ജസ്റ്റീസ് പി.ഡി. രാജന്റെ വിയോഗം ജന്മനാടിന് ദുഃഖമായി
1588621
Tuesday, September 2, 2025 3:02 AM IST
കോഴഞ്ചേരി: കര്‍ഷക തൊഴിലാളി കുടുംബത്തില്‍ ജനിച്ച് കഠിനാധ്വാനത്തിലൂടെ ജുഡീഷറിയുടെ ഏറ്റവും വലിയ സ്ഥാനത്തെത്തിയ വ്യക്തിയായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച റിട്ട. ജസ്റ്റീസ് പി.ഡി. രാജൻ.
ആറന്മുള ഗ്രാമ പഞ്ചായത്തിലെ ഇടയാറന്മുള പന്നിപ്പുഴയില് ദിവാകരന് - ജാനകി ദമ്പതികളുടെ അഞ്ചുമക്കളില്‍ മൂത്ത മകനായി 1957 ല്‍ജനിച്ച രാജന് പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോഴഞ്ചേരി സെന്റ് തോമസ് കോളജില്‍ നിന്നും ധനതത്വ ശാസ്ത്രത്തില്‍ ബിരുദം സമ്പാദിച്ചതിനു ശേഷം കാലിക്കട്ട് സര്‍വകലാശാലയില്‍ നിന്നും നിയമ ബിരുദവും തുടര്‍ന്ന് എംജി സര്‍വകലാശാലയില്‍ നിന്ന് എല്‍എല്‍എമ്മും നേടി.
പത്തനംതിട്ടയിലെ പ്രമുഖ അഭിഭാഷകനായിരുന്ന കെ. വി. ശിവന്‍പിള്ളയുടെ ജൂണിയറായി 1987 ല്‍ അഭിഭാഷക വൃത്തി ആരംഭിച്ചു. അഭിഭാഷക വൃത്തിയോടൊപ്പം ഇടതുപക്ഷ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന രാജന് 1991 ലെ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ കോയിപ്രം ഡിവിഷനില്‍ നിന്നും സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിക്കുകയും ചെയ്തു.
അഭിഭാഷകനായും ജില്ലാ കൗണ്‍സില്‍ അംഗമായും പൊതു രംഗത്ത് സജീവമായിരുന്ന രാജന് 1995 ല്‍ ജില്ലാ ജഡ്ജിയുടെ റാങ്കില്‍ ആലപ്പുഴ എംഎസിറ്റി ജഡ്ജിയായാണ് ജുഡീഷറി സര്‍വീസ് ആരംഭിക്കുന്നത്. തുടര്‍ന്ന് നിയമസഭാ സെക്രട്ടറി , കൊല്ലം ജില്ലാ സെഷന്‍സ് ജഡ്ജി, 2013ല്‍ ഹൈക്കോടതി ജഡ്ജിയാകുകയും 2020 ല്‍ വിരമിക്കുകയും ചെയ്തു. പുല്ലാട് സ്വദേശിയായ ഡോ. കെ. വത്സല കുമാരിയാണ് ഭാര്യ. ഡോ. ആർ. ഇന്ദുശേഖര്‍, ആര്. ലക്ഷ്മി നായര്‍ എന്നിവര്‍ മക്കളാണ്.
മരിക്കുന്നതിനു തലേ ദിവസമായ കഴിഞ്ഞ ശനിയാഴ്ച ആറന്മുള ഗ്രാമപഞ്ചായത്തിലെ പള്ളിയോടങ്ങള്‍ക്കുള്ള പഞ്ചായത്തിന്റെ ഗ്രാന്റ് വിതരണം ഉദ്ഘാടനം നടത്തിയതും പി.ഡി. രാജനായിരുന്നു. അദ്ദേഹം പങ്കെടുത്ത അവസാനത്തെ പൊതു പരിപാടി തന്റെ സ്വന്തം ഗ്രാമത്തിലായിരുന്നുവെന്നതും പ്രത്യേകതയായിരുന്നു.
ആറന്മുള ഗ്രാമപഞ്ചായത്തിലെ ജനങ്ങളുമായി നല്ല സൗഹൃദം പുലര്‍ത്തിയിരുന്ന പി. ഡി. രാജന്റെ ആകസ്മിക മരണം പ്രദേശവാസികളെയും ദുഃഖത്തിലാഴ്ത്തി.