ഓണവിഭവങ്ങൾ ഒരുക്കാൻ ന്യായവില കടകൾ
1588617
Tuesday, September 2, 2025 3:02 AM IST
പത്തനംതിട്ട: ഓണവിഭവങ്ങൾ ഒരുക്കാൻ ന്യായവില പച്ചക്കറി, പലവ്യഞ്ജന വ്യാപാരം ഉപഭോക്താക്കൾക്ക് ആശ്വാസമാകുന്നു. സഹകരണ മാർക്കറ്റുകൾ, സപ്ലൈകോ, ഹോർട്ടികോർപ് തുടങ്ങിയവയോടു ചേർന്നാണ് ന്യായവില വില്പനശാലകൾ ആരംഭിച്ചിരിക്കുന്നത്.
ഓണച്ചന്തകളായി പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളിൽ ന്യായവിലയ്ക്ക് പച്ചക്കറിയും ഏത്തക്കായ ഉൾപ്പെടെയുള്ളവയും ലഭ്യമാകും. നാളെവരെയാണ് ഓണച്ചന്തകളുടെ പ്രവർത്തനം.
മല്ലപ്പള്ളിയിൽ വിഎഫ്പിസികെ ചന്ത
മല്ലപ്പള്ളി: വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പാതിക്കാട് സ്വാശ്രയ കർഷക വിപണിയോടനുബന്ധിച്ച് കർഷക ചന്ത ആരംഭിച്ചു. പ്രസിഡന്റ് ലെവി പോളിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിദ്യാമോൾ ഉദ്ഘാടനം ചെയ്തു. ആനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസൻ ദാനിയേൽ, കുഞ്ഞുകോശി പോൾ, ഐ. ചാക്കോ, തോമസ് കൊല്ലറക്കുഴി, വി.എം. ജോർജ്, സോജി ജോസ് എന്നിവർ പ്രസംഗിച്ചു.
നാലുവരെ ഓണച്ചന്ത പ്രവർത്തിക്കും. നാടൻ പച്ചക്കറികൾ വിപണി വിലയേക്കാൾ 30 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകും.
വടക്കടത്തുകാവിൽ ഓണച്ചന്ത
അടൂർ: ഏറത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ വടക്കടത്തുകാവില്‍ ആരംഭിച്ച ഓണച്ചന്ത നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക വിഭവങ്ങള്‍ മിതമായ നിരക്കില്‍ ജനങ്ങള്‍ക്ക് നല്കാന് ഓണച്ചന്തയിലൂടെ കഴിയുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടി അധ്യക്ഷനായി. മറിയാമ്മ തരകൻ, റ്റി.ഡി. സജി, കൃഷി ഓഫീസര്‍ സൗമ്യ എന്നിവര്‍ പ്രസംഗിച്ചു.
കാര്‍ഷിക ക്ഷേമവകുപ്പ് ജില്ലാതല ഓണച്ചന്ത അടൂരില്‍
അടൂർ: കാര്‍ഷിക ക്ഷേമ വകുപ്പിന്റെ ജില്ലാതല ഓണച്ചന്ത അടൂരില്‍ ആരംഭിച്ചു. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. അടൂര്‍ നഗരസഭാ കൗണ്‍സിലര്‍ ഡി. സജി അധ്യക്ഷത വഹിച്ചു.
ആദ്യ വില്പന പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി. മണിയമ്മ നിര്‍വഹിച്ചു. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മാത്യു ഏബ്രഹാം, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ റോണി വര്‍ഗീസ്, കൃഷി ഓഫീസര്‍ ഷിബിന്‍ ഷാജ് എന്നിവര്‍ പ്രസംഗിച്ചു.