ചന്ദനക്കാവ് സ്കൂളിനു മുന്നിൽ അപകടങ്ങൾ പതിവാകുന്നു
1594887
Friday, September 26, 2025 5:46 AM IST
കുളത്തൂപ്പുഴ : അഞ്ചൽ - കുളത്തൂപ്പുഴ മലയോര ഹൈവേ പാതയിൽ ചന്ദനക്കാവ് സ്കൂളിനു മുന്നിൽ വീണ്ടും വാഹനാപകടം. കഴി ഞ്ഞദിവസം രാവിലെ മകളെ സ്കൂളിനു മുന്നിൽ ഇറക്കി മടങ്ങുകയായിരുന്ന വീട്ടമ്മ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഹോംഗാർഡും സ്കൂൾ അധികൃതരും നോക്കിനിൽക്കുമ്പോഴായിരുന്നു അപകടം. വാഹനത്തോടൊപ്പം മറിഞ്ഞുവീണ വീട്ടമ്മയുടെ പരിക്കുകൾ ഗുരുതരമല്ല.
പ്രദേശത്ത് അപകടങ്ങൾ തുടർക്കഥയാവുകയാണ്. അപകടങ്ങൾ ഉണ്ടാക്കുന്നതെല്ലാം അമിത വേഗതയിൽ എത്തുന്ന വാഹനങ്ങളാണ്. വാൻ പാതയോരത്ത് നിർത്തിയിട്ടിരുന്ന മിക്സർ യന്ത്രത്തിലേക്ക് ഇടിച്ചു കയറി അപകടമുണ്ടായത് കഴിഞ്ഞ ദിവസമാണ്.
ഇറച്ചിക്കോഴികളെ കൊണ്ടുവരാനായി പോവുകയായിരുന്ന വാൻ പാതയോരത്തെ ചായക്കടയുടെ തട്ടുകളും മറ്റും ഇടിച്ചു തെറിപ്പിച്ച് റോഡിന് കുറുകെ മറിഞ്ഞതും നിയന്ത്രണംവിട്ട വാൻ പാതയോരത്തെ മരക്കുറ്റിയിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായതും ഏതാനും ദിവസങ്ങൾക്ക് മുന്പാണ്.
അടുത്തടുത്ത് നൂറുമീറ്റർ ചുറ്റളവിലായി പ്രവർത്തിക്കുന്ന നാല് സ്കൂളുകളിലേക്കും കൂവക്കാട് ഗവ.ഐടിഐയിലേക്കും വിദ്യാർഥികൾ ചന്ദനക്കാവ് കവലയിലിറങ്ങിയാണ് റോഡ് മറികടന്ന് പോകാറുള്ളത്. എന്നാൽ പ്രദേശത്തെവിടെയും വേഗത നിയന്ത്രണ സംവിധാനമോ വിദ്യാർഥികൾക്ക് പാത മുറിച്ചു കടക്കുന്നതിന് സൗകര്യമോ ഏർപ്പെടുത്തിയിട്ടില്ല.
അടിയന്തരമായി അധികൃതർ ഇടപെട്ട് വിദ്യാലയങ്ങൾക്ക് സമീപം വേഗത നിയന്ത്രിക്കുന്നതിനാവശ്യമായ സംവിധാനം ഏർപ്പെടുത്തണമെന്ന് രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെടുന്നു.