികള്‍, ജെഎന്‍യു, ജാമിഅ മില്ലിയ ഇസ്ലാമിയ്യ, പൂനെ ഗോകലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആന്‍ഡ് ഇകണോമിക്സ്, ഗുജറാത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്മെന്റ്, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്, അസിം പ്രേംജി യൂനിവേഴ്സിറ്റി തുടങ്ങിയവയില്‍ നിന്നുള്‍പ്പെടെ മുന്നൂറിലധികം വിദ്യാര്‍ഥികള്‍ ഇതിനകം പരിപാടിയുടെ ഭാഗമായിട്ടുണ്ട്.
കൂടാതെ ഈ മാതൃക പിന്തുടര്ന്ന് സംസ്ഥാനത്തെ പത്തോളം ജില്ലകളില്‍ ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി പദ്ധതി ആരംഭിക്കുകയും ചെയ്തു.