വയോജന പകൽപരിപാലനകേന്ദ്രം സാമൂഹികവിരുദ്ധരുടെ താവളം
1588353
Monday, September 1, 2025 2:32 AM IST
അടൂർ: പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ കീഴിൽ ഏനാദിമംഗലം പഞ്ചായത്തിലെ കുന്നിടയിൽ ആരംഭിച്ച വയോജന പകൽ പരിപാലന കേന്ദ്രം പ്രവർത്തനം ആരംഭിക്കാതെയും കെട്ടിടം വേണ്ടവിധത്തിൽ പരിപാലിക്കാതെയും നശിച്ചുതുടങ്ങി. അപ്പിനഴികത്തു ശാന്തകുമാരി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന 2009 ജനുവരി 22നാണ് ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം. എ. ബേബിയായിരുന്നു ഉദ്ഘാടകൻ.
വയോജനങ്ങൾക്ക് ഒറ്റപ്പെടലിന്റെ വിരസതകളിൽനിന്നു മാറി മാനസികോല്ലാസത്തോടെ സമയം ചെലവഴിക്കാനുള്ള അവസരമൊരുക്കുന്ന കേന്ദ്രം എന്ന നിലയിലാണ് കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ചത്. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും പകൽ പരിപാലന കേന്ദ്രം എന്ന നിലയിൽ യാതൊരു പ്രവർത്തനങ്ങളും നടന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
ജില്ലാ പഞ്ചായത്ത് ഭരണസമിതി മാറി വന്നിട്ടും സ്ഥാപനത്തോടു തികഞ്ഞ അവഗണനയാണ് കാണിക്കുന്നത്. ജില്ല സാമൂഹികക്ഷേമ മിഷനു കീഴിൽ വയോജന പരിപാലനത്തിന് നിരവധി പദ്ധതികളുണ്ട്.
സംസ്ഥാനത്തെ മിക്ക ജില്ലകളിലും പകൽ വീട് എന്ന നിലയിൽ ഇത്തരം കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും മിക്കവയും പ്രവർത്തനരഹിതമാണ്. നേരത്തേ വിവാഹ ആവശ്യങ്ങൾക്കായി കേന്ദ്രത്തിന്റെ ഹാൾ ഉപയോഗിച്ചിരുന്ന ു. എന്നാൽ ഇപ്പോൾ പൂർണമായും അടച്ചിട്ട നിലയിലാണ്. രാത്രികാലങ്ങളിൽ ഉൾപ്പെടെ ലഹരി മാഫിയയുടെയും സാമൂഹിക വിരുദ്ധരുടെയും താവളമായി സ്ഥലം മാറിയിരിക്കുന്നുവെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
പദ്ധതി വിജയകരമായി നടപ്പാക്കാമെന്നിരിക്കേ കെട്ടിടത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് പകൽ പരിപാലന കേന്ദ്രം തുറക്കാൻ ഗ്രാമപഞ്ചായത്തും തയാറാകുന്നില്ല. ഇത്തരം ഒരു കേന്ദ്രത്തിന്റെ ആവശ്യകത നാട്ടിലുണ്ടെങ്കിലും പദ്ധതി ഏറ്റെടുക്കാൻ അധികൃതർക്കു താത്പര്യമില്ലെന്നു പറയുന്നു.
വീടുകളിൽ പകൽ ഒറ്റപ്പെട്ടു കഴിയുന്ന വയോജനങ്ങളെ വാഹനത്തിൽ കൊണ്ടു വരികയും വൈകുന്നേരം തിരികെ കൊണ്ടുപോകുകയും ചെയ്യുന്ന തരത്തിൽ പ്രവർത്തനം നടപ്പാക്കണമെന്നാണാവശ്യം.