ഉത്രാടം നാളില്‍ ചെറുകോലില്‍ ജലോത്സവം
1588858
Wednesday, September 3, 2025 3:44 AM IST
പത്തനംതിട്ട: പമ്പാനദിയില്‍ ചെറുകോല്‍ നെട്ടായത്തില്‍ പുതിയ ഒരു ജലോത്സവത്തിനു തുടക്കമാകുന്നു. ഉത്രാടം തിരുനാള്‍ ജലോത്സവം എന്ന പേരിലാണ് ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിനു മുകളിലായുള്ള നെട്ടായത്തില്‍ സംഘടിപ്പിക്കുകയെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ചെറുകോല്‍ 712 -ാം നമ്പര്‍ എന്‍എസ്എസ് കരയോഗവും തിരുവനന്തപുരം ശ്രീ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഫൗണ്ടേഷനുമാണ് സംഘാടകർ. ചെറുകോല്‍ ശ്രീ സുബ്രഹ്മണ്യ സ്വാമിക്ഷേത്ര കടവില്‍ നിന്നാണ് ജലോത്സവം ആരംഭിക്കുന്നത്. ഉച്ചയ്ക്ക് ഒന്നിന് ആരംഭിക്കുന്ന ജലോത്സവത്തിന് ശ്രീ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഫൗണ്ടേഷന് മുഖ്യരക്ഷാധികാരി പൂരുരുട്ടാതി തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഭദ്രദീപം തെളിയിക്കും.
പൊതുസമ്മേളനം എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും റാന്നി താലൂക്ക് യൂണിയന് പ്രസിഡന്റുമായ ജലോത്സവത്തോട വി.ആര്. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ജലഘോഷയാത്രയുടെ ഉദ്ഘാടനവും ഫ്ളാഗ് ഓഫും പ്രമോദ് നാരായണന് എംഎല്‍എ നിര്‍വഹിക്കും. മത്സര വള്ളംകളി സംഘാടക സമിതി ചെയര്മാന് പി.ആർ. രാജീവ് ഉദ്ഘാടനം ചെയ്യും.
എ, ബി ബാച്ചിലായി 15 പള്ളിയോടങ്ങള്ജലോത്സവത്തില് പങ്കെടുക്കും. സംഘാടകസമിതി ചെയര്മാന് പി. ആർ. രാജീവ്, ചെറുകോല്‍ എന്‍എസ്എസ് കരയോഗം പ്രസിഡന്റ് സി. കെ. ഹരിചന്ദ്രൻ, കെ. ബി. ശശികുമാർ, ഇ. എസ്. ഹരികുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.