ഒളിവിൽ പോയ കാപ്പ കേസ് പ്രതിയെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു
1588619
Tuesday, September 2, 2025 3:02 AM IST
അടൂർ: ജില്ലാ കളക്ടറുടെ തടങ്കൽ ഉത്തരവറിഞ്ഞ് ഒളിവിൽ പോയ കാപ്പ കേസ് പ്രതിയെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. അടൂർ പറക്കോട് ഇജാസ് മൻസിൽ ഇജാസ് റഷീദ് (26) നെയാണ് പിടികൂടിയത്.
ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരേ കാപ്പ വകുപ്പ് 3 പ്രകാരം ജില്ലാ പോലീസ് മേധാവിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ കളക്ടർ കഴിഞ്ഞ വർഷം തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഉത്തരവ് നടപ്പാക്കുന്നതിന് മുൻപ് ഇയാൾ ഒളിവിൽ പോയി. തുടർന്ന് അടൂർ പോലീസ് ഇയാൾഡക്കെതിരേ കഴിഞ്ഞ മാർച്ച് 21-ന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ഓഗസ്റ്റ് 31ന് പറക്കോട് ജംഗ്ഷനിൽ നിന്നും എസ്ഐ ഡി.സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. 2018 മുതൽ ഇയാൾ വധശ്രമം, മനഃപൂർവമല്ലാത്ത നരഹത്യാശ്രമം, ദേഹോപദ്രവം ഏല്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, കഞ്ചാവ് കൈവശം വയ്ക്കൽ തുടങ്ങിയ ഒട്ടേറെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. അടൂർ പോലീസ് സ്റ്റേഷനിൽ ഒൻപതും പന്തളം പോലീസ് സ്റ്റേഷനിൽ ഒരു കേസുമാണ് ഇയാളുടെ പേരിൽ ഉള്ളത്.