പാര്‍ക്കിംഗിനു സൗകര്യമില്ലാതെ ചരക്കുവാഹനങ്ങൾ വലയുന്നു
1594156
Wednesday, September 24, 2025 5:09 AM IST
കോഴിക്കോട്ട് ദിവസവും എത്തുന്നത് 400 ലോറികള്‍
കോഴിക്കോട്: പാര്‍ക്കിംഗിനു സൗകര്യമില്ലാത്തതിനാല്‍ ചരക്കുമായി ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ലോറിക്കാര് വലയുന്നു. ദിവസം നാനൂറില്‍ അധികം ലോറികളാണ് നഗരത്തില്‍ മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നത്. ശരാശരി 250 ലോറികള്‍ കോഴിക്കോട്ടുനിന്ന് ചരക്കുമായി മറ്റു സംസ്ഥാനങ്ങളിലേക്കു പോകുകയും ചെയ്യുന്നു.
എന്നാല്‍ തങ്ങള്‍ എവിടെ ലോറികള്‍ പാര്‍ക്കു ചെയ്യുമെന്നാണ് ലോറി തൊഴിലാളികള്‍ ചോദിക്കുന്നത്. പ്രാഥമിക സൗകര്യം നിര്‍വഹിക്കുന്നതിനും സൗകര്യമില്ല. ലോറി സ്റ്റാന്‍ഡ് ഉണ്ടാക്കികൊടുക്കേണ്ട കോര്പറേഷന് ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്.
വലിയങ്ങാടിക്കു സമീപം നിലവിലുള്ള ലോറി സ്റ്റാന്‍ഡില്‍ 30 ലോറികള്‍ക്കു പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം മാത്രമാണുള്ളത്. ബാക്കിയുള്ള ലോറികള്‍ സൗത്ത് ബീച്ചില്‍ റോഡരികില്‍ പാര്‍ക്കു ചെയ്യുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. എന്നാല്‍, സൗത്ത് ബീച്ച് നവീകരിച്ചതോടെ സ്ഥിതിമാറി.
അവിടെ റോഡരികില്‍ ലോറികള്‍ നിര്‍ത്തിയിടുന്നത് വിലക്കി. പാര്‍ക്കുചെയ്യുന്ന ലോറികളുടെ ഫോട്ടോ എടുത്ത് പിഴ ഈടാക്കുന്നു. ഇതുകാരണം ലോറിക്കാരും പോലീസും തമ്മിലുള്ള തര്‍ക്കം പതിവാണ്. ലോറി സ്റ്റാന്‍ഡ് വേണമെന്ന് ആവശ്യപ്പെട്ട് ലോറി ഉടമകളും തൊഴിലാളികളും പലതവണ സമരം നടത്തിയിട്ടും കോര്പറേഷന് നടപടിയിലേക്ക് കടന്നിട്ടില്ല.
ഇപ്പോള്‍ വെസ്റ്റ്ഹില്‍ കോന്നാട് ബീച്ചില്‍ മാരിടൈം ബോര്‍ഡിന്റെ കീഴിലുള്ള ഒരു സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും പുരോഗതി ഉണ്ടായിട്ടില്ല. ലോറി സ്റ്റാന്‍ഡ് ആവശ്യപ്പെട്ട് സമരം സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ലോറി പാര്‍ക്കിംഗ് സംരക്ഷണ സമിതി.
പ്രധാന വാണിജ്യ കേന്ദ്രമായ കോഴിക്കോട്ടേക്ക് തമിഴ്നാട് മുതല്‍ ജമ്മുകഷ്മീര് വരെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ചരക്കുമായി ലോറികള്‍ വരുന്നുണ്ട്. ഭക്ഷ്യധാന്യങ്ങള്‍ പ്രധാനമായും കൊണ്ടുവരുന്നത് ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്നാട്, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്.
ആപ്പിള്‍ കഷ്മീരില് നിന്നും സിംലയില്‍ നിന്നും ഓറഞ്ച് മഹാരാഷ്ട്രയില്‍ നിന്നും കൊണ്ടുവരുന്നു. തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും സിമെന്റും കമ്പിയും ലോറിയില്‍ കയറ്റി കൊണ്ടുവരുന്നുണ്ട്. ഇതിനു പുറമേ പച്ചക്കറി സാധനങ്ങളുമായി എത്തുന്ന ലോറികളുടെ എണ്ണവും നിരവധിയാണ്. രാവിലെ പാളയം മാര്‍ക്കറ്റിലേക്ക് ചരക്കുമായി അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി ലോറികള്‍ എത്തുന്നുണ്ട്.
അവ തിരിച്ചുപോകുന്നത് കോഴിക്കോട്ടുനിന്നുള്ള ചരക്കുമായാണ്. ദിനേന 250 ലോറികള്‍ ചരക്കുമായി കോഴിക്കോട്ടു നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നുണ്ട്. തേങ്ങ, പച്ചത്തേങ്ങ, റബര്‍ വുഡ്, അടയ്ക്ക, മലഞ്ചരക്ക് തുടങ്ങിയ സാധനങ്ങളാണ് പ്രധാനമായും യുപി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത്.
കോഴിക്കോട് പ്രധാന സി ആന്‍ഡ് എഫ് കേന്ദ്രമായതിനാല്‍ അതുവഴി എത്തുന്ന ചരക്കുകളുമുണ്ട്. ഇതിനുപുറമേ കോഴിക്കോട്ടെയും പരിസരങ്ങളിലെയും നൂറുകണക്കിനു തദ്ദേശീയ ലോറികളും ചരക്കുഗതാഗതവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്.
ലോറി വ്യവസായ മേഖലയുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് നൂറുകണക്കിനു ജീവനക്കാരും ആയിരകണക്കിനു കുടുംബങ്ങളും കഴിയുന്നുണ്ടെന്ന് ലോറി ഓണേഴ്സ് അേസാസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റും എസ്ടിയു നേതാവുമായ എന്‍.കെ.സി. ബഷീര്‍ പറഞ്ഞു. ലോറി പാര്‍ക്കിംഗിനു സ്ഥലം കണ്ടെത്തുന്നതിനു പ്രധാന തടസം നാട്ടുകാരുടെ എതിര്‍പ്പാണ്. ലോറി ഡ്രൈവര്‍മാര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്നുള്ള തെറ്റായ പ്രചാരണത്തെ തുടര്‍ന്നാണ് ഈ എതിര്‍പ്പ്.
ചില ഡ്രൈവര്‍മാര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെങ്കിലും ഇത് പൊതുവല്ക്കരിക്കപ്പെട്ടത് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിട്ടുള്ളത്. പുതിയ സ്ഥലം കെണ്ടത്തുമ്പോള് എതിര്‍പ്പുമായി നാട്ടുകാര്‍ സംഘടിക്കുന്നതോടെ അതു വിഫലമാകുകയാണ്.
ലോറി വ്യവസായത്തിന്റെ നിലനില്‍പ്പിന് സ്റ്റാന്‍ഡ് അനിവാര്യമാണെന്ന് എന്‍.കെ.സി. ബഷീര്‍ പറഞ്ഞു. അധികൃതരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയശേഷം സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.