തിരുമുക്കിലെ അശാസ്ത്രീയ അടിപ്പാത : ജനകീയ റിലേ സത്യഗ്രഹ സമരത്തിന് ജനപിന്തുണ വർധിച്ചു
1594872
Friday, September 26, 2025 5:34 AM IST
ചാത്തന്നൂർ: ദേശീയപാതയിലെ ചാത്തന്നൂർ തിരുമുക്കിലെ അടിപ്പാത ശാസ്ത്രീയമായി പുനർ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് തിരുമുക്ക് അടിപ്പാത സമര സമിതി നടത്തുന്ന റിലേ സത്യഗ്രഹ സമരത്തിന് ഓരോ ദിവസം കഴിയും തോറും ജനപിന്തുണ വർധിച്ചു വരുകയാണ്. ചൊവ്വാഴ്ച 173 പേരാണ് സമരത്തിൽ പങ്കാളികളായതെങ്കിൽ ബുധനാഴ്ച 265 പേർ സമരത്തിൽ പങ്കാളികളായി. സത്യഗ്രഹ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൂടുതൽ സംഘടനകളും രംഗത്തെത്തുകയാണ്. സമരത്തിന് അനുഭാവം പ്രഖ്യാപിച്ച് ധർണകളും നടക്കുകയാണ്.
ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതും ദേശീയ പാത അഥോറിറ്റിയുടെ ആസൂത്രണപ്പിഴവ് വ്യക്തമാക്കുന്നതുമായ അശാസ്ത്രീയ നിർമിതിയാണ് തിരുമുക്കിലെ ചെറിയഅടിപ്പാത എന്ന് റിലേ സത്യഗ്രഹം ഉദ്ഘാടനം ചെയ്ത ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ചന്ദ്രകുമാർ കുറ്റപ്പെടുത്തി. തിരുമുക്കിൽ ശാസ്ത്രീയമായ തരത്തിൽ അടിപ്പാത നിർമിക്കുന്നതിന് വേണ്ടി നിയമവഴികൾ സ്വീകരിക്കേണ്ടി വന്നാൽ അതിന് തദ്ദേശഭരണകൂടം തയാറാകുമെന്നും അദ്ദേഹം പറഞ്ഞു. എട്ടാം ദിവസത്തെ റിലേ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചാത്തന്നൂർ വികസന സമിതി ചെയർമാൻ. ജി. രാജശേഖരൻ അധ്യക്ഷത വഹിച്ചു. പരവൂർ പ്രൊട്ടക്ഷൻ ഫോറം കൺവീനർ അഡ്വ.സത്ജിത്ത്,വ്യാപാരി വ്യവസായി സമിതി ചാത്തന്നൂർ ഏരിയാ പ്രസിഡന്റ് ജയചന്ദ്രൻ , ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം ഗിരികുമാർ, കെപിസിസി വിചാർ വിഭാഗ് ജില്ലാ വൈസ് ചെയർമാൻ കെ.രാമചന്ദ്രൻ പിള്ള, വികസന സമിതി കൺവീനർ ജി.പി.രാജേഷ്, സമരസമിതി ജനറൽ കൺവീനർ കെ.കെ.നിസാർ, ചാത്തന്നൂർ വികസന സമിതി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പി. ദിനകരൻ, പരവൂർ യുവജന കൂട്ടായ്മ കൺവീനർ ഷിബിനാഥ്, തുടങ്ങിയവർ പ്രസംഗിച്ചു.
ചാത്തന്നൂർ വികസന സമിതി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം എൻ.അനിൽകുമാർ സത്യാഗ്രഹം അനുഷ്ടിച്ചു. സത്യഗ്രഹ സമരത്തിന്റെ ഒൻപതാം ദിവസമായ ഇന്ന് ചാത്തന്നൂർ വികസന സമിതി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പി. ദിനകരൻ, പരവൂർ യുവജന കൂട്ടായ്മ കൺവീനർ ഷിബിനാഥ്, പരവൂർ പ്രൊട്ടക്ഷൻ ഫോറം ജോയിൻ്റ് കൺവീനർ പി.കെ.മുരളി എന്നിവർ സത്യഗ്രഹം അനുഷ്ടിക്കും. അഡ്വ.സത്ജിത്ത് രാവിലെ സത്യഗ്രഹം ഉദ്ഘാടനം ചെയ്യും.
ധർണ നടത്തി
ചാത്തന്നൂർ: തിരുമുക്ക് അടിപ്പാത സമരസമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന റിലേ സത്യഗ്രഹത്തിന് ഐക്യദാർഢ്യവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി ചാത്തന്നൂർ യൂണിറ്റ് സമരവേദിയിൽ അനുഭാവ ധർണ നടത്തി.
വ്യാപാരി വ്യവസായി ഏകോപന സമിതി ചാത്തന്നൂർ യൂണിറ്റ് പ്രസിഡന്റ് ശശിധരൻ ധർണ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ഹരിഅമ്മൂസ് അധ്യക്ഷത വഹിച്ചു. രാജേന്ദ്രനുണ്ണിത്താൻപ്രസംഗിച്ചു.
ചാത്തന്നൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ റിലേ അനുഭാവ ധർണയുംനടന്നു. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബി. പ്രമോദ് ധർണ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജി.ബിജു അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സി. എസ്. സഫീലാബീഗം ,സ്കൂൾ ചെയർപേഴ്സൺ അലീഡ തുടങ്ങിയവർ പ്രസംഗിച്ചു.