കല്ലേലിയിൽ വിരിഞ്ഞ ചുവന്ന വിസ്മയം
1588345
Monday, September 1, 2025 2:32 AM IST
ജഗീഷ് ബാബു
കോന്നി: വയനാട്, ഗവി വനമേഖലകളിൽ സൗന്ദര്യം വിടർത്തി നിൽക്കുന്ന ചുവപ്പൻ അലങ്കാരം കോന്നി കല്ലേലിയിലും. കല്ലേലി അക്കരക്കാലായിൽ വർഗീസ് പി. മാത്യുവിന്റെ വീട്ടുമുറ്റത്ത് വിരിഞ്ഞ റെഡ് ജേഡ് വൈൻ പൂക്കൾ നാട്ടുകാർക്കും വഴിയാത്രക്കാർക്കും അത്ഭുതക്കാഴ്ചയായി മാറുകയാണ്.
ആദ്യനോട്ടത്തിൽ, വിശേഷദിനത്തിലേക്ക് ഒരുക്കിയ അലങ്കാരപ്പന്തൽപോലെ തോന്നിക്കുന്നതാണ് പൂക്കളുടെ ഈ കാഴ്ച. അടുത്തെത്തുന്പോൾ മാത്രമേ പ്രകൃതിയുടെ സ്വന്തം കലാകൃതിയുടെ സൗന്ദര്യാസ്വാദനം പൂർണമാകൂ. തീപ്പൊരിപോലെ ചുവന്ന നിറത്തിൽ കൊളുത്തുകളെ ഓർമിപ്പിക്കുന്ന പൂക്കൾ കുലകളായി തൂങ്ങിനിൽക്കുന്നു. ഓരോ പൂവും ഒറ്റയ്ക്കു ഭംഗിയുള്ളതാണെങ്കിലും കൂട്ടമായി വിരിയുമ്പോഴുണ്ടാക്കുന്ന കാഴ്ച അതുല്യമാണ്.
സസ്യസൗന്ദര്യത്തിന് പിന്നിലെ കഥ
ഈ അപൂർവ സസ്യസൗന്ദര്യത്തിന് പിന്നിൽ വർഗീസ് മാത്യുവിന്റെ ഭാര്യ ലിജി വർഗീസിന്റെ സമർപ്പണമാണ്. ചെടികളുടെ ലോകത്ത് ജീവിക്കുന്ന ഒരാളാണ് അവർ. സമൂഹമാധ്യമങ്ങളിൽ ആദ്യം റെഡ് ജേഡ് വൈൻ പൂക്കൾ കണ്ടപ്പോൾത്തന്നെ അതു സ്വന്തമാക്കണമെന്നു തീരുമാനിച്ചു. നിരവധി നഴ്സറികളിൽ അന്വേഷിച്ചാണ് ചെടി വാങ്ങിയത്.
വെറും ഒരു വർഷം മുൻപ് വീട്ടുമുറ്റത്ത് നട്ട ചെടി, രണ്ട് ആഴ്ചകൾക്കു മുന്പ് ആദ്യമായി പൂത്തു. ചെടികൾ മുഴുവനായി വീടിനും നാടിനും ഒരുത്സവം പോലെയുള്ള കാഴ്ചയാണ്.
പൂക്കളുടെ സ്വപ്നലോകം
അറയും നിരയുമെല്ലാം ചേർന്ന അക്കരക്കാലായിൽ തറവാട്ട് വീടിന്റെ മുറ്റം ഒരു സ്വപ്ന പൂന്തോട്ടമാണ്. ഗോൾഡൻ കാസ്കേഡ്, ക്യാറ്റ്സ് ക്ലോ, സാൻഡ് പേപ്പർ വൈൻ, മണിമുല്ല, ബ്രൈഡൽ ബൊക്കെ, അനവധി ഓർക്കിഡുകൾ, ആന്തൂറിയം, ഇൻഡോർ പ്ലാന്റുകൾ, വിവിധയിനം റോസുകൾ, വിവിധ നിറങ്ങളിലുള്ള ബൊഗൻവില്ലകൾ എല്ലാം ചേർന്ന് മുറ്റത്തെ നിറവിസ്മയമാക്കി മാറ്റുന്നു. ഒരു കോണിൽ വിരിഞ്ഞ ബൊഹീമിയ സസ്യം ഒരേസമയം പല നിറങ്ങളിൽ പൂക്കൾ വിരിയിച്ച് കാഴ്ചയെ മായികമാക്കുന്നു.
ഫലവൃക്ഷങ്ങളുടെ സമൃദ്ധി
പൂക്കൾക്കൊപ്പം പഴവർഗങ്ങളും പച്ചക്കറികളും. മുന്തിരി, ഓറഞ്ച്, ചെസ്റ്റ്നട്ട്, കൂടാതെ 17 തരം പഴവർഗങ്ങൾ വീട്ടുമുറ്റത്ത് കാണാം. പച്ചക്കറികൾ വളർത്തുന്നതിനാൽ കുടുംബത്തിന്റെ ഒരോ ദിവസത്തെയും ഭക്ഷണത്തിനും ഒരു വലിയ പങ്ക് വീട്ടുമുറ്റം നിറവേറ്റുന്നു. വരാനിരിക്കുന്ന ഓണത്തിന് പൂക്കൾക്കായി 2,000ലധികം ബന്ദിത്തൈകളും ഒപ്പം മുളകുചെടികൾകൂടി നട്ടുപിടിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം അരുവാപ്പുലം കൃഷിഭവനിൽനിന്ന് ഉദ്യാനപാലക അവാർഡ് നേടിയ ലിജി വർഗീസ്, തന്റെ കൃഷിപ്രേമവും പരിശ്രമവുംകൊണ്ട് നാട്ടുകാർക്കിടയിൽ മാതൃകയായിരിക്കുകയാണ്.
പൂന്തോട്ടം നോക്കിയാൽ, അത് ഒരു വീട്ടുമുറ്റം മാത്രമല്ല പ്രകൃതിയോടുള്ള സ്നേഹം, കരുതൽ, ആത്മാർപ്പണം എന്നിവ ചേർന്നുണ്ടാക്കിയ ജീവിക്കുന്ന കലാസൃഷ്ടി തന്നെയാണ് ഇവടെ കാണാൻ കഴിയുക.