മണിമല നാളികേര പാര്‍ക്ക് യാഥാര്‍ഥ്യത്തിലേക്ക്
1594610
Thursday, September 25, 2025 5:23 AM IST
ഈ വര്‍ഷം വ്യവസായങ്ങളെ ക്ഷണിക്കും
കുറ്റ്യാടി: മണ്ഡലത്തിലെ നാളികേര കര്‍ഷകര്‍ക്ക് വാണിജ്യ സാധ്യതകള്‍ തുറന്നിടുന്ന മണിമല നാളികേര പാര്‍ക്ക് യാഥാര്‍ഥ്യത്തിലേക്ക്. പാര്‍ക്കില്‍ ഈ വര്‍ഷം തന്നെ വ്യവസായികളെ ക്ഷണിക്കുമെന്ന് കെ.പി. കുഞ്ഞമ്മദ് കുട്ടി എംഎല്‍എ പറഞ്ഞു.
നാളികേര പാര്‍ക്കുമായി ബന്ധപ്പെട്ട് നിയമസഭയില്‍ എംഎല്‍എ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ഈ വര്‍ഷം തന്നെ പാര്‍ക്കില്‍ വ്യവസായങ്ങളെ ക്ഷണിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് നിയമസഭയെ അറിയിച്ചിരുന്നു. വികസന പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടമായി അഞ്ചേക്കറിലെ മരങ്ങളുടെ വാല്വേഷന് പൂര്‍ത്തിയാക്കുകയും മരം വില്‍ക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു.
റബര്‍ ബോര്‍ഡിന്റെയും സോഷ്യല്‍ ഫോറസ്ട്രിയുടെയും മൂല്യനിര്‍ണയവും അനുമതിയും അടിസ്ഥാനമാക്കിയുള്ള മരം മുറിക്കല്‍ അന്തിമ ഘട്ടത്തിലാണ്. അടുത്തഘട്ടമായി തുടര്‍ന്നുള്ള പത്തേക്കറിലെ മരങ്ങള്‍ മുറിക്കാന്‍ വാല്വേഷന് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
2025 ഡിസംബറില്‍ നാളികേര പാര്‍ക്ക് വ്യവസായങ്ങള്‍ക്ക് തുറന്നുകൊടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവൃത്തി പുരോഗമിക്കുന്നത്. മതില്, പ്രവേശന കവാടം ഉള്‍പ്പെടെ 73.61 ലക്ഷം രൂപയുടെ നിര്‍മാണ പ്രവൃത്തികളും 160 കെവിഎ ട്രാന്‍സ്ഫോമര്‍ സ്ഥാപിക്കലും പൂര്‍ത്തിയായി.
ഒരു കോടി രൂപ ചെലവിട്ടുള്ള പരിസരസൗകര്യങ്ങള്, റോഡ് ലാന്‍ഡ് ഡെവലപ്മെന്റ് പ്രവൃത്തികള്‍ എന്നിവ ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്ടര് കോഓപറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. നാളികേര പാര്‍ക്കില്‍ വ്യവസായങ്ങള്‍ തുടങ്ങാന്‍ സംരംഭകര്‍ പാര്‍ക്ക് സന്ദര്‍ശിക്കുകയും ഭൂമി കണ്ട് ബോധ്യപ്പെടുകയും വേണം.
തുടര്‍ന്ന് ഫോം എ പൂരിപ്പിച്ച് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട്, അപേക്ഷ, മറ്റ് അനുബന്ധ രേഖകള്‍ എന്നിവ സമര്‍പ്പിക്കണം. അപേക്ഷയുടെ സൂക്ഷ്മ പരിശോധനക്ക് ശേഷം കെഎസ്ഐഡിസി ലാന്‍ഡ് അലോട്ട്മെന്റ് കമ്മിറ്റിയിലും ഡിസ്ട്രിക്ട് അലോട്ട്മെന്റ് കമ്മിറ്റിയിലും പാസായാല്‍ ഭൂമിയുടെ തുക അടച്ച് സംരംഭകന് ഭൂമി പാട്ടത്തിനെടുക്കാനാകും.
നാളികേര പാര്‍ക്കുമായി ബന്ധപ്പെട്ട് കുറ്റ്യാടി പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ വേളം പഞ്ചായത്ത് പ്രസിഡന്റ് ബാലമണി തായണ, വേളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കുമാരന് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
യോഗത്തിന് ശേഷം എംഎല്‍എയുടെ നേതൃത്വത്തില്‍ കെഎസ്ഐഡിസി ഉദ്യോഗസ്ഥരുടെയും യുഎല്‍സിസിഎസ് പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ സ്ഥലം സന്ദര്‍ശിക്കുകയും നിര്‍മാണ പുരോഗതി വിലയിരുത്തുകയും ചെയ്തു.