പത്തനംതിട്ട നഗരസഭ ഹാപ്പിനസ് പാർക്ക് ഉദ്ഘാടനം നാളെ
1588620
Tuesday, September 2, 2025 3:02 AM IST
പത്തനംതിട്ട: നഗരസഭയുടെ ഓണസമ്മാനമായി ഹാപ്പിനസ് പാർക്ക് നാളെ നഗരസഭാ ചെയർമാൻ ടി. സക്കീർ ഹുസൈൻ നാടിന് സമർപ്പിക്കും. മുനിസിപ്പൽ ബസ് സ്റ്റാൻഡിന്റെ തെക്കുഭാഗത്തെ പ്രവേശന കവാടത്തോടു ചേർന്നാണ് പാർക്കും അനുബന്ധസൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്.
വിശ്രമത്തിനും വിനോദത്തിനും ഒപ്പം ആസ്വാദ്യകരമായ നൈറ്റ് ലൈഫിനും സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭ വിഭാവനം ചെയ്ത സാമൂഹ്യ ഇടങ്ങളിൽ ഒന്നു കൂടി പൂർത്തിയാവുകയാണ്. മുന്പ് പൂർത്തിയായ ടൗൺ സ്ക്വയർ നഗരത്തിന്റെ മുഖച്ഛായയിൽ മാറ്റമുണ്ടാക്കി.
നാളെ വൈകുന്നേരം നാലിന് ടൗൺ സ്ക്വയറിൽ നടക്കുന്ന സമ്മേളനത്തിൽ ഹാപ്പിനസ് പാർക്ക് ഉദ്ഘാടനം ചെയ്യും. നിർമാണം പൂർത്തിയാക്കിയിരിക്കുന്ന പാർക്കിൽ കുട്ടികൾക്കായി വിവിധ കളി ഉപകരണങ്ങളും ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. ടേക്ക് എ ബ്രേക്ക്, കഫറ്റീരിയ എന്നീ അനുബന്ധസൗകര്യങ്ങളും നഗരസഭ ഇതോടൊപ്പം ഉറപ്പാക്കിയിട്ടുണ്ട്. നടപ്പാതയിൽ പൂച്ചെടികൾ പിടിപ്പിച്ചും മനോഹരമാക്കിയിട്ടുണ്ട്. ബസ് സ്റ്റാൻഡിനോടു ചേർന്ന് നഗരസഭ ഏറ്റെടുത്ത ട്രാവലേഴ്സ് ലോഞ്ചിൽ കുടുംബശ്രീയുടെ പ്രീമിയം കഫെ ഉടൻ പ്രവർത്തനം ആരംഭിക്കും.
നഗരസഭ ബസ്് സ്റ്റാൻഡിൽ സ്പെഷൽ അസിസ്റ്റൻസ് പദ്ധതി പ്രകാരം ആരംഭിച്ച അഞ്ച് കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. പദ്ധതിയുടെ ആദ്യഘട്ടമായി ബസ് സ്റ്റാൻഡിന്റെ പുനർനിർമാണം ശാസ്ത്രീയമായി പൂർത്തീകരിച്ചിരുന്നു. കാടുപിടിച്ചും മാലിന്യം നിറഞ്ഞു കിടന്ന ബസ് സ്റ്റാൻഡിന്റെ പിൻഭാഗം വൃത്തിയാക്കി പൂച്ചെടികൾ വച്ചുപിടിപ്പിച്ച് മനോഹരമാക്കിയിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ ഡ്രൈവ് വേ, നടപ്പാത എന്നിവയുടെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. ബസ് സ്റ്റാൻഡ് ഭൂമിയുടെ ചുറ്റുമതിൽ നിർമാണത്തിന് ടെൻഡർ നടപടികളിലേക്ക് നഗരസഭ കടന്നിട്ടുണ്ട്. ഇത് പൂർത്തിയാകുന്നതോടെ ഡ്രൈവ് വേയുടെയും നടപ്പാതയുടെയും അവസാന ഘട്ടം പൂർത്തീകരിക്കാനാകും. അര കിലോമീറ്ററോളം നീളത്തിലാണ് ബസ് സ്റ്റാൻഡിനോടു ചേർന്നുള്ള നടപ്പാത ഒരുങ്ങുന്നത്. പ്രഭാത സായാഹ്ന സവാരി നടത്തുന്നവർക്ക് ഈ സൗകര്യം വളരെയേറെ പ്രയോജനപ്രദമാണ്.
പരിമിതമായ പൊതു ഇടങ്ങൾ മാത്രം ഉണ്ടായിരുന്ന നഗരത്തിൽ കൂടുതൽ സാമൂഹ്യ സാംസ്കാരിക ഇടവും വിനോദത്തിനും വിശ്രമത്തിനുമായി കൂടുതൽ സൗകര്യങ്ങളും ഒരുക്കി മെച്ചപ്പെട്ടതും സുരക്ഷിതവുമായ സാമൂഹ്യ അന്തരീക്ഷത്തിൽ നഗര ജീവിതത്തിന പുതിയ മാനം നൽകുക എന്ന ഭരണസമിതിയുടെ ലക്ഷ്യമാണ് ഈ പ്രവർത്തനങ്ങളിലൂടെ സാക്ഷാത്കരിക്കപ്പെടുന്നതെന്ന് നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ പറഞ്ഞു.