മുക്കടവ് കൊലക്കേസ്: മരണകാരണം നെഞ്ചിൽ ആഴത്തിലേറ്റ മുറിവ്
1594879
Friday, September 26, 2025 5:34 AM IST
പുനലൂർ: മുക്കടവിൽ റബർമരത്തിൽ ചങ്ങലയിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയ ജീർണിച്ച മൃതദേഹം വികലാംഗനെന്നു സംശയിക്കുന്നു. ഇടതുകാലിന് സ്വാധീനമില്ലാത്തയാളാണെന്ന് പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞിട്ടുണ്ട്. ഇയാളുടെ കഴുത്തിൽ ഒരു സ്വർണ ചെയിനും കണ്ടെത്തി. ഇതു പോലീസിന്റെ പക്കൽ സൂക്ഷിച്ചിട്ടുണ്ട്. ഇന്നലെയും വിരലടയാള വിദഗ്ധരും ഉന്നത പോലീസുദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തിയിരുന്നു. പരിശോധനയിൽ തെളിവുകൾ കണ്ടെത്താനായില്ല. നെഞ്ചിൽ ആഴത്തിലേറ്റ മുറിവ് മരണകാരണമെന്നും പോലീസ് പറഞ്ഞു.
കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആളുകേറാമലയും റബർ തോട്ടവും വ്യക്തമായി അറിയാവുന്ന ആളുകളാണ് കൊലയ്ക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്. ഒന്നിലധികം ആളുകൾ കൊലയ്ക്ക് പിന്നിൽ ഉണ്ടെന്നും സംശയിക്കുന്നു. ആസിഡോ പെട്രോളോ ഒഴിച്ച് തലയ്ക്കു താഴെ പൊള്ളലേൽപ്പിച്ചതിന്റെ ലക്ഷണമുണ്ട്.
കേസിന്റെ അന്വേഷണ ചുമതല പുനലൂർ പോലീസ് സബ്ഡിവിഷൻ തലത്തിൽ രൂപീകരിക്കുന്ന സംഘത്തിനു കൈമാറുമെന്ന് സംഭവസ്ഥലം സന്ദർശിച്ച റൂറൽ എസ്പി ടി.കെ.വിഷ്ണു പ്രദീപ് പറഞ്ഞു.
ആദ്യമായാണ് ഇത്തരത്തിലൊരു കൊലപാതകം നടക്കുന്നത്. ചങ്ങലയിൽ ബന്ധിച്ച് ഒരാളെ കൊലപ്പെടുത്തിയെന്നതു വിശ്വസിയ്ക്കാൻ പോലും കഴിയുന്നില്ല. അതും ഈ പ്രദേശത്ത് പ്രതികൾ എങ്ങനെയെത്തിച്ചേർന്നെന്ന ചോദ്യവും അവശേഷിയ്ക്കുന്നു.
ആളുകേറാമലയെന്ന ഈ പ്രദേശം ഒരുപാട് ഉയരത്തിലാണ് . എന്തായാലും പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് റബർമരത്തിൽ ചങ്ങലയ്ക്കിട്ട നിലയിൽ ജീർണിച്ച മൃതദേഹം കണ്ടെത്തിയത്. ഇതുവരെ ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.