മൂല്യവര്‍ധിത ഉത്പന്നങ്ങളിലൂടെ രാസമാലിന്യ നിര്‍മാര്‍ജനത്തിന് കെഎംഎംഎല്‍ ഫാക്ടറി
1594873
Friday, September 26, 2025 5:34 AM IST
ചവറ: ഉത്പാദന പ്രക്രിയയില്‍ നിന്നുള്ള രാസമാലിന്യം മൂല്യവര്‍ധിത ഉത്പന്നമാക്കുന്ന പദ്ധതിയുമായി ചവറ കെഎംഎംഎല്‍ ഫാക്ടറി. ആസിഡ് റീജനറേഷന്‍ പ്ലാന്റിൽ ഉണ്ടാകുന്ന ഉപോല്പന്നമായ അയണ്‍ ഓക്സൈഡ് വിപണനത്തിന് ഉപയോഗിക്കുന്ന ഗ്രേഡിലേക്ക് ലഭ്യമാക്കുന്നതാണ് പദ്ധതി.
തനത് ഫണ്ടില്‍നിന്നും 39.54 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതി പൂര്‍ത്തിയാകുന്നതോടെ അയണ്‍ ഓക്സൈഡ് കാരണമുള്ള പരിസ്ഥിതിപ്രശ്നങ്ങള്‍ക്കും ശാശ്വതപരിഹാരമാവുകയും അത് കമ്പനിക്ക് പുതിയ വരുമാന സ്രോതസിനുള്ള വാതിൽ കൂടി തുറക്കപ്പെടും. അയണ്‍ ഓക്സൈഡ് സംസ്കരിച്ച് വിപണനത്തിന് തയാറാക്കുന്ന മറ്റൊരുപദ്ധതിയും കെഎംഎംഎല്‍ ഉടന്‍ ആരംഭിക്കും.
ഓക്സിജന്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ 2020ലാണ് തനത് ഫണ്ടില്‍നിന്നും 50 കോടി രൂപ ചെലവഴിച്ച് പ്രതിദിനം 70 ടണ്‍ ഉത്പാദന ശേഷിയുള്ള ഓക്സിജന്‍ പ്ലാന്റ് നിര്‍മിക്കുന്നത്. ടൈറ്റാനിയം ഡയോക്സൈഡ് പിഗ്മെന്റിന്റെ നിര്‍മാണ പ്രക്രിയക്കാണ് ഓക്സിജന്‍ ഉപയോഗിക്കുന്നത്.
വാതക ഓക്സിജന്‍ ഒപ്പം ഏഴ് ടണ്‍ ദ്രവീകൃത ഓക്സിജനും പ്ലാന്റില്‍ നിന്ന് ലഭിക്കുന്നു. സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമുള്ള 63 ടണ്‍ വാതക ഓക്സിജന്‍ കഴിച്ച് ശേഷിക്കുന്ന ഏഴ് ടണ്‍ ദ്രവീകൃത ഓക്സിജന്‍ അംഗീകൃത കമ്പനികള്‍ വഴി ആരോഗ്യ മേഖലയ്ക്കും ഇതര വ്യവസായങ്ങള്‍ക്കും കുറഞ്ഞ നിരക്കില്‍ നല്കി വരുമാനവും നേടിവരുകയാണ്.
കോവിഡ് കാലഘട്ടത്തില്‍ 3.3 കോടി രൂപ ചെലവഴിച്ച് ഉത്പാദനശേഷി വർധിപ്പിച്ചതോടെ ദ്രവീകൃത ഓക്സിജന്‍ ഉത്പാദനം പ്രതിദിനം ഏഴ് ടണ്ണില്‍ നിന്ന് 10 ടണ്ണായി ഉയർന്നു. പുതിയ പ്ലാന്റ് സ്ഥാപിച്ച ശേഷം ഇതുവരെ 79,375 ടണ്‍ ഓക്സിജന്‍ കെ എം എംഎല് ഉത്പാദിപ്പിച്ചു.
2024-25 സാമ്പത്തികവര്‍ഷം 50 ലക്ഷം രൂപ ചെലവഴിച്ച് സിലിണ്ടര്‍ ഫില്ലിംഗ് സ്റ്റേഷന് സജ്ജമാക്കി. മെഡിക്കല്‍ ഓക്സിജന്‍ ടാങ്കറുകള്വഴിയാണ് ആരോഗ്യമേഖലയ്ക്ക് നല്‍കിയിരുന്നത്. പുതിയ സംവിധാനം വഴി സിലിണ്ടറുകളില്‍ നേരിട്ട് ഓക്സിജന്‍ നിറയ്ക്കാനാകും. അടിയന്തരഘട്ടകാര്യ നിര്‍വഹണ ഭാഗമായി പ്രാണവായു ലഭ്യത ഉറപ്പാക്കാന്‍ കമ്പനി സദാസജ്ജമാണ് എന്ന് മാനേജിംഗ് ഡയറക്ടര്‍ പി. പ്രദീപ്കുമാര്‍ പറഞ്ഞു.