സാബ്രിയുടെ അരങ്ങേറ്റ സ്വപ്നം ഗാന്ധിജയന്തി ദിനത്തിൽ സഫലമാകും
1594871
Friday, September 26, 2025 5:34 AM IST
കൊല്ലം: കലാമണ്ഡലത്തിന്റെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് ഒക്ടോബർ രണ്ടിനു കൂത്തമ്പലത്തിൽ സാബ്രിയുടെ അരങ്ങേറ്റം നടക്കും. മുസ്ലിം സമുദായത്തില്‍ നിന്ന് കലാമണ്ഡലത്തില്‍ കഥകളി പഠിക്കാനെത്തിയ ആദ്യ പെണ്‍കുട്ടി എന്ന് ചരിത്രത്തിൽ 2022 ൽ എഴുതി ചേർക്കപ്പെട്ട സാബ്രിയുടെ സ്വപ്ന സാഫല്യം കൂടിയാണ് ഗാന്ധി ജയന്തി ദിനത്തിൽ നടക്കുക.
അഞ്ചൽ പനച്ചവിള തേജസിൽ പരിസ്ഥിതി ഫോട്ടോഗ്രാഫർ നിസാം അമ്മാസിന്റെയും അനീസയുടെയും മകളായ സാബ്രി ഇടമുളക്കൽ ഗവ. ജവഹർ ഹൈസ്കൂളിൽ നിന്ന് ഏഴാം തരം പൂർത്തിയാക്കിയാണ് കലാമണ്ഡലത്തിൽ ചേർന്നു പഠനം ആരംഭിക്കുന്നത്.
കലാമണ്ഡലം അധ്യാപകൻ കൂടിയായ കൊല്ലം ചടയമംഗലം സ്വദേശി ആരോമലിന് കീഴിൽ രണ്ട് വർഷത്തെ പരിശീലന ശേഷമാണ് സാബ്രി എട്ടാം തരത്തിൽ കലാമണ്ഡലത്തിൽ ചേർന്നത്.
ചെറുപ്പം മുതൽ മോഹിനിയാട്ടവും കഥകളിയും പഠിക്കാന്‍ തുടങ്ങിയിരുന്ന സാബ്രി എട്ടാം ക്ലാസിൽ കലാമണ്ഡലത്തിൽ എത്തുമ്പോൾ പദ്മശ്രീ ഡോ. കലാമണ്ഡലം ഗോപിയാണ് ആദ്യമുദ്രകൾ പകർന്ന് നൽകിയത്. അധ്യാപകൻ കലാമണ്ഡലം അനിൽകുമാറിന്റയും മറ്റ് ആശാന്മാരുടെയും ശിക്ഷണത്തിലായിരുന്നു പിന്നീടുള്ള സാബ്രിയുടെ പഠനം.
‘പുറപ്പാട്’ എന്ന കഥകളിയാണ് അരങ്ങേറ്റ ദിനത്തിൽ കൂത്തമ്പലത്തിൽ സാബ്രി അവതരിപ്പിക്കുക. കൂടെ സഹപാഠികളായ മൂന്ന് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും ഉണ്ടാവും. ചെറുപ്പം മുതലേ കഥകളിയോടും കഥകളി വേഷത്തോടും ഇഷ്ടം തോന്നിയ സാബ്രിയുടെ ചിരകാല സ്വപ്നമാണ് ഒക്ടോബർ രണ്ടിന് സാഫല്യത്തിലെത്തുക.
ഫോട്ടോഗ്രാഫറായ പിതാവ് നിസാം അമ്മാസ് കഥകളി ചിത്രങ്ങൾ പകർത്താൻ കാമറയുമായി പോകുന്ന ഇടങ്ങളിലെല്ലാം പാതിരാവോളം ഒപ്പം ഉണ്ടാവുമായിരുന്നു സാബ്രി.
ഏക സഹോദരൻ മുഹമ്മദ് യാസീൻ സൈബർ ഫോറൻസിക് സെക്യൂരിറ്റി വിദ്യാർഥിയാണ്. മകളുടെയും കുടുംബത്തിന്റെയും വലിയൊരു സ്വപ്നം യാഥാർഥ്യമായ സന്തോഷത്തിലാണെന്ന് പിതാവ് നിസാം അമാസ്.