രോഗിയുടെ സ്വസ്ഥതയ്ക്ക് വളര്‍ത്തുനായ തടസമാകരുത്: മനുഷ്യാവകാശ കമ്മീഷന്
1594161
Wednesday, September 24, 2025 5:09 AM IST
കോഴിക്കോട്: കാന്‍സര്‍ രോഗം ബാധിച്ചയാളുടെ സമാധാന ജീവിതത്തിന് അയല്‍വാസിയുടെ വളര്‍ത്തുനായയുടെ കുര തടസം സൃഷ്ടിക്കുന്നുവെന്ന പരാതിയില്‍ മാനുഷിക സമീപനത്തോടെ പരിഹാര നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ജുഡീഷല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.
പരാതിക്കാരന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് വ്യക്തിവൈരാഗ്യം മാറ്റിവച്ച് പരസ്പരധാരണയോടെ മുന്നോട്ടു പോകണമെന്നും കമ്മീഷന് പരാതിക്കാരനും അയല്‍വാസിക്കും നിര്‍ദേശം നല്കി. തിരുവണ്ണൂര്‍ മാനാരി സ്വദേശി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കമ്മീഷന് നഗരസഭാ സെക്രട്ടറി, പന്നിയങ്കര പോലീസ് എന്നിവരില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. നായയുടെ കൂട് മാറ്റി സ്ഥാപിച്ചതായി നഗരസഭാ സെക്രട്ടറി അറിയിച്ചു. നേരത്തെ പരാതിക്കാരന്റെ കിടപ്പുമുറിയോട് ചേര്‍ന്നാണ് കൂടുണ്ടായിരുന്നത്.
നായയുടെ ശല്യം കാരണം പരാതിക്കാരന് മകളുടെ വീട്ടിലേക്ക് താമസം മാറ്റിയെന്നും ചികിത്സയുടെ ഭാഗമായി മാത്രമാണ് സ്വന്തം വീട്ടില്‍ വരുന്നതെന്നും പന്നിയങ്കര എസ്എച്ച്ഒ കമ്മീഷനെ അറിയിച്ചു.
നായയുടെ കുര കാരണം പരാതിക്കാരന് സമാധാനമായി ജീവിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. നായ വളര്‍ത്താന്‍ ലൈസന്‍സിനായി അയല്‍വാസി അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു.