മലയോര ഹൈവേയില്‍ അപകടങ്ങള്‍ പെരുകുന്നു
1594881
Friday, September 26, 2025 5:43 AM IST
പി. സനില്‍കുമാര്‍
അഞ്ചല്‍ : മലയോര ഹൈവേയില്‍ പുനലൂര്‍ മുതല്‍ മടത്തറ വരെയുള്ള റീച്ചില്‍ അപകടം തുടര്‍ക്കഥയാവുകയാണ്. ചെറുതും വലുതുമായി അപകടം ഇല്ലാത്ത ഒരു ദിവസം പോലുമില്ല എന്നതാണ് സത്യം. ഇക്കഴിഞ്ഞ ദിവസം പുനലൂര്‍ അഞ്ചല്‍ പാതയില്‍ ബൈക്ക് കാറിലേക്ക് ഇടിച്ചുകയറി ബൈക്ക് യാത്രികരായ യുവാക്കള്‍ മരിച്ചതാണ് ഒടുവിലത്തെ അപകടം.
കരവാളൂര്‍ ഉണ്ണിക്കുന്ന് ലക്ഷ്മിവിലാസത്തിൽ സാംകുമാർ,സുജാത ദമ്പതികളുടെ മകൻ സംഗീത് സാം (22), ഉണ്ണിക്കുന്ന് ചരിവിള പുത്തൻവീട്ടിൽ സജികുട്ടന്‍ സുമ ദമ്പതികളുടെ മകന് സരോഷ് (23) എന്നിവരാണ് മരിച്ചത്. അഞ്ചല്‍ പുനലൂര്‍ പാതയില്‍ കൊച്ചുകുരുവിക്കോണത്ത് ചൊവ്വാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം.
പുനലൂര്‍ ഭാഗത്ത് നിന്നും വന്ന കാറിലേക്ക് എതിര് ദിശയിലെത്തിയ ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണു ഗുരുതരമായി പരിക്കേറ്റ സംഗീതിനേയും, സരോഷിനെയും അഞ്ചാലിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചുവെങ്കിലും സംഗീത് മരണപ്പെട്ടിരിന്നു.
അതീവ ഗുരുതരവസ്ഥയിലുള്ള സരോഷിനെ രാത്രിയോടെ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലിരിക്കെ ബുധനാഴ്ച ഉച്ചയോടെ മരിച്ചു. അപകടത്തിനിടയാക്കിയ കാറും ഡ്രൈവറേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
അമിത വേഗതയും അശ്രദ്ധയുമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. എന്നാല്‍ ചിലയിടത്തെങ്കിലും റോഡ് നിര്‍മാണത്തിലുണ്ടായ അപാകതയും സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവവും അപകടത്തിനിടയാക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചയാണ് അഞ്ചല്‍ കുളത്തൂപ്പുഴ പാതയില്‍ ഏരൂര്‍ കാഞ്ഞുവയലില് ലോറി നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി മറിഞ്ഞത്.
വീട്ടിലുണ്ടായിരുന്ന മാതാവും മകനും തലനാരിഴയ്ക്ക് രക്ഷപ്പെട്ടുവെങ്കിലും വീട് പൂര്‍ണമായും തകര്‍ന്നിരുന്നു. പതിനൊന്നാംമൈല്‍, ഏഴംകുളം വലിയേല, കൊച്ചുകലിംഗ് തുടങ്ങിയ ഇടങ്ങളിലെല്ലാം നിരന്തരം അപകട മേഖലയായി മാറുകയാണ്. അധികാരികളുടെ അടിയന്തിര ഇടപെടീല്‍ ഉണ്ടായില്ലെങ്കില്‍ ഇനിയും നിരവധി ജീവനുകള്‍ പൊലിയുമെന്ന് നാട്ടുകാരും പൊതുപ്രവര്‍ത്തകരും മുന്നറിയിപ്പ് നല്കുന്നു.