കാട്ടുമൃഗ ആക്രമണത്തിൽ കൃഷിനാശം : നഷ്ടപരിഹാരം അകലെ
1588344
Monday, September 1, 2025 2:32 AM IST
പത്തനംതിട്ട: കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ കൃഷിനാശമുണ്ടായ കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം വൈകുന്നു. ലക്ഷക്കണക്കിനു രൂപ കര്‍ഷകര്‍ക്ക് ലഭിക്കാനുണ്ട്. കാട്ടുപന്നി, കാട്ടാന, കാട്ടുപോത്ത്, കുരങ്ങ്, മലയണ്ണാന്, മയില്‍ തുടങ്ങിയവ വരുത്തിവച്ച നാശത്തിന്റെ കണക്കുകളുമായി കര്‍ഷകര്‍ വനംവകുപ്പ് ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. തുച്ഛമായ തുകയാണ് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി നല്‍കുന്നത്.
നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ നല്കിയാല് നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കാലതാമസമുണ്ട്. കാട്ടുപന്നി മൂലമുള്ള നാശനഷ്ടത്തിനാണ് അപേക്ഷകള്‍ ഏറെയുമെത്തിയത്. കാട്ടാനയും വന്‍തോതില്‍ നാശനഷ്ടം വരുത്തിയിട്ടുണ്ട്. കൃഷികള്‍ക്കും മരങ്ങള്‍ക്കും കാട്ടാന നാശം വരുത്തിയിട്ടുണ്ട്.
റബര്‍ കര്‍ഷകരും തെങ്ങ് കര്‍ഷകരും ആനയുടെ ഭീതിയിലാണ്. തെങ്ങിനും മറ്റും തുച്ഛമായ നഷ്ടപരിഹാരമാണ് വനംവകുപ്പ് കണക്കാക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പേ നല്കിയ അപേക്ഷയില്‍പോലും തീരുമാനമുണ്ടായിട്ടില്ലെന്ന് കുമ്പളാത്താമണ്ണിലെ പ്രമുഖ കര്‍ഷകനായ ജോയ് കണ്ണാട്ടുമണ്ണില്‍ പറഞ്ഞു.
മനുഷ്യനു നേരേയുള്ള ആക്രമണങ്ങള്‍ക്കും നഷ്ടപരിഹാരമില്ല
കടുവയും പുലിയുംവരെ ജനവാസമേഖലയിലേക്കിറങ്ങിയതോടെ മലയോര ഗ്രാമങ്ങളിലെ ജീവിതം പ്രതിസന്ധിയിലാണ്. വന്യമൃഗങ്ങളുടെ ആക്രമണം ഭീതി ഇരട്ടിപ്പിക്കുന്നു. പാമ്പുകടിക്കുന്നതു മുതല്‍ കാട്ടുപന്നിയും കാട്ടാനയുമടക്കം ജില്ലയുടെ പേടിസ്വപ്നങ്ങളിലുണ്ട്. വന്യമൃഗങ്ങളാല്‍ ആക്രമിക്കപ്പെട്ട പലര്‍ക്കും കൃത്യമായി നഷ്ടപരിഹാരം ലഭിക്കാറുമില്ല.
റാന്നി, കോന്നി വനം ഡിവിഷനുകളിലാണ് വന്യമൃഗ ആക്രമണങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തിന് അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കുന്നത്. ഇതില്‍ കോന്നി ഡിവിഷനു കീഴില്‍ ഈ വര്‍ഷം ഏതാണ്ട് 200ല്‍ അധികം അപേക്ഷകളാണു ലഭിച്ചത്. ഇതില്‍ കുറച്ച് അപേക്ഷകള്‍ക്ക് താത്കാലിക പരിഹാരമുണ്ടായി.
വന്യമൃഗ ആക്രമണത്തില്‍ ഒന്നിലധികം പേരാണു കൊല്ലപ്പെട്ടത്. എന്നാല്‍ സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് ലഭിക്കുന്ന മുറയ്ക്കാണ് അപേക്ഷകര്‍ക്കു നഷ്ടപരിഹാരം നല്‍കുന്നതെന്നും അപേക്ഷിച്ചു മൂന്നുമാസത്തിനകം നഷ്ടപരിഹാരം നല്‍കാറുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, ഇതുസംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നതു സര്‍ക്കാര്‍ വിലക്കിയിട്ടുണ്ടെന്നും സംസ്ഥാനതലത്തില്‍ വനംവകുപ്പ് ഓഫിസില്‍ നിന്നു മാത്രമേ ഇതുസംബന്ധിച്ച വിവരങ്ങള്‍ നല്‍കാവൂ എന്നാണു നിര്‍ദേശമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കാട്ടുപന്നി ഭീതി ഒഴിയുന്നില്ല
ഇപ്പോള്‍ ജില്ലയുടെ താഴ്ന്ന മേഖലകളിലേക്കും നഗര പ്രദേശങ്ങളിലേക്കുമടക്കം എത്തിയിട്ടുണ്ട്. പത്തനംതിട്ട നഗരത്തിലെ മുണ്ടുകോട്ടയ്ക്കല്‍, വെട്ടിപ്രം, വല്യയന്തി മേഖലയില്‍ പന്നിശല്യം രൂക്ഷമാണ്. മൈലപ്ര, നാരങ്ങാനം, വള്ളിക്കോട്, പ്രമാടം, മലയാലപ്പുഴ, ഇലന്തൂര്‍, ചെറുകോല്‍, അയിരൂര്‍ പഞ്ചായത്തുകളിലും പന്നികളുടെ ആക്രമണംമൂലമുള്ള കൃഷിനഷ്ടം ഏറെയാണ്. റാന്നി പെരുനാട്, വടശേരിക്കര, നാറാണംമൂഴി, അങ്ങാടി, പഴവങ്ങാടി, വെച്ചൂച്ചിറ, കൊറ്റനാട് പഞ്ചായത്തുകളിലും റാന്നി ടൗണിലുമടക്കം പന്നികളുടെ ശല്യമുണ്ട്.
കോന്നി, വകയാര്‍, അരുവാപ്പുലം, തണ്ണിത്തോട് തേക്ക്തോട്, കൊടുമണ്‍, ഏഴംകുളം, ഏനാദിമംഗലം, കലഞ്ഞൂര്‍, പന്തളം തെക്കേക്കര പഞ്ചായത്തുകളിലും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇവ വരുത്തിയത്. പന്തളം ടൗണിന്റെ പരിസര മേഖലകളിലുമടക്കം പകല്‍പോലും പന്നികളെ കാണുന്നതു പതിവായി.
അടൂര്‍ നഗരസഭയും പന്നിപ്രശ്നത്തില്നിന്നു മുക്തമല്ല. മല്ലപ്പള്ളി താലൂക്കിലെ കോട്ടാങ്ങല്‍, എഴുമറ്റൂര്‍, മല്ലപ്പള്ളി, കല്ലൂപ്പാറ പഞ്ചായത്തുകളിലും ശല്യം രൂക്ഷമാണ്. കോയിപ്രം, തോട്ടപ്പുഴശേരി, ആറന്മുള, മല്ലപ്പുഴശേരി പഞ്ചായത്തുകളിലും കാട്ടുപന്നി ശല്യമുണ്ട്. ജില്ലയിലെ 26 കേന്ദ്രങ്ങളാണു കാട്ടുപന്നിശല്യമുള്ള ഹോട്ട് സ്പോട്ടുകളായി വനംവകുപ്പ് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ ശല്യം രൂക്ഷമായ പലമേഖലകളും ഇതിലുള്പ്പെട്ടില്ലെന്ന പരാതിയും വ്യാപകമാണ്. പന്നിയെ ഭയന്നു കൃഷി ഉപേക്ഷിച്ച കര്‍ഷകരുടെ എണ്ണവും ഏറെയാണ്.