പിഎം റോഡിൽ പൈപ്പ് പൊട്ടിയ ഭാഗത്തെ ടാറിംഗ് 15നകം പൂർത്തിയാക്കും
1588850
Wednesday, September 3, 2025 3:44 AM IST
റാന്നി: പുനലൂർ - മൂവാറ്റുപുഴ റോഡിൽ തകർച്ച ഉണ്ടായ ഭാഗങ്ങളിലെ ടാറിംഗ് പ്രവൃത്തികൾ 15നകം പൂർത്തിയാക്കുമെന്ന് പ്രമോദ് നാരായൺ എംഎൽഎ.
ഭാരതി എയർടെൽ കമ്പനിയുടെ ഒപ്ടിക്കൽ ഫൈബർ ലൈൻ സ്ഥാപിക്കുന്നതിനിടെ ഉണ്ടായ അശ്രദ്ധ മൂലം തിങ്കളാഴ്ചയാണ് പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിൽ ബ്ലോക്ക് പടിക്കും മന്ദിരം പടിക്കും മധ്യേ തകർച്ചയുണ്ടായത്. റോഡിന്റെ തകർന്ന ഭാഗങ്ങളിലെ നിർമാണ ജോലികൾ ചൊവ്വാഴ്ച ആരംഭിച്ചു.
അഞ്ചു മീറ്റർ വീതിയിലും ആറ് മീറ്റർ നീളത്തിലും തകർന്ന ഭാഗങ്ങൾ പൂർണമായും പൊളിച്ചുമാറ്റി ജിഎസ്പി വിരിച്ചു ലെവൽ ചെയ്തിട്ടുണ്ട്. ഇത് ഉറച്ച ശേഷം പത്തോടെ ബിഎം ബിസി ടാറിംഗ് നടത്തി റോഡ് പൂർവസ്ഥിതിയിലാക്കും.
നാശനഷ്ടം ഉണ്ടാക്കിയ കരാർ കമ്പനിയുടെ ചെലവിലാകും മുഴുവൻ നിർമാണ പ്രവൃത്തികളും നടത്തുക. ചൊവ്വാഴ്ച രാത്രിയോടെ സ്ഥലത്ത് നിയന്ത്രണങ്ങൾ ഒഴിവാക്കി റോഡിലൂടെ ഗതാഗതം സാധാരണ നിലയിലാക്കും. കുടിവെള്ള പൈപ്പുകൾ പുനസ്ഥാപിക്കുന്നതിനുള്ള നടപടികൾ ജല അഥോറിറ്റിയും നടത്തി വരുന്നുണ്ടെന്ന് എംഎൽഎ പറഞ്ഞു.
കൂടുതൽ സ്ഥലങ്ങളിൽ പൈപ്പ് ലൈൻ തകരാർ ഉള്ളതിനാൽ ജലവിതരണം പൂർണമായും പുനരാരംഭിച്ചിട്ടില്ല. വ്യാഴാഴ്ചയോടെ ജലവിതരണം പൂർവസ്ഥിതിയിലാക്കാൻ സാധിക്കുമെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുള്ളത്. കെഎസ്ടിപി, ജലഅഥോറിറ്റി ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം പ്രമോദ് നാരായൺ എംഎൽഎയും സ്ഥലം സന്ദർശിച്ചു.