അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിൽ കസ്റ്റഡി മർദനം നടന്നെന്ന് അന്വേഷണ റിപ്പോർട്ട്
1594883
Friday, September 26, 2025 5:43 AM IST
കൊല്ലം : നിരപരാധിയായ യുവാവിനെ അഞ്ചാലുംമൂട് പോലീസ് കസ്റ്റഡിയിലെടുത്ത് മർദിച്ച സംഭവം സത്യമെന്ന് ഐജിയുടെ നേതൃത്വത്തിലുള്ള മനുഷ്യാവകാശ കമ്മീഷൻ അന്വേഷണ വിഭാഗം കണ്ടെത്തി. യുവാവിന്റെ അമ്മ നൽകിയ പരാതിയിൽ കമ്മീഷൻ അംഗം വി. ഗീതയുടെ നിർദേശാനുസരണം നടത്തിയ അന്വേഷണത്തിലാണ് മർദന സംഭവം സ്ഥിരീകരിച്ചത്.
എന്നാൽ ഇതേ സംഭവത്തിൽ ഇരയായ യുവാവ് കേരള ഹൈക്കോടതിയിൽ റിട്ട് സമർപ്പിച്ച സാഹചര്യത്തിൽ കമ്മീഷൻ കേസ് തീർപ്പാക്കി. കൊല്ലം വെള്ളിമൺ ഇടവട്ടം സ്വദേശിനിയായ ഷഹുബാനത്ത് സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരിയുടെ മകൻ മുഹ്സിനാണ് മർദനമേറ്റത്.
തന്റെ മകൻ ഒരു കേസിലും പ്രതിയല്ലെന്നും പോലീസ് വിട്ടയച്ച ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പോയപ്പോഴാണ് മർദനമേറ്റതായി മനസിലാക്കിയതെന്നും പരാതിക്കാരി കമ്മീഷനെ അറിയിച്ചിരുന്നു.
തുടർന്ന് കുറ്റാരോപിതനായ പോലീസുകാരൻ കമ്മീഷൻ മുമ്പാകെ കുറ്റം നിഷേധിക്കുകയായിരുന്നു. കൂടുതൽ അന്വേഷണങ്ങൾക്കായി കമ്മീഷൻ അന്വേഷണവിഭാഗത്തെ ചുമതലപ്പെടുത്തി. മുഹ്സിന് മർദനമേറ്റതായി സാക്ഷിമൊഴിയും സിസിടിവി ദൃശ്യങ്ങളുമുണ്ടെന്ന് അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.
ചവറ എസ്ഐയെ നിയോഗിച്ച് സിപിഒ ക്കെതിരെ അന്വേഷണം നടത്തിയെങ്കിലും ആരോപണങ്ങൾ തെളിഞ്ഞിരുന്നില്ല. എന്നാലും അച്ചടക്കസേനയിലെ ഒരംഗത്തിൽ നിന്നും ഇത്തരം ആരോപണങ്ങൾ ഉണ്ടാവുന്നത് പോലീസ് സേനക്ക് അനുചിതമായതിനാൽ താക്കീത് ശിക്ഷ നൽകിയിട്ടുണ്ടെന്നും മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.