എട്ടുനോന്പാചരണം
1588348
Monday, September 1, 2025 2:32 AM IST
നിർമലപുരം കുരിശുമല തീർഥാടന കേന്ദ്രത്തിൽ
ചുങ്കപ്പാറ: കരുവള്ളിക്കാട് നിർമലപുരം കുരിശുമല തീർഥാടന കേന്ദ്രത്തിൽ എട്ടുനോമ്പാചരണവും പരിശുദ്ധ കന്യകമറിയത്തിന്റെ ജനനത്തിരുനാളും ഇന്നുമുതൽ എട്ടുവരെ നടക്കും. എല്ലാദിവസവും വൈകുന്നേരം 4.30ന് ജപമാല, വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന, പ്രസംഗം എന്നിവ ഉണ്ടാകുമെന്ന് വികാരി ഫാ. മോബൻ ചൂരവടി അറിയിച്ചു.
ഫാ. ജോസഫ് വരിക്കാപ്പള്ളി, ഫാ. ടോണി മണിയഞ്ചിറ, ഫാ. ജോസഫ് കിഴക്കേമുറി, ഫാ. ജോംസി പൂവത്തോലിൽ, ഫാ. മോബൻ ചൂരവടി, ഫാ. ആന്റണി കാച്ചാംകോട്ട്. ഫാ. ജോസഫ് മാമ്മൂട്ടിൽ എന്നിവർ കാർമികത്വം വഹിക്കും. സമാപനദിവസമായ എട്ടിനു വൈകുന്നേരം ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ഫാ. മാത്യു അഞ്ചിൽ കാർമികത്വം വഹിക്കും. ജപമാല പ്രദക്ഷിണം, നേർച്ച വിതരണം എന്നിവയോടെ തിരുനാൾ സമാപിക്കും.
ചുങ്കപ്പാറ സെന്റ് ജോർജ് പള്ളിയിൽ
ചുങ്കപ്പാറ: സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ എട്ടുനോന്പാചരണം ഇന്നു മുതൽ എട്ടുവരെ നടക്കും. എല്ലാദിവസവും വൈകുന്നേരം അഞ്ചിന് കുർബാന, മധ്യസ്ഥപ്രാർഥന എന്നിവ പള്ളിയിലും സെന്റ് മേരീസ് പള്ളിയിലുമായി ഉണ്ടാകും. വികാരി ഫാ. എബി വടക്കുംതല കൊടിയേറ്റ് നിർവഹിച്ചു.
ഫാ. ചെറിയാൻ കുരിശുംമൂട്ടിൽ, ഫാ. എൽദോ മോഴശേരിൽ, ഫാ. നൈനാൻ വെട്ടീരേത്ത്, ഫാ. കോശി മണ്ണിൽ എന്നിവർ കാർമികരാകും. ഏഴിനു വൈകുന്നേരം ആറിന് സന്ധ്യാപ്രാർഥനയെത്തുടർന്ന് തിരുനാൾ പ്രദക്ഷിണം. എട്ടിനു രാവിലെഏഴിന് കുർബാനയ്ക്ക് ഫാ. ചെറിയാൻ കോട്ടയിൽ കാർമികത്വം വഹിക്കും. മധ്യസ്ഥ പ്രാർഥന, നേർച്ചവിളന്പ് എന്നിവയോടെ സമാപിക്കും.
കൊറ്റനാട് സെന്റ് ജോർജ് പള്ളിയിൽ
കൊറ്റനാട്: സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഇന്നു മുതൽ എട്ടുവരെ എട്ടുനോന്പാചരണത്തോടനുബന്ധിച്ച് എല്ലാദിവസവും രാവിലെ 6.45ന് പ്രാർഥനയും 7.15ന് കുർബാനയും ഉണ്ടാകും.
ഫാ. ഏബ്രഹാം ശാമുവേൽ, ഫാ. എം.ജെ. ജോൺ, മാത്യൂസ് റന്പാൻ, തോമസ് ജോൺസൺ കോർ എപ്പിസ്കോപ്പ, ഫാ. ജോജി മാത്യു, ഫാ. വിനോദ് ഫിലിപ്പ് എന്നിവർ വിവിധ ദിവസങ്ങളിൽ കാർമികത്വം വഹിക്കും.
ഏഴിനു വൈകുന്നേരം വൃന്ദാവനം കുരിശിങ്കൽ പ്രാർഥനയും തുടർന്ന് പള്ളിയിലേക്ക് പ്രദക്ഷിണവും. എട്ടിനു രാവിലെ കുർബാനയ്ക്ക് വികാരി ഫാ. സൈമൺ വർഗീസ് കാർമികത്വം വഹിക്കും.
കല്ലൂപ്പാറ സെന്റ് മേരീസ് പള്ളിയിൽ
കല്ലൂപ്പാറ: സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാൾ ഇന്നു മുതൽ എട്ടുവരെ കൊണ്ടാടും. ഇന്നു രാവിലെ ഫാ. ദിബു ജേക്കബ് വിശുദ്ധ കുർബാന അർപ്പിക്കും.
തുടർന്നുള്ള ദിവസങ്ങളിൽ ഫാ. ജോർജ് പനയ്ക്കാമറ്റം, ഫാ. ഡോ. ജിജോ ജോസഫ് ഏബ്രഹാം, ഫാ.ബിനോ ജോൺ, ഫാ. എബിൻ സജി, ഫാ. ഡോ. വി. ജോൺസൺ, ഫാ. കോശി അലക്സാണ്ടർ തുടങ്ങിയവർ കാർമികത്വം വഹിക്കും.
മൂന്നിനു രാവിലെ 10.30ന് അഭയം പ്രാർഥനാ സംഗമത്തിന് ഡോ. എം.എസ്. യൂഹാനോൻ റന്പാൻ നേതൃത്വം നൽകും. ഏഴിനു വൈകുന്നേരം 5.30ന് സന്ധ്യാപ്രാർഥനയെത്തുടർന്ന് കല്ലൂപ്പാറ ജംഗ്ഷൻ കുരിശടിയിലേക്ക് പ്രദക്ഷിണം. എട്ടിനു രാവിലെ കുർബാനയ്ക്ക് ബർസ്ലീബി റന്പാൻ കോർ എപ്പിസ്കോപ്പ കാർമികത്വം വഹിക്കും.
പാച്ചോർനേർച്ച വിളമ്പോടുകൂടി പെരുന്നാൾ സമാപിക്കും. എല്ലാ ദിവസങ്ങളിലും 6.30ന് പ്രഭാതനമസ്കാരവും വിശുദ്ധ കുർബാനയെത്തുടർന്ന് മധ്യസ്ഥ പ്രാർഥനയും ഉണ്ടാകും.
കുന്പഴ സെന്റ് മേരീസ് കത്തോലിക്കാ പള്ളിയിൽ
കുന്പഴ: സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ എട്ടുനോന്പാചരണത്തിനും തിരുനാളിനും കൊടിയേറി. വികാരി ഫാ. സജി മാടമണ്ണിൽ കൊടിയേറ്റ് നിർവഹിച്ചു. ഇന്നു മുതൽ വൈകുന്നേരം 4.30ന് ജപമാല, വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന എന്നിവ ഉണ്ടാകും.
ഫാ. കുര്യാക്കോസ് കൂത്തനേത്ത്, ഫാ. ജോർജ് കുളത്തുംകരോട്ട്, ഫാ. വർഗീസ് തയ്യിൽ, ഫാ. തോമസ് നെടുമാംകുഴി എന്നിവർ വിവിധ ദിവസങ്ങളിൽ കുർബാനയ്ക്ക് കാർമികരാകും.
ഏഴിനു വൈകുന്നേരം കുർബാനയെത്തുടർന്ന് ജപമാല പ്രദക്ഷിണം. എട്ടിനു വൈകുന്നേരം അഞ്ചിന് കുർബാനയ്ക്ക് ബിഷപ് യൂഹാനോൻ മാർ ക്രിസോസ്റ്റം കാർമികത്വം വഹിക്കും. ആശിർവാദം, നേർച്ചവിളന്പ് എന്നിവയോടെ സമാപിക്കും.