മാതാ അമൃതാനന്ദമയിയുടെ പിറന്നാൾ; ആഘോഷത്തിനൊരുങ്ങി അമൃതപുരി
1594875
Friday, September 26, 2025 5:34 AM IST
കൊല്ലം: മാതാ അമൃതാനന്ദമയിയുടെ 72-ാംപിറന്നാൾ ആഘോഷങ്ങൾക്കായി അമൃതപുരി ഒരുങ്ങി. അമൃതവർഷം 72 എന്ന പേരിലാണ് നാളെ പിറന്നാൾ ആഘോഷിക്കുന്നത്. ജന്മദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് ഇക്കുറിയും സംഘടിപ്പിക്കുന്നത്. ആഘോഷങ്ങൾക്കായി അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാന്പസിൽ ഒരു ലക്ഷം പേർക്ക് ഇരിക്കാവുന്ന പന്തൽ നിർമിച്ചു.
ഏകദേശം അഞ്ചു ലക്ഷത്തിലധികം പേർ അമൃതവർഷം 72 പരിപാടിയിൽ പങ്കെടുക്കും. മാതാ അമൃതാനന്ദമയി മഠം നടപ്പാക്കുന്ന നിരവധി പദ്ധതികളുടെ പ്രദർശനവും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ഭൂമിയിൽ നമുക്കുള്ള കടമയെ ഓർമപ്പെടുത്തുന്ന സന്ദേശങ്ങൾ അടങ്ങിയതാണ് പ്രദർശന മേള.
പരിസ്ഥിതി സൗഹൃദം, പ്രകൃതി സംരക്ഷണം, മാലിന്യ നിർമാർജനവും പുനരുപയോഗവും, വിഭവങ്ങളുടെ മാതൃകാപൂർണമായ മിതോപഭോഗം, സുസ്ഥിര വികസനം തുടങ്ങിയ ലക്ഷ്യങ്ങൾ മഠം എങ്ങനെ മാതൃകാപരമായി നടപ്പാക്കി എന്നതാണ് മൂന്ന് ദിവസം നീളുന്ന പ്രദർശനത്തിലൂടെ വിശദമാക്കുന്നത്.
നാളെ രാവിലെ അഞ്ചിന് നടത്തുന്ന 72 ഗണപതി ഹോമങ്ങളോടെയാണ് പിറന്നാളാഘോഷത്തിന് തുടക്കമാവുക. ഭാരതത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആദിവാസിഗോത്രാംഗങ്ങൾ ചേർന്ന് ‘ഒരു ലോകം, ഒരു ഹൃദയം' എന്ന സങ്കല്പത്തിലുള്ള ലോകശാന്തി പ്രാർഥന നടത്തും.
തുടർന്ന് ഏഴിനു അമൃതാനന്ദമയിമഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ സത്സംഗത്തിനു ശേഷം സംഗീതജ്ഞരായ ശരത്തും മഞ്ജരിയും സംഘവും ചേർന്ന് ഒരുക്കുന്ന സംഗീത വിരുന്ന് നടക്കും.
72 പ്രമുഖ വ്യക്തികൾ എഴുതിയ അനുഭവങ്ങളുടെ സമാഹാരമായ ‘അമ്മക്കടൽ' എന്ന പുസ്തകത്തിന്റെ പ്രകാശനം, സൗജന്യ ശാസ്ത്രക്രിയകളുടെ പ്രഖ്യാപനം, അമൃത യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ‘അസിസ്റ്റീവ് ടെക്നോളജി ഇൻ എജ്യൂക്കേഷൻ' എന്ന വിഭാഗത്തിന്റെ പുതിയ യുനെസ്കോ ചെയറിന്റെ പ്രഖ്യാപനം, കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ പാവപ്പെട്ടവർക്ക് 6000 ശൗചാലയങ്ങൾ നിർമ്മിച്ചു കൊടുക്കുന്നതിന്റെ പ്രഖ്യാപനം തുടങ്ങിയവയും ഉണ്ടാകും.