ഓണത്തിരക്കേറി, സബ്സിഡി ഉത്പന്നങ്ങൾക്ക് വൻ ഡിമാൻഡ്
1588859
Wednesday, September 3, 2025 4:02 AM IST
കോഴഞ്ചേരി: തിരുവോണത്തിനു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ വ്യാപാര സ്ഥാപനങ്ങളില്‍ വന്‍ തിരക്ക്. തുടർച്ചയായി പെയ്ത മഴയ്ക്കു നേരിയ ശമനമുണ്ടായതോടെയാണ് വ്യാപാര മേഖല സജീവമായത്.
വെളിച്ചെണ്ണ വിലയിലുണ്ടായ കുറവ് വീട്ടമ്മമാര്‍ക്ക് ആശ്വാസമായി. വിവിധ സർക്കാർ സ്ഥാപനങ്ങൾ മുഖേന സബ്സിഡി നിരക്കിൽ എത്തിച്ച ഓണം കിറ്റുകൾക്കും ആവശ്യക്കാരേറെയാണ്. സപ്ലൈകോയുടെ സമൃദ്ധി ഓണകിറ്റിന് വന്‍ ഡിമാന്‍ഡാണ്. മാവേലി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സമൃദ്ധി ഓണക്കിറ്റിന്റെ സ്റ്റോക്ക് തീര്‍ന്നു. 1000 രൂപ വിലയുള്ള ഓണക്കിറ്റില്‍ അരി, പഞ്ചസാര പായസം കിറ്റ്, പലവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടെ 17 സാധനങ്ങളാണ് ഉള്ളത്. റേഷന്‍ കാര്‍ഡ് നിര്‍ബന്ധമല്ലാത്തതിനാല്‍ വന്‍ തിരക്കാണ് കിറ്റ് വാങ്ങാന്‍ ഉണ്ടാകുന്നത്.
കണ്‍സ്യൂമര്‍ ഫെഡിന്റെ നീതി സ്റ്റോറില്‍ കിറ്റ് വാങ്ങുന്നതിന് റേഷന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ഗ്രാമപ്രദേശങ്ങളില്‍ വനിതകള്‍ നേതൃത്വം കൊടുക്കുന്ന സ്വാശ്രയ സംഘങ്ങളും സമുദായ സംഘടനകളുടെ കീഴിലുള്ള വനിതാ സമാജങ്ങളും കുടുംബശ്രീ യൂണിറ്റുകളും വിവിധ തരത്തിലുള്ള ഉപ്പേരികള്‍ ഉത്പാദിപ്പിച്ച് വില്‍ക്കുന്നുണ്ട്. ടൗണ്‍ ഏരിയാകളില്‍ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഉപ്പേരി വില്പന അടക്കം സജീവമാണ്.
ഇതോടൊപ്പം ഇലക്ട്രോണിക്സ്, വസ്ത്രതുണി വ്യാപാരശാലകളിലും വന്‍ തിരക്കാണനുഭവപ്പെടുന്നത്. കൃഷി ഭവനുകളുടെ കീഴില്‍ പച്ചക്കറി വില്‍ക്കുന്ന ഇക്കോ ഷോപ്പുകളും, പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ കുടുംബശ്രീകളുടെ ആഭിമുഖ്യത്തിലും പച്ചക്കറി വില്പന നടത്തുന്നുണ്ട്.