മദ്യപനെ അനുകരിച്ച് താരമായ ടിന്റുവിന് അനുമോദനം
1594162
Wednesday, September 24, 2025 5:09 AM IST
വടകര: ഓണക്കാലത്ത് മദ്യപനെ അനുകരിച്ച് സോഷ്യല്‍ മീഡിയയില്‍ താരമായ വളയത്തെ വീട്ടമ്മ ടിന്റു വിജേഷിന് സംസ്ഥാന വനിതാ കമ്മീഷന്റെ അനുമോദനം. വടകര നഗരസഭയുടെ സഹകരണത്തോടെ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ വനിതാ കമ്മീഷന് സംഘടിപ്പിച്ച ജാഗ്രത പരിശീലന പരിപാടിയിലാണ് ടിന്റു വിജേഷിനെ അനുമോദിച്ചത്. വനിതാ കമ്മീഷന് അധ്യക്ഷ അഡ്വ. പി സതീദേവി ഉപഹാരം നല്കി.
വളയം പഞ്ചായത്തിലെ നിരവുമ്മല്‍ അങ്കണവാടിയിലെ ഓണാഘോഷത്തിനിടയിലാണ് ടിന്റു വിജേഷ് മദ്യപനെ അനുകരിച്ച് തകര്‍ത്താടിയത്. അനുമോദന പരിപാടിയില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.പി. ബിന്ദു അധ്യക്ഷത വഹിച്ചു.
ഡിവൈഎസ്പി ആര്. ഹരിപ്രസാദ്, സിഡിപിഒ കെ. ആരിഫ, അഡ്വ. ലതിക ശ്രീനിവാസ്, സി. ഗണേശന് എന്നിവര്‍ പങ്കെടുത്തു. ലീഗല്‍ റിസോഴ്സസ് സെന്റര്‍ കണ്‍സള്‍ട്ടന്റ് അഡ്വ. സി.കെ. സാജിറ ക്ലാസ് നയിച്ചു.