‘ശുചിത്വ നഗരം’ചീഞ്ഞ് നാറുന്നു
1594870
Friday, September 26, 2025 5:34 AM IST
അജി വള്ളിക്കീഴ്
കൊല്ലം: മാലിന്യമുക്ത നഗരം എന്ന ബഹുമതി കൊല്ലത്തിനുണ്ടെങ്കിലും മൂക്കുപൊത്തി നടക്കേണ്ട സ്ഥിതിയാണ് ഇന്നും. നഗരം മാലിന്യക്കൂമ്പാരമായി മാറുകയാണ്. സമ്പൂർണ ശുചിത്വം എന്നത് കൊല്ലത്ത് പ്രഖ്യാപനത്തിൽ ഒതുങ്ങി. മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ കൊല്ലത്ത് അവതാളത്തിലാണ്.
മൂക്ക് പൊത്താതെ നഗരത്തിൽ എവിടെയും പോകാൻ കഴിയാത്ത അവസ്ഥ. പോസ്റ്റ് ഓഫീസ് മുതൽ ബീച്ച് റോഡ് വരെയും, ചാമക്കട, കടപ്പാക്കട എന്നിവിടങ്ങളിലെയും മിക്ക ഓടകളും മഴ പെയ്താൽ വെള്ളം ഒഴുകിപ്പോകാൻ കഴിയാത്ത വിധം മാലിന്യം നിറഞ്ഞിരിക്കുന്ന സ്ഥിതിയിലാണ്.
വാർഡ് കൗൺസിലർമാർ മേയറോട് പരാതികൾ പറഞ്ഞു മടുത്തെന്നാണ് പ്രതിപക്ഷ കൗൺസിലർമാർ ഉന്നയിക്കുന്ന പ്രധാന ആരോപണം.
ചിന്നക്കടയിൽ ഫുട്പാത്തിലൂടെ ശ്രദ്ധയോടെ നടന്നില്ലെങ്കിൽ മാലിന്യവും ചെളിയും നിറഞ്ഞ ഓടയിൽ ചെന്ന് വീഴും. ശുചിത്വ നഗരം, മാലിന്യമുക്തം എന്നിവയൊക്കെ ഉള്ളത് പ്രഖ്യാപങ്ങളിലും പത്രകുറിപ്പുകളിലും മാത്രമാണ്. മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ തകർന്നു കുത്തുപാളയെടുത്ത നഗരം ക്ലീൻ സിറ്റിയായി കൂടി പ്രഖ്യാപിക്കാനുള്ള തയാറെടുപ്പു നടത്തുകയാണ് കോർപറേഷൻ എന്നതാണ് വിചിത്രം.
കൃത്യമായ മാലിന്യ സംസ്ക്കരണ പ്രവർത്തങ്ങൾ കൊല്ലത്ത് നടക്കുന്നില്ല. ജില്ലയെ മാലിന്യ മുക്തമാക്കാതെയായിരുന്നു കൊല്ലം മാലിന്യമുക്തം എന്ന പ്രഖ്യാപനം പോലും നടത്തുന്നത്. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ പിഴ ഈടാക്കി വഴിപാടു പോലെ രക്ഷപ്പെടുകയാണ് കോർപ്പറേഷൻ.
മാലിന്യമുക്തം നവകേരളം ജനകീയ കാന്പയിന്റെ ഭാഗമായി ജില്ലയെ മാലിന്യ മുക്തമായി ഏപ്രിൽ മാസം ആണ് പ്രഖ്യാപിക്കുന്നത്. മന്ത്രി ജെ.ചിഞ്ചുറാണിയാണ് ജില്ലാതല പ്രഖ്യാപനം നടത്തിയത്.
2024 ഒക്ടോബർ രണ്ട് മുതൽ 2025 മാർച്ച് 30 രാജ്യാന്തര സീറോ വേസ്റ്റ് ദിനം വരെ‘മാലിന്യമുക്തം നവകേരളം ജനകീയ കാന്പയിൻ പ്രവർത്തനങ്ങൾക്ക് രൂപം നൽകിയിരുന്നു.
ജില്ലയിൽ വാതിൽപടി ശേഖരണത്തിൽ 100 ശതമാനവും യൂസർഫീ കളക്ഷനിൽ 84 ശതമാനവും കൈവരിച്ചെന്നായിരുന്നു മാലിന്യ മുക്തമായി പ്രഖ്യാപിക്കുമ്പോൾ പറഞ്ഞിരുന്നത്. മിനി എംസിഎഫ്- 1856, എംസിഎഫ്- 100, ആർആർഎഫ് 14, സ്ഥാപന ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങൾ- 683, ഗാർഹിക ജൈവ മാലിന്യ സംസ്കരണ സംവിധാനങ്ങൾ- 1,14,903, സാനിറ്ററി മാലിന്യ സംസ്കരണ സംവിധാനങ്ങൾ - 79, സ്പെഷൽ വേസ്റ്റ് സംസ്കരണ സംവിധാനങ്ങൾ- 21, മാലിന്യം കൈകാര്യം ചെയ്യുന്ന വാഹനങ്ങൾ - 86 എന്നിവ ഉണ്ടെന്നും 1,09,365 ബിന്നുകൾ സ്ഥാപിച്ചെന്നും, 500 ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചെന്നും പറഞ്ഞിരുന്നു.
അതെ സമയം, അഞ്ച് ഘട്ടങ്ങളിലായി നടത്തിയ കാന്പയിൻ വഴി ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളും, കലാലയങ്ങളും, സ്ഥാപനങ്ങളും ഹരിത വിദ്യാലയം, ഹരിത കലാലയം, ഹരിത സ്ഥാപനങ്ങളായി മാറ്റാൻ കഴിഞ്ഞു എന്നത് വസ്തുതയാണ്. മാലിന്യനിർമാർജനത്തിൽ കൊല്ലം മികച്ച മാതൃകയാണെന്നാണ് മന്ത്രി ചിഞ്ചുറാണി മാലിന്യമുക്തമായി ജില്ലയെ പ്രഖ്യാപിക്കുമ്പോൾ പറഞ്ഞിരുന്നത്.
സംസ്ഥാനത്തെ ആദ്യ സമ്പൂർണ ബയോ മൈനിംഗ് പദ്ധതിയിലൂടെ കുരീപ്പുഴ ചണ്ടി ഡിപ്പോയിലെ മാലിന്യങ്ങൾ നീക്കി മാലിന്യനിർമാർജനത്തിൽ മികച്ച മാതൃകയാണ് ജില്ല സൃഷ്ടിച്ചതെന്നും പ്രഖ്യാപനം നടത്തിക്കൊണ്ട് മന്ത്രി പറഞ്ഞിരുന്നു.