എഐജിയുടെ കാറിടിച്ചു പരിക്കേറ്റ വഴിയാത്രക്കാരനെതിരേ കേസെടുത്ത് തിരുവല്ല പോലീസ്
1588857
Wednesday, September 3, 2025 3:44 AM IST
തിരുവല്ല: എഐജിയും മുൻ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുമായി വി.ജി. വിനോദ് കുമാർ സഞ്ചരിച്ച സ്വകാര്യ കാറിടിച്ച് പരിക്കേറ്റ വഴി യാത്രക്കാരനെ പ്രതിയാക്കി വാഹനാപകട കേസ് എടുത്ത പോലീസ് നടപടി വിവാദത്തിൽ. വിശദമായ അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടു.
ഓഗസ്റ്റ് 30 ന് രാത്രി 10.50 നാണ് സംഭവം. പോലീസ് ആസ്ഥാനത്ത് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസിലെ എഐജിയാണ് വി.ജി. വിനോദ് കുമാർ.
കുറ്റൂരിലെ ഹോട്ടല്‍ തൊഴിലാളി നേപ്പാള്‍ സ്വദേശി ജീവന് പ്രസാദ് ദുംഗലി(47)നാണ് പരിക്കേറ്റത്. തിരുവനന്തപുരത്ത് നിന്നു കോട്ടയത്തേക്കു വന്ന മഹീന്ദ്ര എസ്യുവിയാണ് അപകടമുണ്ടാക്കിയത്. പോലീസ് ഡ്രൈവര്‍ അനന്തുവാണ് വാഹനം ഓടിച്ചിരുന്നത്. എംസി റോഡില്‍ കുറ്റൂരിലാണ് ജീവന് പ്രസാദിനെ വാഹനം ഇടിച്ചത്.
തലയിലും മുഖത്തും തോളിനും പരിക്കേറ്റ ജീവനെ എഐജിയുടെ വാഹനത്തില്‍ തന്നെ പുഷ്പഗിരി ആശുപത്രിയിലാക്കി. തുടര്‍ന്ന് വിവരം പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയും ഡ്രൈവറുടെ മൊഴി വാങ്ങി പരിക്കേറ്റയാള്ക്കെതിരേ കേസ് എടുക്കുകയുമായിരുന്നു.
പോലീസ് നടപടി വിവാദമയാതോടെയാണ് അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടത്. എസ്പി ആർ. ആനന്ദ് അവധിയിലായിരുന്ന സമയത്താണ് തിരുവല്ല പോലീസ് വഴിവിട്ടു പ്രവര്‍ത്തിച്ചത്. വിവരം യഥാസമയം എസ്പിയെ അറിയിക്കുന്നതില്‍ സ്പെഷല്‍ ബ്രാഞ്ചിനും വീഴ്ചയുണ്ടായി.
സാധാരണ അപകടത്തിന് ഇരയാകുന്നവരുടെ മൊഴി എടുത്ത് വാഹനം ഓടിക്കുന്നവര്ക്കെതിരേയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. വിശദമായ അന്വേഷണത്തിനും സിസിടിവി പരിശോധനയ്ക്കുമൊക്കെ ശേഷമാണ് എഫ്ഐആര്‍ ഇടുക. എന്നാല്‍, എഐജിയുടെ സ്വാധീനം മൂലം വാദിയെ പ്രതിയാക്കി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
വിവരം വൈകിയാണെങ്കിലും ശ്രദ്ധയിൽപെട്ട ജില്ലാ പോലീസ് മേധാവി ആര്. ആനന്ദ് ഇതു സംബന്ധിച്ച അന്വേഷണത്തിന് ജില്ലാ സി ബ്രാഞ്ച് ഡിവൈഎസ്പി കെ.എ. വിദ്യാധരനെ ചുമതലപ്പെടുത്തി. നിയമവിരുദ്ധമായി എഫ്ഐആര്‍ ഇട്ടത് ആരുടെ നിര്ദേശപ്രകാരമാണെന്നതാണ് അന്വേഷിക്കുന്നത്.
എഐജിയുടെ ഭാഗത്തു നിന്ന് അധികാര ദുര്‍വിനിയോഗം ഉണ്ടായതായിട്ടാണ് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ റിപ്പോര്‍ട്ട്. പത്തനംതിട്ട എസ്പിയായിരുന്ന വി.ജി. വിനോദ്കുമാറിനെ നിരവധി കേസുകള്‍ അട്ടിമറിച്ചതിന്റെ പേരിലാണ് ്ഥലം മാറ്റിയത്.
എഡിജിപി എം.ആര്. അജിത്കുമാറിന് ശബരിമലയിലേക്ക് ട്രാക്ടര്‍ യാത്ര ഒരുക്കിയതും വിനോദ്കുമാര്‍ എസ്പി ആയിരിക്കുമ്പോഴാണ്. ഏറ്റവും ഒടുവിലായി രണ്ടു വനിതാ എസ്ഐമാര്‍ക്ക് രാത്രികാലങ്ങളില്‍ വാട്സാപ്പ് സന്ദേശം അയച്ചതിന്റെ പേരില്‍ വിനോദ്കുമാറിനെതിരേ ഡിഐജി മെറിന് ജോസഫിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നു വരികയാണ്.
സ്വകാര്യ കാറില്‍ ഡിപ്പാര്‍ട്ട്മെന്റ് ഡ്രൈവറെ ഡ്യൂട്ടിക്ക് നിയോഗിച്ചത് അടക്കമുള്ള വിഷയങ്ങളില്‍ എഐജി വിശദീകരണം നല്‍കേണ്ടി വരും.