കർഷകരെ കുരുക്കിലാക്കി സപ്ലൈകോ : ഉള്ള കടം വീട്ടില്ല, ഇനിയും കടം പറയും; ചോദിക്കരുത്!
1588849
Wednesday, September 3, 2025 3:44 AM IST
പത്തനംതിട്ട: സപ്ലൈകോ ഏറ്റെടുത്ത നെല്ലിന്റെ വില നാലു മാസമായി ലഭിക്കുന്നില്ലെന്ന പരാതി നിലനിൽക്കേ പുതുതായി നെല്ല് ഏറ്റെടുക്കണമെങ്കിൽ വില ചോദിച്ചു പ്രശ്നമുണ്ടാക്കരുതെന്ന നിബന്ധനയും.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പണം നൽകുമ്പോൾ മാത്രമേ നെല്ലിന്റെ വില നൽകുകയുള്ളൂ എന്നിവ അംഗീകരിച്ച് കർഷകർ സാക്ഷ്യപത്രം നൽകണമെന്ന സപ്ലൈകോയുടെ പുതിയ നിർദേശം കർഷകരെ കുരുക്കിലാക്കിയിരിക്കുകയാണ്.
ഇത്തവണത്തെ ആരംഭിച്ച ഓൺലൈൻ കർഷക രജിസ്ട്രേഷനൊപ്പമാണ് സാക്ഷ്യപത്രങ്ങൾ സപ്ലൈകോ ഉൾപ്പെടുത്തിയിരിക്കുന്നത്. വേനൽമഴയ്ക്കു ശേഷം കൊയ്തെടുത്ത നെല്ല് സപ്ലൈകോ നൽകി നാലു മാസം പിന്നിടുന്പോഴും സംഭരണ വില നൽകിയിട്ടില്ല. സാന്പത്തിക പ്രതിസന്ധിയിലായ കർഷകർക്ക് ഇത്തവണ ഓണം ഇല്ലെന്ന സ്ഥിതിയായിട്ടുണ്ട്.
കൃഷിവകുപ്പും കൈയൊഴിഞ്ഞു
നെല്ലിന്റെ സംഭരണ വില പാഡി രസീത് ഷീറ്റ് സമർപ്പിച്ചു ബാങ്ക് മുഖേന ലഭിക്കുമെന്നായതോടെ സംസ്ഥാന കൃഷിവകുപ്പ് കർഷകരെ കൈയൊഴിഞ്ഞ മട്ടാണ്. പലിശയ്ക്കു പണം വാങ്ങിയും പണയം വച്ചും നെൽകൃഷി ചെയ്ത കർഷകരാണ് വെട്ടിലായത്. ഏപ്രിൽ, മേയ് മാസങ്ങളിൽ കൊയ്ത്തു പൂർത്തിയാക്കി നെല്ല് സപ്ലൈകോയ്ക്കു കൈമാറിയതാണ്. പിആർഎസ് ലഭിച്ചെങ്കിലും ബാങ്കുകളിൽനിന്നു പണം നൽകുന്നില്ലെന്നാണ് ആക്ഷേപം.
നെല്ലിന്റെ പണം ലഭിക്കാത്തതു മൂലം പലരുടെയും ജീവിതം ബുദ്ധിമുട്ടിലാണ്. ചികിത്സാ ചെലവുകൾക്കടക്കം പണം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണ് കർഷകർ. കർഷകർ മേയ് പകുതിയോടെ നൽകിയ പിആർഎസ് രസീതുകൾ പത്തു ദിവസത്തോളം വൈകിയാണ് ഉദ്യോഗസ്ഥർ പാഡി ഓഫീസുകളിൽ രജിസ്റ്റർ ചെയ്തതെന്നും ഇതാണ് പ്രതിസന്ധിയായതെന്നും പറയുന്നു.
സംസ്ഥാനത്താകമാനം കഴിഞ്ഞ സീസണിലെ നെല്ല് സംഭരിച്ച വകയിൽ 349.28 കോടിയാണ് സപ്ലൈകോ ഇനിയും കർഷകർക്കു നൽകാനുണ്ട്.
ഈർപ്പം പാടില്ല
നെല്ലിൽ 17 ശതമാനത്തിൽ കൂടുതൽ ഈർപ്പം പാടില്ലെന്നാണ് സംഭരണത്തിനുള്ള കേന്ദ്രനിബന്ധന. പതിര് മൂന്ന് ശതമാനം, കേടായത് നാല് ശതമാനം, കലർപ്പുകൾ ആറ് ശതമാനം, അജൈവ മാലിന്യങ്ങൾ ഒരു ശതമാനം എന്നിവയിൽ കൂടരുതെന്നും നിർദേശമുണ്ട്.
എന്നാൽ, കർഷകരെ ഭീഷണിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് നിബന്ധനകളെന്നു കർഷകസംഘടനകൾ ആരോപിക്കുന്നു. ഈർപ്പത്തിന്റെ അളവ് കൂടുന്നത് മഴയടക്കമുള്ള കാലാവസ്ഥ പ്രശ്നങ്ങൾ മൂലമാണ്. പാടശേഖരങ്ങളിൽനിന്നു നെല്ല് സംഭിക്കാൻ വൈകുന്നതും ഈർപ്പം വർധിക്കാൻ കാരണമാകുന്നുണ്ട്.
അതേസമയം, കേന്ദ്ര നിബന്ധങ്ങൾ അനുസരിച്ചുമാത്രമേ നെല്ല് സംഭരിക്കാൻകഴിയൂകയുളളൂവെന്നു സപ്ലൈകോ പറയുന്നത്. ഇത് ഉറപ്പിക്കാൻ വേണ്ടിയാണ് സത്യവാങ്മൂലം. കൃത്യമായി ഉണക്കുകയും പതിര് നീക്കുകയും ചെയ്താൽ തടസമില്ലാതെ സംഭരണം നടത്താനാകും. തർക്കങ്ങളും ഒഴിവാകും. കേന്ദ്ര-സംസ്ഥാന വിഹിതം ഉപയോഗിച്ചാണ് നെല്ലിന്റെ വില നൽകുന്നതെന്നുമാണ് സപ്ലൈകോയുടെ വിശദീകരണം.
കാലാവസ്ഥ ചതിച്ചു, പിന്നാലെ സർക്കാർ വകുപ്പുകളും
പന്തളം കരിങ്ങാലിപ്പാടത്തെ കർഷകർക്ക് ഓണത്തിനു കണ്ണീരാണ് ബാക്കിയുള്ളത്. ഭാരിച്ച അധ്വാനത്തിലൂടെ വിളയിച്ച നെല്ലിന്റെ വിലയ്ക്കാണ് ബാങ്കുകൾ കയറിയിറങ്ങുന്നത്.
കരിങ്ങാലിപ്പാടത്തെ 593 ഏക്കറിലായിരുന്നു കൃഷി. ചിറ്റിലപ്പാടം, വാരുകൊല്ല, വാളകത്തിനാൽ, ചിറമുടി, മഞ്ഞനംകുളം, മണത്തറ, തോണ്ടുകണ്ടം, വലിയകൊല്ല, ഈയാംകോട്, മേലെമൂപ്പത്തി, മൂന്നുകുറ്റി, കരിയിലച്ചിറ, മണ്ണിക്കൊല്ല എന്നിവിടങ്ങളിലായി 228 കർഷകരാണ് കൃഷിയിറക്കിയത്.
വേനൽമഴ പല കൃഷിയിടങ്ങളെയും ബാധിച്ചു. ചിലരുടെ മൂന്നിലൊന്നും മഴയിൽ നശിച്ചു. പാടത്ത് ഡീവാട്ടറിംഗ് സൗകര്യമില്ലാത്തതു മൂലം വെള്ളം കെട്ടിയതാണ് കാരണം. മൂന്നുകുറ്റിയിൽ 50 ഏക്കറിൽ കൃഷിയിറക്കിയതിൽ 22 ഏക്കറിലെയും നെല്ല് നശിച്ചു പോയിരുന്നു.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കനിഞ്ഞാൽ മാത്രം വില
സംഭരിച്ച നെല്ലിന്റെ തുക കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സപ്ലൈകോയ്ക്കു നൽകുമ്പോൾ മാത്രമേ കർഷകർഷകർക്കു ലഭിക്കൂ. ഇക്കാര്യം പൂർണബോധ്യത്തോടെ അംഗീകരിക്കുന്നുവെന്നും ഇതിനു സമ്മതമാണെന്നുമാണ് കർഷകർ പുതുതായി ഒപ്പിട്ടു നൽകുന്ന സാക്ഷ്യപത്രത്തിൽ പറയുന്നത്.
കേന്ദ്ര ഗുണമേന്മ മാനദണ്ഡങ്ങൾ പാലിക്കാത്ത പക്ഷം നെല്ല് സംഭരിക്കാതിരിക്കുന്നതടക്കമുള്ള ഏതു നടപടി സ്വീകരിക്കുന്നതിനു സപ്ലൈകോ അധികൃതർക്ക് പൂർണാധികാരമുണ്ടെന്നും എതിർപ്പില്ലെന്നും ഇത് അംഗീകരിക്കുന്നുവെന്നും രണ്ടാമത്തെ സത്യവാങ്മൂലത്തിൽ പറയുന്നു.
2025 - 26ലെ ഒന്നാംവിള സീസണിലേക്കുള്ള കർഷക രജിസ്ട്രേഷനാണ് നടക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട ഓൺലൈൻ അപേക്ഷയിലാണ് പുതിയ നിബന്ധനകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് അംഗീകരിക്കുന്നവർക്കു മാത്രമേ രജിസ്ട്രേഷൻ നടപടി പൂർത്തീകരിക്കാൻ കഴിയൂ. മുൻ വർഷങ്ങളിൽ സാക്ഷ്യപത്ര കോളമുണ്ടായിരുന്നെങ്കിലും ഇത്തവണ ഇതു പരിഷ്കരിച്ചു രണ്ടു പ്രത്യേക സത്യവാങ്മൂലങ്ങളാക്കി. ഒപ്പം നെല്ല് വില ഉൾപ്പെടുത്തുകയും ചെയ്തു.