ഹരിതകർമസേനാംഗങ്ങൾക്കും ആശാ പ്രവർത്തകർക്കുമൊപ്പം ഓണം ആഘോഷിച്ച് മാർ സെറാഫിം മെത്രാപ്പോലീത്ത
1588860
Wednesday, September 3, 2025 4:02 AM IST
പത്തനംതിട്ട: നഗരജീവിതത്തോട് ചേർന്നുനിൽക്കുന്ന ഹരിതകർമ സേനാംഗങ്ങളെയും ആശാ പ്രവര്‍ത്തകരെയും ചേർത്തുനിർത്തി ഓർത്തഡോക്സ് സഭ തുന്പമൺ ഭദ്രാസനാധിപൻ ഡോ.ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ ഓണാഘോഷം.
പത്തനംതിട്ടയ്ക്ക് വൃത്തിയും ശുചിത്വവുമുളള ദിനങ്ങള്‍ സമ്മാനിക്കുന്ന ഹരിതകർമ സേനാംഗങ്ങളെയും ആശാ പ്രവര്‍ത്തകരെയും ആദരിച്ച് ഓണസമ്മാനം നൽകിയായിരുന്നു ആഘോഷം.
ഇവർക്കായി ഓണസദ്യ ഒരുക്കി അതിൽ പങ്കാളിയായ മെത്രാപ്പോലീത്ത ഒരുമയുടെയും ഒത്തുചേരലിന്റെയും ഓണകാഴ്ചയും നിറച്ചു.
ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷങ്ങളിലൊന്നാണ് ഇതെന്ന് ഏബ്രഹാം മാര്‍ സെറാഫിം പറഞ്ഞു. ആഘോഷങ്ങളിൽ പലപ്പോഴും പിൻനിരയിലാകുന്നവരാണ് ഹരിതകർമസേനാംഗങ്ങൾ. എന്നാൽ, അവരില്ലാതെ ആഘോഷം പൂർണമാകില്ല. നാടിനെ ശുചിത്വത്തോടെ നിലനിർത്തുന്നത് ഇവരാണ്. ഇത് കണക്കിലെടുത്താണ് ആദരിക്കലെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ, പത്തനംതിട്ട ഡിവൈഎസ്പി എസ്.ന്യൂമാൻ, തുമ്പമൺ ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, പിആർഒ ബാബുജി ഈശോ, പ്രസ് ക്ലബ് പ്രസിഡന്റ് ബിജു കുര്യൻ, നന്നുവക്കാട് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. സ്റ്റിനോ സ്റ്റാൻലി ജോൺസ് തുടങ്ങിയവർ പ്രസംഗിച്ചു.